മേഖലാതല അവലോകന യോഗങ്ങൾ സെപ്റ്റംബർ നാലു മുതൽ; മുഖ്യമന്ത്രിയും മന്ത്രിമാരും നേതൃത്വം നൽകും

post

മുഖ്യമന്ത്രി പിണറായി വിജയന്റെയും മന്ത്രിമാരുടേയും നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന മേഖലാതല അവലോകന യോഗങ്ങൾ സെപ്റ്റംബർ നാലിനു കോഴിക്കോട് ആരംഭിക്കും. ഭരണ നേട്ടങ്ങൾ ജനങ്ങൾക്കു കൂടുതൽ അനുഭവവേദ്യമാക്കുന്നതിനും സമയബന്ധിതമായി പദ്ധതി നിർവഹണം ഉറപ്പാക്കുന്നതിനും ജില്ലകളിലെ വിവിധ പ്രശ്നങ്ങൾക്കു പരിഹാരം കാണുന്നതിനുമായാണ് യോഗം സംഘടിപ്പിക്കുന്നത്. ഏഴിന് തൃശൂർ, 11ന് എറണാകുളം, 14ന് തിരുവനന്തപുരം എന്നിങ്ങനെയാണു മറ്റു മേഖലകളിലെ അവലോക യോഗങ്ങൾ.

അതിദാരിദ്ര്യം, നവകേരള മിഷൻ, പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങൾ, മാലിന്യമുക്ത കേരളം, ജില്ലയുമായി ബന്ധപ്പെട്ടു കളക്ടർമാർ കണ്ടെത്തുന്ന പ്രധാന പ്രശ്നങ്ങൾ എന്നിങ്ങനെ അഞ്ചു വിഭാഗങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഓരോ അവലോകന യോഗവും വിശദമായി പരിശോധിക്കും. ഓരോ വിഭാഗത്തിലും നടപ്പാക്കിയ പദ്ധതികളുടെ നിലവിലെ സ്ഥിതി, പരിപാലനം, പുരോഗമിക്കുന്ന പദ്ധതികൾ എന്നിവയാണു പ്രധാനമായും പരിശോധിക്കുക. ഈ അഞ്ചു വിഭാഗങ്ങളുമായും ബന്ധപ്പെട്ട് ഓരോ ജില്ലയും അഭിമുഖീകരിക്കുന്ന വിവിധ പ്രശ്നങ്ങൾ ബന്ധപ്പെട്ട ജില്ലാ കളക്ടർമാർ കണ്ടെത്തണം. ഇതിനായി ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി ശിൽപ്പശാല സംഘടിപ്പിക്കും.

ശിൽപ്പശാലയിൽ കണ്ടെത്തുന്ന വിഷയങ്ങളിൽ സർക്കാർ തലത്തിൽ തീരുമാനമെടുക്കേണ്ടവയും ജില്ലാതലത്തിൽ വിവിധ വകുപ്പുകളുടേയും ഏജൻസികളുടേയും ഏകോപനത്തിലൂടെ പരിഹരിക്കാവുന്നതുമായ വിഷയങ്ങൾ വേർതിരിച്ച് ഇതിനായി തയാറാക്കിയ സോഫ്റ്റ്‌വെയറിലൂടെ ജൂൺ 30നു മുൻപായി നൽകണമെന്ന് ഇതുമായി ബന്ധപ്പെട്ടു പുറപ്പെടുവിച്ച മാർഗരേഖയിൽ നിർദേശിച്ചു. ജില്ലയിൽ കളക്ടർമാർ ഇടപെട്ടു പരിഹരിക്കേണ്ട വിഷയങ്ങൾ ജില്ലാ കളക്ടർമാർ ബന്ധപ്പെട്ട വകുപ്പിലേയോ ഏജൻസിയിലേയോ ഉദ്യോഗസ്ഥരുമായി ചർച്ചചെയ്ത് അന്തിമ തീരുമാനമെടുക്കണം.

ജില്ലാ കളക്ടർമാർ കണ്ടെത്തി പോർട്ടലിലൂടെ സമർപ്പിക്കുന്ന വിഷയങ്ങൾ ആസൂത്രണ സാമ്പത്തികകാര്യ വകുപ്പ് സെക്രട്ടറി ബന്ധപ്പെട്ട വകുപ്പ് സെക്രട്ടറിക്കു കൈമാറണം. ഒന്നിലേറെ വകുപ്പുകളുമായി ബന്ധപ്പെട്ട വിഷയങ്ങളാണെങ്കിൽ ചീഫ് സെക്രട്ടറിയുമായി ചർച്ചചെയ്തു പ്രധാന വിഷയം കൈകാര്യം ചെയ്യുന്ന വകുപ്പു സെക്രട്ടറിക്കു കൈമാറുകയും അദ്ദേഹം മറ്റു വകുപ്പു സെക്രട്ടറിമാരിൽനിന്നു വിവരം ശേഖരിക്കുകയും ചെയ്യണം.

സെക്രട്ടറിമാർ ഓരോ വിഷയത്തിലും വ്യക്തമായ പരിശോധന നടത്തുകയും ഉചിതമായ തീരുമാനമെടുത്തു പ്രശ്നം പരിഹരിക്കപ്പെട്ടെന്ന് ഉറപ്പുവരുത്തുകയും ചെയ്യണം. അവലോകന യോഗത്തിൽ പരിഗണിക്കപ്പെടുന്ന വിഭാഗങ്ങളുമായി ബന്ധപ്പെട്ടു ജില്ലകളിൽ നടപ്പാക്കുന്ന പദ്ധതികൾ സംബന്ധിച്ച വിവരശേഖരണവും നേരിടുന്ന പ്രശ്നങ്ങളും കണ്ടെത്തേണ്ടതു വകുപ്പ് സെക്രട്ടറിമാരാണെന്നും ഇതു സംബന്ധിച്ചു പുറപ്പെടുവിച്ച മാർഗരേഖയിൽ പറയുന്നു.

കാസർഗോഡ്, കണ്ണൂർ, വയനാട്, കോഴിക്കോട് ജില്ലകളിലെ വിഷയങ്ങളാണു കോഴിക്കോട് മേഖലാ യോഗത്തിൽ പരിഗണിക്കുന്നത്. പാലക്കാട്, മലപ്പുറം, തൃശൂർ ജില്ലകളിലെ വിഷയങ്ങൾ തൃശൂർ മേഖലാ അവലോകനത്തിലും എറണാകുളം, ഇടുക്കി, ആലപ്പുഴ, കോട്ടയം ജില്ലകളിലെ വിഷയങ്ങൾ എറണാകുളം മേഖലാ അവലോകന യോഗത്തിലും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലേത് തിരുവനന്തപുരം മേഖലാ അവലോകന യോഗത്തിലും പരിശോധിക്കും.

മേഖലാതല അവലോകന യോഗങ്ങൾ ചേരുന്നതു സംബന്ധിച്ച വിശദമായ മാർഗരേഖ 24-06-2023ലെ സ.ഉ.(കൈ.)നം. 98/2023/GAD സർക്കാർ ഉത്തരവിന്റെ അനുബന്ധമായി ചേർത്തിട്ടുണ്ട്.