റാന്നി താലൂക്ക്തല അദാലത്ത്: അപേക്ഷ സമര്‍പ്പിച്ച 11 പേര്‍ക്കും ബി.പി.എല്‍ കാര്‍ഡ്

post

സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികവുമായി ബന്ധപ്പെട്ട് പത്തനംതിട്ടയിലെ റാന്നിയിൽ നടന്ന 'കരുതലും കൈത്താങ്ങും' താലൂക്ക് തല പരാതി പരിഹാര അദാലത്തില്‍ ആദ്യ പരിഹാരം റേഷന്‍ കാര്‍ഡ് വിഭാഗം ബി.പി.എല്ലിലേക്ക് മാറ്റുന്നതിനായി അപേക്ഷ സമര്‍പ്പിച്ച 11 പേര്‍ക്ക്. നാറാണംമൂഴി പഞ്ചായത്തിലെ വിജയകുമാരി, സാലമ്മ തമ്പി കുരുവിള, എം.കെ. രാധാമണി, റാന്നി പഴവങ്ങാടി പഞ്ചായത്തിലെ സാലി മോന്‍സി, സി.ജി. സുജാമോള്‍, സൂസമ്മ സജി, വടശേരിക്കര പഞ്ചായത്തിലെ ബീനമോള്‍, റാന്നി പെരുനാട് പഞ്ചായത്തിലെ കെ.എസ്. യശോധരന്‍, റാന്നി പഞ്ചായത്തിലെ സി.എസ്. രത്നമ്മ, വെച്ചൂച്ചിറ പഞ്ചായത്തിലെ ഡെയ്സി ബാബു, സുമതിക്കുട്ടിയമ്മ എന്നിവര്‍ക്കാണ് ബിപിഎല്‍ കാര്‍ഡ് വിതരണം ചെയ്തത്.

ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെയും ഭക്ഷ്യവകുപ്പ് മന്ത്രി ജി.ആര്‍. അനിലിന്റെയും നേതൃത്വത്തിലാണ് റാന്നി താലൂക്കിലെ പരാതി പരിഹാര അദാലത്ത് നടന്നത്. ഏപ്രില്‍ ഒന്ന് മുതല്‍ ഓണ്‍ലൈനായും, അക്ഷയ കേന്ദ്രങ്ങളിലൂടെയും, താലൂക്ക് ഓഫീസുകള്‍ മുഖേനയും പൊതുജനങ്ങള്‍ സമര്‍പ്പിച്ച പരാതികളാണ് അദാലത്തില്‍ പരിഗണിച്ചത്. ബിപിഎല്‍ റേഷന്‍ കാര്‍ഡിനായി സമര്‍പ്പിച്ച അപേക്ഷകള്‍ ചുരുങ്ങിയ ദിവസത്തിനുള്ളില്‍ പരിശോധിച്ച് വകുപ്പുതലത്തില്‍ വേണ്ട നടപടികള്‍ സ്വീകരിച്ചിരുന്നു.

നടപടികളില്‍ വീഴ്ച; ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി 

റാന്നി പഴവങ്ങാടി സ്വദേശി വി.എ ഏബ്രഹാമിന് നീതി നിഷേധിക്കപ്പെട്ട സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി വീണാജോര്‍ജ്. കരുതലും കൈത്താങ്ങും റാന്നി താലൂക്ക് തല അദാലത്തില്‍ വി.എ ഏബ്രഹാമിന്റെ പരാതി പരിഗണിക്കവേയാണ് സംഭവത്തില്‍ ഉദ്യോഗസ്ഥരുടെ വീഴ്ച കണ്ടെത്തിയതിനെ തുടര്‍ന്ന് അന്വേഷണത്തിന് ഉത്തരവിട്ടത്.

