കുടുംബശ്രീ സംസ്ഥാന കലോത്സവം 'അരങ്ങ് 2023' തൃശ്ശൂരിൽ ആരംഭിച്ചു
'അരങ്ങ്' നൽകുന്നത് ചെറുത്തുനിൽപ്പിന്റെ സന്ദേശം: മന്ത്രി എം.ബി രാജേഷ്
കുടുംബശ്രീ സംസ്ഥാന കലോത്സവം 'അരങ്ങ് 2023- ഒരുമയുടെ പലമ' തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് തൃശ്ശൂരിൽ ഉദ്ഘാടനം ചെയ്‌തു. സാംസ്‌കാരിക വൈവിധ്യത്തെ സംരക്ഷിക്കാനുള്ള ചെറുത്തുനിൽപ്പിന്റെ സന്ദേശമാണ് അരങ്ങ് 2023ലൂടെ കുടുംബശ്രീ നൽകുന്നതെന്ന് മന്ത്രി പറഞ്ഞു. പലമയുടെ ആഘോഷമാണ് നമ്മുടെ നാടിന്റെ പ്രത്യേകത. ആ വൈവിധ്യത്തെ നിഷേധിച്ച് ഏകതാനതയിലേക്ക് നീങ്ങുന്ന കാലഘട്ടത്തിൽ ഒരുമയുടെ പലമ എന്ന ആശയം പോലും പ്രതിരോധത്തിന്റെ സന്ദേശമാണ് നൽകുന്നതെന്നും മന്ത്രി പറഞ്ഞു.
അടുക്കളയുടെ കരിയും പൊടിയും പിടിച്ച ഇടുങ്ങിയ ഭിത്തികൾ ഭേദിച്ച് ജീവിതത്തിന്റെ യഥാർത്ഥ അരങ്ങത്തേക്ക് എത്തിച്ച പെൺ കരുത്തിന്റെ മഹാപ്രസ്ഥാനമാണ് കുടുംബശ്രീ. ജീവിതത്തിന്റെ ഓരോ വഴിയിലും തന്റെ സർഗാത്മകമായ കഴിവുകൾ മറച്ചുവെച്ച ഒരുപാട് പ്രതിഭകളെ അരങ്ങിലെത്തിക്കാൻ കുടുംബശ്രീയക്ക് സാധിച്ചു. കലയെ തന്നെ ഉപജീവന ഭാഗമാക്കി മാറ്റാനാണ് കുടുംബശ്രീ ശ്രമിക്കുന്നത്. കലയെ സംരംഭമാക്കി വരുമാന മാർഗം ആക്കാനുള്ള സാധ്യത കൂടിയാണ് മൂന്ന് ദിവസത്തെ കലോത്സവം തുറന്നിടുന്നതെന്നും മന്ത്രി പറഞ്ഞു
റവന്യൂ വകുപ്പ് മന്ത്രി അഡ്വ. കെ രാജൻ അധ്യക്ഷത വഹിച്ചു. കേരളത്തിൽ ദരിദ്രരെ കണ്ടെത്തുന്നതിന് കുടുംബശ്രീ വലിയ പങ്കുവഹിച്ചിട്ടുണ്ട്. കേരളത്തിലെ എല്ലാ പ്രവർത്തനങ്ങൾക്കും ചുക്കാൻ പിടിക്കുന്ന റിമോട്ട് കൺട്രോൾ ആയി കുടുംബശ്രീ മാറി എന്നും മന്ത്രി കൂട്ടിച്ചേർത്തു.
ജില്ലയിലെ അയ്യായിരത്തോളം കുടുംബശ്രീ അംഗങ്ങൾ അണിനിരണ വർണ്ണാഭമായ ഘോഷയാത്ര തൃശ്ശൂർ റൂറൽ എസ്.പി ഐശ്വര്യ ഡോങ്‌റെ ഫ്ലാഗ് ഓഫ് ചെയ്തു. നടുവിലാലിൽ നിന്നാരംഭിച്ച് മുഹമ്മദ് അബ്ദുറഹ്മാൻ നഗർ ഇൻഡോർ സ്റ്റേഡിയത്തിൽ സമാപിച്ചു. വാദ്യഘോഷവും ശിങ്കാരി മേളവും പുലിക്കളിയും മോട്ടോർ ബൈക്ക് റാലിയും കേരളത്തിന്റെ സംസ്കാരം വിളിച്ചോതുന്ന കലകളുടെ വേഷപ്പകർച്ചയിട്ടുള്ള വനിതകളും,തെയ്യം,തിറ തുടങ്ങിയവ ഘോഷയാത്രയ്ക്ക് നവ്യാനുഭവം സൃഷ്ടിച്ചു.
ഗസൽ ഗായിക ഇംതിയാസ് ബീഗം മുഖ്യതിഥിയായി. ജൂൺ 2ന് നടന്ന മത്സരങ്ങളിൽ വിജയികളായവർക്കുള്ള സമ്മാന വിതരണം മന്ത്രി എം.ബി. രാജേഷ് നിർവഹിച്ചു. മികച്ച ലോഗോയ്ക്കുള്ള സമ്മാനം എ.സി മൊയ്തീൻ എം.എൽ.എ മതിലകം ബ്ലോക്കിലെ എം.എ. ശ്രീലക്ഷ്മിയ്ക്ക് നൽകി. എം.എൽ.എമാരായ മുരളി പെരുനെല്ലി, കെ.കെ രാമചന്ദ്രൻ, സേവ്യർ ചിറ്റിലപ്പിള്ളി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.