സംസ്ഥാനത്ത് പൊതുശൗചാലയങ്ങള്‍ സ്ത്രീസൗഹൃദമാക്കണം: വനിതാ കമ്മീഷന്‍

post

തൃശൂര്‍: സംസ്ഥാനത്തെ ദേശീയപാത കടന്ന് പോകുന്ന പ്രധാന കേന്ദ്രങ്ങളില്‍ ആവശ്യത്തിന് പൊതു മൂത്രപ്പുരകളും കക്കൂസുകളും നിര്‍മ്മിക്കണമെന്ന് വനിതാ കമ്മീഷന്‍. ദീര്‍ഘദൂരയാത്ര ചെയ്യേണ്ടിവരുന്ന സ്ത്രീകള്‍ക്ക് ഹോട്ടലുകളേയും പെട്രോള്‍ പമ്പുകളേയുമാണ് പ്രാഥമിക ആവശ്യങ്ങള്‍ക്കായി ആശ്രയിക്കേണ്ടിവരുന്നത്. ഇവയൊന്നുംതന്നെ സ്ത്രീ സൗഹൃദമോ വൃത്തിയുളളതോ അല്ലെന്നതാണ് വാസ്തവം. പലപ്പോഴും സ്ത്രീകളുടെ സ്വകാര്യത പോലും മാനിക്കപ്പെടാത്ത വിധമാണ് പൊതുശൗചാലയങ്ങളുടെ നിര്‍മ്മിതി. ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളാണ് ഇത് മൂലം വനിതകള്‍ക്കുണ്ടാകുന്നതെന്നും ഇക്കാര്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ എം സി ജോസഫൈന്‍ പറഞ്ഞു. തൃശൂരില്‍ നടന്ന സിറ്റിങ്ങിന് ശേഷം സംസാരിക്കുകയായിരുന്നു അവര്‍. പലപ്പോഴും സ്ത്രീകളുടെ ടോയ്‌ലെറ്റുകള്‍ പുരുഷന്‍മാര്‍ ഉപയോഗിക്കുന്ന സ്ഥിതിയാണ് പല പെട്രോള്‍ പമ്പുകളിലും പൊതു ഇടങ്ങളിലും കണ്ട് വരുന്നത്. ഈ സ്ഥിതി മാറേണ്ടതുണ്ട്.

നിലവിലെ ആറ് ടോയ്‌ലെറ്റുകള്‍ അകാരണമായി പൂട്ടിയിട്ട കാഞ്ഞാണി മഗ്യാര്‍ പ്ലാസയുടമയോട് അവ അടിയന്തിരമായി തുറന്ന് നല്‍കാന്‍ കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി. മുപ്പതിലേറെ കടമുറികളുളള മഗ്യാര്‍ പ്ലാസയിലെ ടോയ്‌ലെറ്റുകള്‍ കടയുടമ പൂട്ടിയെന്ന് കാണിച്ച് കമ്മീഷന് ഇരുപത്തിയഞ്ചിലേറെ സ്ത്രീകള്‍ നല്‍കിയ കൂട്ടപരാതി പരിഗണിച്ചാണ് കമ്മീഷന്റെ നിര്‍ദ്ദേശം. മണലൂര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഇക്കാര്യത്തില്‍ ഇടപെട്ട് ടോയ്‌ലെറ്റുകള്‍ തുറന്ന് നല്‍കിയതിന് ശേഷം ഡിസംബര്‍ 12 ന്റെ അടുത്ത സിറ്റിങ്ങില്‍ റിപ്പോര്‍ട്ട് നല്‍കണമെന്നും സെക്രട്ടറിയും കടയുടമയും അന്ന് നേരിട്ട് ഹാജാരകണമെന്നും കമ്മീഷന്‍ ഉത്തരവിട്ടു.