മാമ്പഴക്കാലം പദ്ധതിക്ക് തുടക്കമായി

post

വയനാട് ജില്ലയിലെ തരിയോട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ നാഷണല്‍ സര്‍വീസ് സ്‌കീം യൂണിറ്റ് നടപ്പിലാക്കുന്ന മാമ്പഴക്കാലം പദ്ധതിക്ക് തുടക്കമായി. തരിയോട് ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ ഷമീം പാറക്കണ്ടി ഉദ്ഘാടനം ചെയ്തു. ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഐക്യരാഷ്ട്ര സഭയുടെ ആഗോള പദ്ധതിയായ മിഷന്‍ ലൈഫുമായി ബന്ധപ്പെട്ട് സുസ്ഥിര ഭക്ഷ്യ വ്യവസ്ഥ എന്ന ആശയം പ്രാവര്‍ത്തികമാക്കാന്‍ ലക്ഷ്യമിട്ട് കൊണ്ടുള്ള പദ്ധതിയാണ് മാമ്പഴക്കാലം. പദ്ധതിയുടെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ മാവിൻ തൈകള്‍ നട്ടു. പൊതുജനങ്ങള്‍ക്കും മാവിൻതൈകൾ വിതരണം ചെയ്യും

സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എസ്. ശ്രീകല അധ്യക്ഷത വഹിച്ചു. എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ ബി. അജിത്ത്, സ്റ്റാഫ് സെക്രട്ടറി മുഹമ്മദ് ബഷീര്‍, എന്‍.എസ്.എസ് വളണ്ടിയര്‍ ലീഡര്‍മാരായ അര്‍ജ്ജുന്‍ ശിവാനന്ദ്, എസ്. അളക തുടങ്ങിയവര്‍ നേതൃത്വം നല്‍കി.