സംരംഭകര്‍ക്ക് കൈത്താങ്ങാവാന്‍ എന്റര്‍പ്രൈസ് ഡെവലപ്മെന്റ് എക്സിക്യൂട്ടീവ്
സംരംഭം തുടങ്ങുമ്പോള്‍ തൊട്ട് ഒടുക്കം വരെ നിലനില്‍ക്കുന്ന സംശയങ്ങള്‍ക്കും നൂലാമാലകളുടെ കുരുക്കഴിക്കുന്നതിനും സംരംഭത്തിന്റെ വിജയത്തിനും ഇനി എന്‍ര്‍പ്രൈസ് ഡെവലപ്മെന്റ് എക്സിക്യൂട്ടീവുമാര്‍ (ഇ.ഡി.ഇ) കൈത്താങ്ങായി പ്രവര്‍ത്തിക്കും. ജില്ലയിലെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ഇവരുടെ സേവനം ലഭ്യമായി തുടങ്ങി. വ്യവസായ വാണിജ്യ വകുപ്പിന്റെ നേതൃത്വത്തിലാണ് പഞ്ചായത്തിലും മുനിസിപ്പാലിറ്റികളിലും ഇ.ഡി.ഇമാരെ നിയമിച്ചിരിക്കുന്നത്. സംരംഭക വര്‍ഷ പദ്ധതിയെ കൂടുതല്‍ ജനകീയമാക്കി പ്രവര്‍ത്തനങ്ങള്‍ താഴേക്കിടയിലേക്കെത്തിക്കുകയാണ് ലക്ഷ്യം.
ജില്ലയിലെ ഓരോ പഞ്ചായത്തിലും ഓരോ ഇ.ഡി.ഇമാര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കാഞ്ഞങ്ങാട് നഗരസഭയില്‍ മൂന്നും നീലേശ്വരം, കാസര്‍കോട് നഗരസഭകളില്‍ രണ്ട് വീതവും ഇ.ഡി.ഇമാരുടെ സേവനം ലഭ്യമാകും. സംരംഭവുമായി മുന്നോട്ടുപോകുന്ന തദ്ദേശ സ്ഥാപനതലത്തിലെ വ്യവസായികളെ സന്ദര്‍ശിച്ച് അവര്‍ നേരിടുന്ന പ്രശ്നങ്ങള്‍ കേള്‍ക്കും. വ്യവസായികള്‍ക്ക് സര്‍ക്കാരില്‍ നിന്ന് ലഭിക്കേണ്ട സഹായങ്ങളെ കുറിച്ച് ബോധവാന്‍മാരാക്കും. വ്യവസായ സംരംഭങ്ങളെ കൂടുതല്‍ ലാഭകരമാക്കി മുതല്‍മുടക്കും വിറ്റുവരവും ഉയര്‍ത്തുന്നതിന് ഇ.ഡി.ഇ സഹായിക്കും. സര്‍ക്കാരിന്റെ വ്യവസായ നയത്തിന് അനുസൃതമായിട്ടുള്ള സ്‌കീമുകളും പദ്ധതികളും ഇവര്‍ പരിചയപ്പെടുത്തും. സംരംഭത്തിന് ആവശ്യമായ മാര്‍ക്കറ്റിംഗിനും ഇ.ഡി.ഇയുടെ പിന്തുണ ലഭിക്കും. സമൂഹ മാധ്യമങ്ങളെ കുറിച്ച് ബോധവാന്‍മാരല്ലാത്ത സംരംഭകരെ ഈ മേഖലയില്‍ സജീവമാക്കും. ഒപ്പം പോസ്റ്ററുകള്‍ ഉള്‍പ്പെടെയുള്ളവ ഇവര്‍ നിര്‍മിച്ച് നല്‍കും.
കഴിഞ്ഞ വര്‍ഷം വ്യവസായ വകുപ്പ് നേതൃത്വം നല്‍കിയ സംരംഭക വര്‍ഷം പദ്ധതി ഈ വര്‍ഷവും തുടരുകയാണ്. ഇതിന്റെ ഭാഗമായി പ്രഖ്യാപിച്ച മിഷന്‍ 1000 പദ്ധതിയിലൂടെ നാല് വര്‍ഷത്തിനുള്ളില്‍ ആയിരം സംരംഭങ്ങളെ നൂറ് കോടിയിലെത്തിക്കുകയാണ് ലക്ഷ്യം. കൂടുതല്‍ നിക്ഷേപകരെ സ്വീകരിക്കാനും നിലവിലുള്ള സംരംഭങ്ങള്‍ക്ക് തുടര്‍സഹായവും മാര്‍ഗ നിര്‍ദേശവും നല്‍കാനുമായി വ്യവസായ വാണിജ്യവകുപ്പ് ഇത്തവണ സംരംഭക വര്‍ഷം 2.0 നടപ്പാക്കുകയാണ്. ഇതിനായി തദ്ദേശ സ്ഥാപനതല സെമിനാറുള്‍ക്ക് തുടക്കം കുറിച്ചു. ജൂലൈ ഏഴിന് ഈസ്റ്റ് എളേരി പഞ്ചായത്തില്‍ തുടക്കം കുറിച്ച ശില്പശാല ഇതിനകം എട്ട് പഞ്ചായത്തുകളില്‍ പൂര്‍ത്തിയായി. പ്രാദേശികതലത്തില്‍ എന്റര്‍പ്രൈസ് ഡെവലപ്മെന്റ് എക്സിക്യൂട്ടീവുമാരാണ് ഈ പദ്ധതികളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.