തടിമില്ല് വ്യാപാരിയായ വി.എ ഏബ്രഹാം പുനലൂര്‍-മൂവാറ്റുപുഴ റോഡ് വികസനത്തിനായി സ്ഥലം വിട്ട് നല്‍കുകയും അദ്ദേഹത്തിന്റെ കെട്ടിടം പൊളിച്ചുമാറ്റുകയും ചെയ്തിരുന്നു. പൊളിച്ച് മാറ്റിയ കെട്ടിടത്തിന് പകരം മറ്റൊരു സ്ഥലത്ത് ഏബ്രഹാം പുതിയ കെട്ടിടം നിര്‍മിച്ചു. എന്നാല്‍, പുതുതായി നിര്‍മിച്ച കെട്ടിടത്തിന് കെട്ടിടനമ്പര്‍ നല്‍കാതെ പഞ്ചായത്ത് അധികൃതര്‍ വട്ടം ചുറ്റിക്കുകയായിരുന്നു. വ്യവസായമന്ത്രി പി.രാജീവിനെ പത്തനംതിട്ടയില്‍ നടന്ന മീറ്റ് ദ മിനിസ്റ്റര്‍ പരിപാടിയില്‍ കണ്ട് ഏബ്രഹാം തന്റെ ബുദ്ധിമുട്ട് അറിയിച്ചിരുന്നു. ഏബ്രഹാമിന്റെ പരാതി അന്ന് അനുഭാവപൂര്‍വം പരിഗണിച്ച മന്ത്രി എത്രയും വേഗത്തില്‍ കെട്ടിടനമ്പര്‍ നല്‍കാന്‍ പഞ്ചായത്ത് അധികൃതര്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. പക്ഷേ, മന്ത്രിയുടെ നിര്‍ദേശം ഉണ്ടായിട്ടും യാതൊരു നടപടികളും സ്വീകരിക്കാതെ പഞ്ചായത്ത് അധികൃതര്‍ ഏബ്രഹാമിനെ വീണ്ടും വട്ടം കറക്കി. ഇതേ തുടര്‍ന്ന് ഏബ്രഹാം കരുതലും കൈത്താങ്ങും താലൂക്ക് തല അദാലത്തിലെത്തി ഇക്കാര്യം ആരോഗ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു.

സാധാരണക്കാര്‍ക്ക് നീതി നിഷേധിക്കുന്ന ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തികള്‍ വച്ചുപൊറുപ്പിക്കില്ലെന്ന് പറഞ്ഞ ആരോഗ്യമന്ത്രി ഉദ്യോഗസ്ഥര്‍ക്ക് താക്കീത് നല്‍കുകയും അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പഞ്ചായത്ത് ജോയിന്റ് ഡയറക്ടറെ ചുമതലപ്പെടുത്തുകയും ചെയ്തു.

20 മിനിട്ടിനുള്ളില്‍ റേഷന്‍കാര്‍ഡും ലൈഫ്പദ്ധതിയിലുള്‍പ്പെടുത്തി വീടും; ജോയിയുടേയും കുടുംബത്തിന്റേയും ആകുലതയ്ക്ക് പരിഹാരം

റാന്നി താലൂക്ക് തല അദാലത്തിലെത്തിയ ജോയിക്കും കുടുംബത്തിനും ഭക്ഷ്യ മന്ത്രി ജി.ആര്‍. അനിലിന്റെ കരുതല്‍. സ്വന്തമായൊരു വീടും റേഷന്‍കാര്‍ഡും ഇതിനുള്ള മാര്‍ഗം തേടിയാണ് അന്‍പത് ശതമാനം മാനസികവൈകല്യം നേരിടുന്ന

ജോയി തങ്കപ്പന്‍ സഹോദരന്‍ സാബുവിനൊപ്പം അദാലത്തിലെത്തി മന്ത്രിയെ കണ്ടത്. ഇപ്പോള്‍ അയിരൂര്‍ പഞ്ചായത്തില്‍ താമസിക്കുന്ന ഇവര്‍ക്ക് റേഷന്‍ കാര്‍ഡ് നല്‍കണമെന്ന മന്ത്രിയുടെ ഉത്തരവ് വന്നതോടെ 20 മിനിട്ടിനുള്ളില്‍ ജോയിക്ക് ഉദ്യോഗസ്ഥര്‍ റേഷന്‍കാര്‍ഡ് നല്‍കുകയായിരുന്നു. ജോയിയുടെ മാനസികവൈകല്യം കണക്കിലെടുത്ത് സഹോദരന്‍ സാബുവിന്റെ പേരിലാണ് റേഷന്‍ കാര്‍ഡ് നല്‍കിയത്.

സ്വന്തമായി വീടില്ലാത്ത ജോയിയും ഹൃദ്രോഗിയായ സഹോദരന്‍ സാബുവും അദ്ദേഹത്തിന്റെ സ്‌കൂള്‍ വിദ്യാര്‍ത്ഥികളായ രണ്ടു പെണ്‍മക്കളുമടങ്ങുന്ന കുടുംബം 15 വര്‍ഷത്തോളമായി വാടകയ്ക്കാണ് താമസിക്കുന്നത്. നിലവിലുള്ള റേഷന്‍ കാര്‍ഡ് പത്ത് വര്‍ഷം മുന്‍പ് താമസിച്ച നാറാണംമൂഴി പഞ്ചായത്തില്‍ ഉള്‍പ്പെട്ടതായതിനാല്‍ ലൈഫ് പദ്ധതിയിലേക്ക് അപേക്ഷിക്കാനും കഴിയാത്ത അവസ്ഥയായിരുന്നു. ജോയിയുടെ പരാതി അനുഭാവപൂര്‍വം പരിഗണിച്ച മന്ത്രി എത്രയും വേഗം റേഷന്‍ കാര്‍ഡ് നല്‍കണമെന്ന് ജില്ലാ സിവില്‍ സപ്ലൈസ് ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കുകയായിരുന്നു. ലൈഫ് പദ്ധതിയില്‍ പ്രത്യേക പരിഗണന നല്‍കണമെന്നും മന്ത്രി ഉത്തരവിട്ടു.


