'നവകേരളം വൃത്തിയുള്ള കേരളം' ക്യാമ്പയിന് തുടക്കമായി

post

സംസ്ഥാന സര്‍ക്കാരിന്റെ 'നവകേരളം വൃത്തിയുള്ള കേരളം ക്യാമ്പയിന്റെ ആദ്യഘട്ട പ്രവര്‍ത്തനത്തിന് കണ്ണൂർ ജില്ലയില്‍ തുടക്കമായി. മാലിന്യമുക്ത കേരളമെന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് സര്‍ക്കാര്‍ ക്യാമ്പയിന്‍ ആരംഭിച്ചത്. വീടുകളിലും സ്ഥാപനങ്ങളിലുമുള്ള മുഴുവന്‍ മാലിന്യവും ജൂണ്‍ അഞ്ചിനകം ജൈവം, അജൈവം എന്നിങ്ങനെ തരംതിരിക്കും. തുടര്‍ന്ന് ഇവ കൃത്യമായി നിര്‍മാര്‍ജനം ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കുകയും മാലിന്യമുക്ത പൊതുയിടങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും.

ഇതിന്റെ ഭാഗമായി റിസോഴ്സ് പേഴ്സന്‍മാര്‍ക്ക് പരിശീലനം നല്‍കും. ഏപ്രില്‍ 22ന് രാവിലെ 10 മണിക്ക് ഡി പി സി ഹാളില്‍ തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷര്‍ പങ്കെടുക്കുന്ന ആലോചന യോഗം നടക്കും. 24ന് രാവിലെ 10 മണിക്ക് ജില്ലാ പഞ്ചായത്ത് ഹാളില്‍ തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍, അസി. സെക്രട്ടറിമാര്‍, നോഡല്‍ ഓഫീസര്‍, ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷര്‍ തുടങ്ങിയവര്‍ക്കായി ക്യാമ്പയിനെക്കുറിച്ച് വിശദീകരിക്കും. വ്യാപാരി, വ്യവസായി, കെട്ടിട ഉടമകള്‍ തുടങ്ങിയവരുടെ യോഗം ജില്ലാ കലക്ടര്‍ വിളിച്ചു ചേര്‍ക്കും.