ഭക്ഷ്യവിഷബാധ: മന്ത്രി കെ രാധാകൃഷ്ണൻ പുന്നപ്ര എം ആർ എസ് സന്ദർശിച്ചു

post

ആലപ്പുഴ: പട്ടികജാതി പട്ടികവർഗ്ഗ ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ പുന്നപ്രയിലെ മോഡൽ റസിഡൻഷ്യൽ സ്‌കൂൾ സന്ദർശിച്ചു. എച്ച് സലാം എം.എൽ.എയും മന്ത്രിക്കൊപ്പമുണ്ടായി. ഞായറാഴ്ച വൈകിട്ടായിരുന്നു സന്ദർശനം. സ്‌കൂളിലെ വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ ഉണ്ടായ സാഹചര്യത്തിലാണ് മന്ത്രിയുടെ പെട്ടെന്നുള്ള സന്ദർശനം.സ്‌കൂളിലെ 52 കുട്ടികൾക്കാണ് ഭക്ഷ്യവിഷബാധയേറ്റതെന്ന് മന്ത്രി പറഞ്ഞു. ആരുടെയും നില ഗുരുതരമല്ല.


വെള്ളിയാഴ്ച ഭക്ഷ്യവിഷബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇതിൽ ഒരു വിദ്യാർത്ഥി ഒഴികെ ബാക്കിയെല്ലാവരുംആശുപത്രി വിട്ടു. ഒരാൾ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. പുന്നപ്ര എം ആർ എസ് പൊതുവേ മികച്ച ഭക്ഷണവും പശ്ചാത്തല സൗകര്യവും ഉള്ള സ്‌കൂളാണ്. ഭക്ഷ്യവിഷബാധ ഉണ്ടായ സാഹചര്യത്തിൽ വകുപ്പ് ഗൗരവത്തോടെയാണ് ഇക്കാര്യം കാണുന്നത്. കാരണം പരിശോധിക്കുന്നതിനായി

ആരോഗ്യ വകുപ്പിനെയും ഭക്ഷ്യസുരക്ഷാ വകുപ്പിനെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. അവർ പരിശോധന നടത്തിവരുകയാണ്.രാവിലെ കടലക്കറി കഴിച്ച വിദ്യാർഥികൾക്കാണ് ഭക്ഷ്യ വിഷബാധ ഉണ്ടായതെന്ന് സംശയിക്കുന്നു.പരിശോധനാഫലം വന്നതിനുശേഷം നടപടികൾ സ്വീകരിക്കും.


എസ് സി എസ് ടി വിഭാഗത്തിന് കീഴിലുള്ള എല്ലാ എം ആർ എസ് സ്‌കൂളുകളിലും പ്രത്യേക പരിശോധനകൾ നടത്താൻ നിർദേശം നൽകിയിട്ടുണ്ട. പുന്നപ്രയിലെ എം ആർ എസിൽ ഭക്ഷ്യവസ്തുക്കൾ ഉണ്ടാക്കുന്നവർക്കും അതുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർക്കും പരിശീലനം നൽകാൻ തീരുമാനിച്ചു. ശുചിത്വബോധം കുട്ടികളിൽ വർദ്ധിപ്പിക്കുന്നതിന് അവർക്കും പരിശീലനം നൽകും. വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളിൽ പ്രത്യേക ശ്രദ്ധ ഉണ്ടാകണമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്.സംസ്ഥാനത്തെ എല്ലാ എം ആർ എസ് ഹോസ്റ്റലുകളിലും പ്രത്യേകപരിശോധന നടത്തും. കൂടാതെ പ്രീമെട്രിക് ഹോസ്‌ററലുകളിലും പരിശോധന ഉണ്ടാവും. മഴക്കാലമായതിനാൽ പകർച്ചവ്യാധികൾക്കെതിരെ ശുചീകരണ പ്രവർത്തനങ്ങളും കൂടുതൽ ശ്രദ്ധയും ഉണ്ടാവണമെന്ന് മന്ത്രി ജീവനക്കാർക്ക് നിർദ്ദേശം നൽകി.


കുട്ടികളോട് വിവിധ കാര്യങ്ങൾ മന്ത്രി ചോദിച്ചറിഞ്ഞു. മെസ് ഹാൾ, അടുക്കള, സ്റ്റോർ റൂം എന്നിവടങ്ങളും മന്ത്രി പരിശോധിച്ചു. ശുചീകരണം അടക്കമുള്ളവ സമയബന്ധിതമായി ചെയ്യണമെന്നും കുട്ടികൾക്ക് ആവശ്യമായ സൗകര്യങ്ങൾ മുടക്കം കൂടാതെ ഒരുക്കി നൽകണമെന്നും മന്ത്രി പറഞ്ഞു. എം.എൽ.എ കഴിഞ്ഞ മൂന്നുദിവസമായി ഇക്കാര്യം പ്രത്യേകമായി ശ്രദ്ധിച്ചുകൊണ്ടിരിക്കയാണ്. ജില്ലകളക്ടർ, ജനപ്രതിനിധികൾ എന്നിവരുടെ ഇടപെടലും ശ്ലാഘനീയമാണെന്ന് മന്ത്രി പറഞ്ഞു.