അന്നമ്മയ്ക്ക് വീട്, ആരോഗ്യമന്ത്രിയുടെ സത്വര നടപടി

വിധവയായ അന്നമ്മയ്ക്ക് ഇനി സര്‍ക്കാരിന്റെ കരുതലില്‍ അന്തിയുറങ്ങാം. കരുതലും കൈത്താങ്ങും റാന്നി താലൂക്ക്തല അദാലത്തിലെത്തി അന്നമ്മ തന്റെ ദുരിതക്കഥ ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ അറിയിച്ചു. അന്നമ്മയുടെ അവസ്ഥ കേട്ട ആരോഗ്യമന്ത്രി ലൈഫ് പദ്ധതിയിലുള്‍പ്പെടുത്തി വീട് നല്‍കാന്‍ സത്വര നടപടി സ്വീകരിക്കുകയായിരുന്നു. വെച്ചൂച്ചിറ പഞ്ചായത്തില്‍ പതിനാലാം വാര്‍ഡിലാണ് അന്നമ്മ എഴുപത്തിയഞ്ചുകാരിയായ മാതാവിനൊപ്പം താമസിക്കുന്നത്. സ്വന്തമായി വീടില്ലാത്ത ഇവര്‍ ആകെയുള്ള ഭൂമിയില്‍ പടുത കെട്ടിയാണ് താമസിക്കുന്നത്. വീട് വയ്ക്കുന്നതിന് വേണ്ടി ലൈഫ് പദ്ധതിയില്‍ അപേക്ഷ സമര്‍പ്പിച്ചുവെങ്കിലും 226 ആണ് നമ്പര്‍. ഇക്കാര്യം അന്നമ്മ മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു. അപേക്ഷക വിധവയാണെന്നത് പരിഗണിച്ച് മാനദണ്ഡപ്രകാരം ലിസ്റ്റില്‍ മുന്‍ഗണന നല്‍കാന്‍ നടപടി സ്വീകരിക്കാന്‍ പഞ്ചായത്ത് പ്രസിഡന്റിനേയും ലൈഫ് മിഷന്‍ കോ- ഓര്‍ഡിനേറ്ററേയും ആരോഗ്യമന്ത്രി ചുമതലപ്പെടുത്തിയതോടെ നിറചിരിയോടെയാണ് അന്നമ്മ മടങ്ങിയത്.

പ്രകൃതി ക്ഷോഭത്തില്‍ വീട് തകര്‍ന്നു; നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്

മോതിരവയല്‍ സ്വദേശിയായ കെ.സുധാകരന്റെ പരാതിയില്‍ അടിയന്തിര നടപടിക്ക് ഉത്തരവിട്ട് ഭക്ഷ്യമന്ത്രി ജി.ആര്‍. അനില്‍. കരുതലും കൈത്താങ്ങും റാന്നി താലൂക്ക്തല അദാലത്തിലെത്തിയ സുധാകരന്‍ നിറകണ്ണുകളോടെയാണ് മന്ത്രിയോട് തന്റെ ദുരിതക്കഥ പറഞ്ഞത്. കഴിഞ്ഞ സെപ്റ്റംബറിലുണ്ടായ പ്രകൃതിക്ഷോഭത്തിലാണ് സുധാകരന്റെ വീട് നഷ്ടപ്പെട്ടത്. അന്ന് മുതല്‍ മേല്‍ക്കൂരയില്ലാത്ത വീട്ടിലാണ് സുധാകരനും കുടുംബവും താമസിക്കുന്നത്. 15 വര്‍ഷത്തോളമായി സന്ധിവാതരോഗബാധിതനായി ചികിത്സയിലായ സുധാകരന്‍ ഏറെ സാമ്പത്തിക പരാധീനത അനുഭവിക്കുന്ന വ്യക്തി കൂടിയാണ്. ഇദ്ദേഹത്തിന്റെ അപേക്ഷ പരിഗണിച്ച മന്ത്രി അടിയന്തിരമായി നഷ്ടപരിഹാരം നല്കാന്‍ ആര്‍ഡിഒയ്ക്ക് നിര്‍ദേശം നല്‍കുകയായിരുന്നു.