പുതമണ്‍ പാലത്തിന് സമാന്തരമായി താല്‍ക്കാലിക പാലം നിര്‍മിക്കുന്നതിന് പ്രത്യേക അനുമതി

post

റാന്നി കോഴഞ്ചേരി റോഡില്‍ അപകടാവസ്ഥയിലായ പുതമണ്‍ പാലത്തിന് സമാന്തരമായി താല്‍ക്കാലിക പാലം നിര്‍മിക്കുന്നതിന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ പ്രത്യേക അനുമതി നല്‍കിയതായി അഡ്വ. പ്രമോദ് നാരായണന്‍ എംഎല്‍എ അറിയിച്ചു. 30.8 ലക്ഷം രൂപ ചെലവിൽ താല്‍ക്കാലിക പാലം നിര്‍മിക്കുന്നതിനുള്ള പ്രത്യേക അനുമതിയാണ് ലഭിച്ചത്. വകുപ്പ് തല നടപടിക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി പാലം നിര്‍മാണം കാലതാമസം കൂടാതെ ആരംഭിക്കാൻ പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി.

പഴയ പാലം അപകടാവസ്ഥയിലായി ഗതാഗതം നിര്‍ത്തിവച്ചതിനെത്തുടര്‍ന്ന് യാത്രക്കാര്‍ ഏറെ ദുരിതം നേരിട്ട് വരികയായിരുന്നു. ഈ വിഷയം എംഎല്‍എ സബ്മിഷനിലൂടെ സര്‍ക്കാരിന്റെയും നിയമസഭയുടെയും ശ്രദ്ധയില്‍ കൊണ്ടുവന്നതിനെ തുടര്‍ന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പുതമണ്ണില്‍ താല്‍ക്കാലിക പാലം നിര്‍മിക്കുന്നതിന് പദ്ധതി തയാറാക്കുവാന്‍ പിഡബ്ല്യുഡി പാലം വിഭാഗത്തിന് നിര്‍ദേശം നൽകി. എന്നാൽ താല്‍ക്കാലിക പാലങ്ങള്‍ക്ക് അനുമതി നല്‍കുന്നതിലുള്ള സാങ്കേതിക - നിയമ തടസങ്ങള്‍ ഉണ്ടാകുകയും സാമ്പത്തിക വര്‍ഷ അവസാനമായതിനാല്‍ ആവശ്യമായ തുക കണ്ടെത്താന്‍ കഴിയാതെ വരികയും ചെയ്തതിനാല്‍ പാലത്തിനുള്ള അനുമതി ലഭിക്കാതെ പോവുകയായിരുന്നു. പ്രദേശത്തെ ജനങ്ങളുടെയും ശബരിമല തീര്‍ഥാടകര്‍ അടക്കമുള്ള യാത്രികരുടെയും ദുരിതവും ബുദ്ധിമുട്ടുകളും ബോധ്യപ്പെട്ടതിനെ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം.