ഏപ്രില്‍ 17 മുതല്‍ 23 വരെ ആലപ്പുഴ ബീച്ചില്‍ എന്റെ കേരളം പ്രദര്‍ശന വിപണന മേള

post

രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള എന്റെ കേരളം പ്രദര്‍ശന- വിപണന മേള ജില്ലയിൽ ഏപ്രില്‍ 17 മുതല്‍ 23 വരെ ആലപ്പുഴ ബീച്ചില്‍ നടക്കും.  യുവതയുടെ കേരളം, കേരളം ഒന്നാമത് എന്ന വിഷയങ്ങളെ ആസ്പദമാക്കിയാണ് മേള ആവിഷ്‌കരിച്ചിരിക്കുന്നത്. കഴിഞ്ഞ രണ്ടു വര്‍ഷക്കാലം വിവിധ വകുപ്പുകളും ഏജന്‍സികളും മുഖേന വികസന-ക്ഷേമ മേഖലകളില്‍ സര്‍ക്കാര്‍ നടപ്പാക്കിയ പ്രവര്‍ത്തനങ്ങളുടെ ആവിഷ്‌കാരം, ചെറുകിട വ്യവസായ സംരംഭങ്ങളുടെ ഉത്പന്ന പ്രദര്‍ശനം, വില്‍പ്പന, വിവിധ വകുപ്പുകളുടെ തത്സമയ സേവനങ്ങള്‍, സെമിനാറുകള്‍, പ്രശസ്ത കലാകാരന്മാരുടെ കലാവിരുന്നുകള്‍ തുടങ്ങിയവയാണ് പരിപാടികളുടെ ഭാഗമായി ക്രമീകരിച്ചിരിക്കുന്നത്. 200 സ്റ്റാളുകളാണ് എയര്‍ കണ്ടീഷന്‍ ചെയ്ത ഹാംഗറിനുള്ളില്‍ ഒരുക്കിയിരിക്കുന്നത്.

മേളയുടെ ഉദ്ഘാടനം ഏപ്രില്‍ 17ന് വൈകുന്നേരം നാലിന് ഫിഷറീസ് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്റെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ ജില്ലയുടെ ചുമതലയുള്ള കൃഷി മന്ത്രി പി. പ്രസാദ് നിര്‍വഹിക്കും. എം.പിമാരായ എ.എം. ആരിഫ്, കൊടിക്കുന്നില്‍ സുരേഷ് എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുക്കും. എം.എല്‍.എമാരായ എച്ച്. സലാം, പി.പി. ചിത്തരഞ്ജന്‍, രമേശ് ചെന്നിത്തല, യു. പ്രതിഭ, തോമസ് കെ. തോമസ്, ദലീമ ജോജോ, എം.എസ്. അരുണ്‍കുമാര്‍ തുടങ്ങിയവര്‍ സംസാരിക്കും.

വ്യവസായ വകുപ്പിന് കീഴിലെ എം.എസ്.എം.ഇ. യൂണിറ്റുകള്‍, കുടുംബശ്രീ, സര്‍ക്കാര്‍ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന സ്വയം തൊഴില്‍ സംരംഭങ്ങള്‍ എന്നിവര്‍ അണിനിരക്കുന്ന വിപണനമേള, ബി ടു ബി മീറ്റ്, പ്രൊജക്ട് റിപ്പോര്‍ട്ടുകള്‍ തയാറാക്കുന്നതിനും ധനസഹായത്തിന് വഴി കാട്ടുന്നതിനുമുള്ള ക്ലിനിക്കുകള്‍, ടെക്‌നോളജി പ്രദര്‍ശനം, ചര്‍ച്ചാവേദി, ഭക്ഷ്യമേള, തത്സമയ മത്സരങ്ങള്‍ എന്നിവയും മേളയില്‍ ഉണ്ടായിരിക്കും.

മേളയിലെ അക്ഷയ കേന്ദ്രം സ്റ്റാളിൽ ആധാർ ഉൾപ്പെടെയുള്ള സേവനങ്ങൾ സൗജന്യമായി ലഭ്യമാകും. പൊലീസ്, കൃഷി, വ്യവസായം എന്നിവയുടെ പവലിയനുകള്‍ മേളയുടെ മാറ്റ് കൂട്ടും. എല്ലാ ദിവസവും വൈകുന്നേരം 6.30-ന് ശ്രദ്ധേയരായ കലാകാരന്മാര്‍ അവതരിപ്പിക്കുന്ന കലാപരിപാടികള്‍ അരങ്ങേറും. എല്ലാ ദിവസവും വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ രാവിലെയും ഉച്ചക്കുമായി സെമിനാറുകളും ബോധവത്കരണ പരിപാടികളും നടക്കും.

ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ഏകോപനത്തില്‍ കിഫ്ബിയുടെ പങ്കാളിത്തത്തോടെ ജില്ല ഭരണകൂടവും സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍, മിഷനുകള്‍, ബോര്‍ഡുകള്‍, കോര്‍പ്പറേഷനുകള്‍ എന്നിവയും ചേര്‍ന്നാണ് പ്രദര്‍ശനം ഒരുക്കുന്നത്. സര്‍ക്കാര്‍ വകുപ്പുകളുടെയും ഏജന്‍സികളുടെയും തീം സ്റ്റാളുകള്‍, തത്സമയ സേവനം നല്‍കുന്ന സ്റ്റാളുകള്‍, വ്യവസായ- വാണിജ്യ വകുപ്പിന്റെ നേതൃത്വത്തിലുള്ള വിപണന സ്റ്റാളുകള്‍, കുടുംബശ്രീ ഏകോപിപ്പിക്കുന്ന ഫുഡ്കോര്‍ട്ട്, സമ്മേളനങ്ങള്‍ക്കും സെമിനാറുകള്‍ക്കും കലാപരിപാടികള്‍ക്കുമുള്ള വേദി എന്നിങ്ങനെയാണ് പ്രദര്‍ശന മേഖല വേര്‍തിരിച്ചിരിക്കുന്നത്.

