വിലയില്‍ ഏകീകരണമില്ല; നീലേശ്വരം, ചെറുവത്തൂര്‍ എന്നിവിടങ്ങളിലെ കടകളില്‍ പരിശോധന നടത്തി

post

പച്ചക്കറികള്‍ക്ക് വില കൂടിയ സാഹചര്യത്തില്‍ നീലേശ്വരം, ചെറുവത്തൂര്‍ എന്നിവിടങ്ങളിലെ കടകളില്‍ ഭക്ഷ്യ സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. ചെറുവത്തൂരിലെ ചില കടകളില്‍ കാരറ്റ്, തക്കാളി, ഉള്ളി, ബീന്‍സ് എന്നിവയ്ക്ക് പലവിധത്തില്‍ വില ഈടാക്കുന്നതായി കണ്ടെത്തി.

70 മുതല്‍ 75 വരെ വില ഈടാക്കുന്ന കാരറ്റിന് ചെറുവത്തൂരിലെ ഒരു കടയിൽ 104 രൂപയാണ് ഈടാക്കിയത്. 80 രൂപയുള്ള ബീന്‍സിന് 88 രൂപയ്ക്കാണ് വില്‍ക്കുന്നത്. താക്കാളിക്ക് 95 മുതല്‍ 100 രൂപ വരെയാണ് വില. സവാള 25 മുതല്‍ 30 വരെയുണ്ട്. പലചരക്ക് കടകള്‍, പച്ചക്കറി കടകള്‍, ഹോട്ടലുകള്‍, ബേക്കറികള്‍ എന്നിവ പരിശോധിച്ചു. പലസ്ഥലങ്ങളിലും തോന്നിയ വിലയാണ് ഈടാക്കുന്നതെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ കെ.എന്‍.ബിന്ദു അറിയിച്ചു. കളക്ടറുടെ നിര്‍ദ്ദേശപ്രകാരമാണ് പരിശോധന നടത്തിയത്.

വിലനിലവാരം പ്രദര്‍ശിപ്പിക്കാത്ത കടകള്‍ക്ക് നോട്ടീസ് നല്‍കി. വ്യക്തമായി വില രേഖപ്പെടുത്താത്ത കടയുടമകളോട് തത്സമയം വ്യക്തമായി വില വിവര പട്ടിക പ്രദര്‍ശിപ്പിക്കാന്‍ നിര്‍ദ്ദേശിച്ചു. അമിതമായ വില ഈടാക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.