ചുമട്ടു തൊഴിലാളി നിയമഭേദഗതി വരുത്തും: മന്ത്രി വി.ശിവൻകുട്ടി

post

അടുത്ത നിയമസഭ സമ്മേളനത്തിൽ തൊഴിലാളികൾക്ക് ഗുണകരമാകുന്ന തരത്തിൽ ചുമട്ടുതൊഴിൽ മേഖലയിൽ നിയമഭേദഗതി വരുത്തുമെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ തൊഴിലും നൈപുണ്യവും വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ആന്റ് എംപ്ലോയ്മെന്റ് (കിലെ), ചുമട്ടു തൊഴിലാളികൾക്ക് സംഘടിപ്പിക്കുന്ന ത്രിദിന 'സമഗ്ര സെർട്ടിഫൈഡ് വൈദഗ്ധ്യ പരിശീലനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഒരു കാലഘട്ടത്തിൽ അസംഘടിതരായിരുന്ന ചുമട്ടു തൊഴിലാളികളുടെ തൊഴിൽ ക്രമീകരിക്കുന്നതിനും ക്ഷേമ പരിരക്ഷ ലഭ്യമാക്കുന്നതിനായി നിയമമുണ്ടാക്കി മാതൃക സൃഷ്ടിച്ചത് കേരളമാണ്. രാജ്യത്തെന്നല്ല ലോകത്തു തന്നെ ഇത്തരത്തിലുള്ള ആദ്യ നിയമമാണിത്.എന്നാൽ നിലവിൽ ചുമട്ടു തൊഴിലാളികളുടെ തൊഴിൽ വൈദഗ്ദ്യം ചോദ്യം ചെയ്യപ്പെടുകയും മതിയായ സ്‌കിൽ ഇല്ല എന്ന് പറഞ്ഞു പല ജോലിയിൽ നിന്നും മാറ്റി നിർത്തുന്ന അവസ്ഥയുമാണുള്ളത്.

കേരളത്തിലെ തൊഴിൽ മന്ത്രാലയം എന്നും തൊഴിലാളികളോടൊപ്പമാണെന്നും, ലോകവും നാടും എല്ലാ രീതിയിലും മാറുമ്പോൾ തർക്കങ്ങളിലല്ല, മാറ്റത്തിലേക്കാണ് നമ്മളും ചുവട് വയ്‌ക്കേണ്ടത് എന്നും അദ്ദേഹം പറഞ്ഞു. വ്യക്തിത്വ നൈപുണ്യ വികസനത്തിനുവേണ്ടി ക്ലാസ്സ് റൂമിന് പുറമേ ഇൻഡസ്ട്രിയൽ വിസിറ്റുംകൂടി സംഘടിപ്പിച്ച് വളരെ സാങ്കേതികമായി പരിശീലനം സംഘടിപ്പിച്ചതിന് കിലെയെ മന്ത്രി അഭിനന്ദിച്ചു.

നോർമൽ ഗുഡ്‌സ്, എഫ്.എം.സി.ജി ഗുഡ്‌സ്, പെരിഷബിൾ ഗുഡ്‌സ്, ഓട്ടോമോട്ടീവ് ഗുഡ്‌സ്, ബൾക്ക് കാർഗോ, ഹസാർഡസ് ഗുഡ്‌സ് എന്നിങ്ങനെ ഓരോ തരത്തിലുള്ള ചരക്കുകളും കൈകാര്യം ചെയ്യുന്നതിനുള്ള നൈപുണ്യം ചുമട്ടു തൊഴിലാളി വിഭാഗം സ്വായത്തമാക്കുന്ന രീതിയിലുള്ള പരിശീലനമാണ് നൽകുന്നത്. വ്യക്തിത്വ വികസനത്തിനും നൈപുണ്യ വികസനത്തിനും ഒരു പോലെ പ്രാധാന്യം നൽകുന്നതിനാൽ ഒരു ക്ലാസ്സ്റൂം പരിശീലനം എന്നതിലുപരി പരിശീലനാർത്ഥികളെ തൊഴിലിടങ്ങളിൽ നേരിട്ടു എത്തിച്ചു പരിശീലനം നൽകുകയും ചെയ്യുന്നുണ്ട്. പരിശീലനം പൂർത്തീകരിച്ചു കഴിഞ്ഞാൽ 'സ്‌കിൽ ഇന്ത്യ മിഷന്റെ എംപാനൽഡ് ബോഡി നേരിട്ടെത്തി അസ്സെസ്സ്‌മെന്റ് നടത്തി സർട്ടിഫിക്കറ്റ് നൽകുന്നതാണ്.

ആദ്യ ഘട്ടത്തിൽ 1000 തൊഴിലാളികൾക്കാണ് പ്രസ്തുതപരിശീലനം വിഭാവനം ചെയ്യുന്നത്. ഇതിന്റെ തുടർച്ചയായി നഗര പ്രദേശങ്ങൾ കേന്ദ്രീകരിച്ചു 'packers and movers' രീതിയിൽ ഷിഫ്റ്റിംഗ് തൊഴിലിൽ ഏർപ്പെടുന്ന ഒരു വിഭാഗത്തെ രൂപീകരിക്കാനും തൊഴിലാളികളെ പരിശീലിപ്പിക്കുന്നുണ്ട്. ഇതിനായി ചുമട്ടു തൊഴിലാളികളിൽ നിന്നും 45 വയസ്സിനു താഴെ പ്രായം ഉള്ളതും ഇതേ ജോലിയിൽ ആഭിമുഖ്യവും ഉള്ളവരെ തിരഞ്ഞെടുത്തു പരിശീലനം നൽകും. ഇത്തരത്തിൽ ചുമട്ടു തൊഴിൽ മേഖലയിൽ നൂതന പരിശീലനങ്ങൾ നൽകി ഈ വിഭാഗത്തിന്റെ തൊഴിൽ പ്രസക്തി വർധിപ്പിക്കാനാണ് കിലെ ലക്ഷ്യമിടുന്നത്.