ആധാര്‍ രജിസ്‌ട്രേഷന്‍, പുതുക്കല്‍ തുടങ്ങിയ സേവനങ്ങള്‍ തത്സമയം അക്ഷയയുടെ പവിലിയനില്‍ ലഭിക്കും. റേഷന്‍ കാര്‍ഡ് സംബന്ധമായ പ്രശ്‌നങ്ങള്‍ ഭക്ഷ്യവകുപ്പിന്റെ സ്റ്റാളില്‍ പരിഹരിക്കാം. റവന്യൂ സംബന്ധമായ സേവനങ്ങളുമായാണ് റവന്യൂ വകുപ്പിന്റെ സ്റ്റാള്‍. മാലിന്യ സംസ്‌കരണത്തിലെ പുതിയ മാതൃകകള്‍ ശുചിത്വ മിഷന്‍ അവതരിപ്പിക്കും. യുവജനങ്ങള്‍ക്കായി സേവനം, വിദ്യാഭ്യാസം, തൊഴില്‍ എന്നീ മൂന്ന് വിഭാഗങ്ങളിലായി സ്റ്റാളുകളൊരുക്കും. സ്റ്റാര്‍ട്ടപ്പ് മിഷന്‍, തൊഴില്‍ - എംപ്ലോയ്‌മെന്റ് വകുപ്പുകള്‍, പൊതുവിദ്യാഭ്യാസം, സാങ്കേതിക വിദ്യാഭ്യാസം, അസാപ് തുടങ്ങിയവയുടെ സ്റ്റാളുകളും ഈ വിഭാഗത്തിലുണ്ടാകും. ഊര്‍ജമേഖലയുമായി ബന്ധപ്പെട്ട നൂതന മാതൃകകള്‍ അനര്‍ട്ടിന്റെയും എനര്‍ജി മാനേജ്‌മെന്റ് സെന്ററിന്റെയും സ്റ്റാളുകളില്‍ പ്രദര്‍ശിപ്പിക്കും. കിഫ്ബിയുടെ പ്രത്യേക പവിലിയനില്‍ കിഫ്ബി പദ്ധതികളുടെ അവതരണം നടക്കും.

സഹകരണം, മൃഗസംരക്ഷണം, ക്ഷീരവികസനം, സപ്ലൈകോ, എക്‌സൈസ്, ഫയര്‍ ആൻഡ് റെസ്‌ക്യൂ, കെ.എസ്.ഐ.ഡി.സി, കിന്‍ഫ്ര, മോട്ടോര്‍ വെഹിക്കിള്‍, പൊതുമരാമത്ത്, രജിസ്‌ട്രേഷന്‍, സോഷ്യല്‍ ജസ്റ്റിസ്, വനിത ശിശുക്ഷേമം, സാമൂഹ്യനീതി, പട്ടികജാതി, പട്ടികവര്‍ഗം, കയര്‍, ലീഗല്‍ മെട്രോളജി, ഹോമിയോ, വനം, ഫിഷറീസ് തുടങ്ങിയ വകുപ്പുകളും പ്രദര്‍ശനത്തില്‍ പങ്കെടുക്കും. കൃഷി, വനം, പൊലീസ് വകുപ്പുകളുടെ ഔട്ട് ഡോര്‍ ഡിസ്‌പ്ലെ സോണുകളും സജ്ജമാക്കുന്നുണ്ട്. പൊലീസിന്റെ ആഭിമുഖ്യത്തില്‍ ഡോഗ് ഷോ, വാഹന പ്രദര്‍ശനം, സ്വയംരക്ഷാ പരിശീലന പ്രദര്‍ശനം എന്നിവയും പ്രദര്‍ശന നഗരിയില്‍ അരങ്ങേറും. തീം വിഭാഗത്തിലും വില്‍പ്പന വിഭാഗത്തിലും മികച്ച മൂന്നു സ്റ്റാളുകള്‍ക്ക് 23ന് വൈകിട്ട് നടക്കുന്ന സമാപന സമ്മേളനത്തില്‍ സമ്മാനം നല്‍കും മേളയിലേക്കുള്ള പ്രവേശനം സൗജന്യമാണ്.

മേളയുടെ ഉദ്ഘാടനത്തിന് മുന്നോടിയായി ഏപ്രിൽ 17ന് മൂന്നുമണിക്ക് സാംസ്കാരിക ഘോഷയാത്ര സംഘടിപ്പിക്കും. എൽ എസ് ജി ഡി യുടെയും വിവിധ വകുപ്പുകളുടെയും ആഭിമുഖ്യത്തിൽ നടക്കുന്ന ഘോഷയാത്രയിൽ ജില്ലയിലെ എംപിമാർ എംഎൽഎമാർ ജനപ്രതിനിധികൾ ജില്ലാ കളക്ടർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും. കലക്ടറേറ്റിൽ നിന്നും ആരംഭിക്കുന്ന ഘോഷയാത്ര ഉദ്ഘാടന വേദിയിൽ സമാപിക്കും. മേളയുടെ മികച്ച കവറേജിന് പുരസ്കാരം നൽകും.