ചെമ്മനാട് മാലിന്യ മുക്ത പഞ്ചായത്ത് എന്ന ലക്ഷ്യത്തിലേക്ക്

post

ഒരു വർഷത്തിനിടയിൽ ഹരിതകർമ സേന ശേഖരിച്ചത്  3,36,130 കിലോ മാലിന്യം

കാസർഗോഡ് ജില്ലയിലെ ചെമ്മനാട് ഗ്രാമ പഞ്ചായത്ത് സമ്പൂർണ്ണ മാലിന്യ സംസ്ക്കരണം ലക്ഷ്യമിട്ട് ആരംഭിച്ച 'നല്ല വീട്, നല്ല നാട്, ചേലോടെ ചെമനാട്' എന്ന മാലിന്യ മുക്ത പദ്ധതിയിലൂടെ ഹരിത കർമസേന കഴിഞ്ഞ ഒരു വർഷത്തിനിടയിൽ ശേഖരിച്ചത് 3,36,130 കിലോ മാലിന്യം. ഹരിത കർമ്മസേന വീടുകളിലും കടകളിലും ആറ് റൗണ്ട് പൂർത്തീകരിച്ചപ്പോൾ ലഭ്യമായ മാലിന്യങ്ങളാണിത്. അതിൽ കൂടുതലും പ്ലാസ്റ്റിക്ക് മാലിന്യങ്ങളാണ്.

2022 മെയ് മുതൽ 2023 ജൂൺ വരെ പഞ്ചായത്തിലെ 81% വീടുകളും 95% കടകളും സർക്കാർ നിശ്ചയിച്ച ഫീസ് നൽകി ഹരിത കർമ സേനയുമായി സഹകരിച്ചു. മുൻകാലങ്ങളിൽ റോഡ് സൈഡുകളിൽ വലിച്ചെറിയുന്നതും കത്തിച്ചു കളയുന്നതുമായ മാലിന്യങ്ങളാണ് ഇപ്പോൾ പഞ്ചായത്ത്‌ സ്വരൂപിച്ച് കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗ്രീൻ വോംസ് കമ്പനിക്ക് കൈമാറുന്നത്.

ചെമ്മനാട് പഞ്ചായത്തിനെ മാലിന്യ മുക്ത പഞ്ചായത്താക്കി മാറ്റുന്നതിന് ഘടകസ്ഥാപനങ്ങളിൽ സോക്പിറ്റ് പോലെയുള്ള മാലിന്യ സംസ്ക്കരണ സംവിധാനം ഒരുക്കുന്നുണ്ട്. പ്രധാനപെട്ട പാതയോരങ്ങളിൽ മാലിന്യം തള്ളുന്നത് പരിഹരിക്കാൻ സി.സി ടിവി ക്യാമറകളും സ്ഥാപിക്കും. ഹരിതകർമ സേനയുടെ സേവനം ഓരോ മാസവും ലഭ്യമാകുന്ന രീതിയിൽ പുനഃക്രമീകരിച്ചു. സർക്കാർ നിർദേശപ്രകാരം ഹരിത കർമസേനയുമായി സഹകരിക്കാത്തവർക്കെതിരെ നോട്ടീസ് നൽകുന്നുണ്ട്.

ആറ് റൗണ്ടിലൂടെ പൂർത്തീകരിച്ച കണക്കുകൾ:

ഒന്നാം റൗണ്ട്: സന്ദർശിച്ച വീടുകൾ- 12552, ശേഖരിച്ച മാലിന്യം- 89300, ലഭിച്ച യൂസർ ഫീസ്- 476020.

രണ്ടാം റൗണ്ട്: സന്ദർശിച്ച വീടുകൾ- 12619, ശേഖരിച്ച മാലിന്യം- 61140, ലഭിച്ച യൂസർ ഫീസ്- 521105.

മൂന്നാം റൗണ്ട്: സന്ദർശിച്ച വീടുകൾ- 13087, ശേഖരിച്ച മാലിന്യം- 41830, ലഭിച്ച യൂസർ ഫീസ്- 545185.

നാലാം റൗണ്ട്: സന്ദർശിച്ച വീടുകൾ- 12984,ശേഖരിച്ച മാലിന്യം- 74450, ലഭിച്ച യൂസർ ഫീസ്- 508405.

അഞ്ചാം റൗണ്ട്: സന്ദർശിച്ച വീടുകൾ- 13052, ശേഖരിച്ച മാലിന്യം- 31100, ലഭിച്ച യൂസർ ഫീസ്- 570240.

ആറാം റൗണ്ട്: സന്ദർശിച്ച വീടുകൾ- 13284, ശേഖരിച്ച മാലിന്യം-38310, ലഭിച്ച യൂസർ ഫീസ്- 549345.