അതിഥി തൊഴിലാളികള്‍ക്ക് താമസ സൗകര്യം നിഷേധിക്കരുത്: ജില്ലാ കലക്ടര്‍

post

കണ്ണൂര്‍ : കൊറോണയുടെ സാമൂഹ്യവ്യാപനം തടയുന്നതിന്റെ ഭാഗമായി നടപ്പിലാക്കിയ അടച്ചിടല്‍ നടപടിയുടെ പശ്ചാത്തലത്തില്‍ വാടക നല്‍കാത്തത് ഉള്‍പ്പെടെയുള്ള പ്രശ്നങ്ങളുടെ പേരില്‍ അതിഥി തൊഴിലാളികളെ താമസ ഇടങ്ങളില്‍ നിന്ന് പുറത്താക്കരുതെന്ന് ജില്ലാ കലക്ടര്‍ ടി വി സുഭാഷ്. അതിഥി തൊഴിലാളികളില്‍ പലരും ദിവസക്കൂലിക്ക് ജോലി ചെയ്ത് ജീവിക്കുന്നവരാണ്. നിലവില്‍ തൊഴിലില്ലാത്ത സാഹചര്യം വന്നതോടെ സാമ്പത്തിക പ്രതിസന്ധി അവരെ ബാധിക്കാനിടയുണ്ട്. രാജ്യം കൊറോണ വ്യാപനത്തിനെതിരേ ഒറ്റക്കെട്ടായി മുന്നോട്ടുപോവുന്ന ഈ പ്രത്യേക സാഹചര്യത്തില്‍ വാടക ഉള്‍പ്പെടെയുള്ള പ്രശ്നങ്ങളുടെ പേരില്‍ അവരെ പുറത്താക്കുന്ന സ്ഥിതിയുണ്ടാവരുതെന്നും ജില്ലാ കലക്ടര്‍ വ്യക്തമാക്കി. അതിഥി തൊഴിലാളികള്‍ക്ക് കുടിവെള്ളം, ഭക്ഷണം തുടങ്ങിയവ ലഭ്യമാക്കാന്‍ തദ്ദേശ സ്ഥാപന തലങ്ങളില്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ബന്ധപ്പെട്ട കരാറുകാര്‍ ഉള്‍പ്പെടെയുള്ളവര്‍ ഇക്കാര്യത്തില്‍ ശ്രദ്ധ പുലര്‍ത്തണം.

മദ്യശാലകള്‍ അടച്ചിട്ട പശ്ചാത്തലത്തില്‍ വ്യാജമദ്യം തടയുന്നതിനാവശ്യമായ നടപടികള്‍ ശക്തമാക്കാനും ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കൊറോണ അവലോകന യോഗം ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കി. പ്രത്യേക കോവിഡ് ആശുപത്രിയായി ജില്ലാ ഭരണകൂടം ഏറ്റെടുത്ത അഞ്ചരക്കണ്ടിയിലെ കണ്ണൂര്‍ മെഡിക്കല്‍ കോളേജ് പ്രവര്‍ത്തന സജ്ജമാക്കുന്നതിനുള്ള നടപടികള്‍ യോഗം വിലയിരുത്തി. ഇവിടെ 35 ഐസിയു ബെഡുകള്‍, 10 വെന്റിലേറ്ററുകള്‍ എന്നിവയുള്‍പ്പെടെ 600 ബെഡുകളാണ് കൊറോണ ആശുപത്രിക്കായി സജ്ജമാക്കുന്നത്. കൊറോണ പ്രതിരോധത്തിന് ആവശ്യഘട്ടത്തില്‍ കൂടുതല്‍ സ്വകാര്യ ആശുപത്രികള്‍, ആംബുലന്‍സുകള്‍ തുടങ്ങിയവ ഏറ്റെടുക്കാനും ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി. വിപണിയില്‍ അവശ്യസാധനങ്ങള്‍ക്ക് അമിത വില ഈടാക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ സാധനങ്ങള്‍ പിടിച്ചെടുക്കാന്‍ ജില്ലാ കലക്ടര്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

അവശ്യഘട്ടങ്ങളിലല്ലാതെ ആളുകള്‍ വീടുകളില്‍ നിന്ന് പുറത്തിറങ്ങുന്ന സ്ഥിതിയുണ്ടാവരുത്. ഭക്ഷണം ഉള്‍പ്പെടെയുള്ള അവശ്യസാധനങ്ങള്‍ വീടുകളില്‍ ലഭ്യമാക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍, കുടുംബശ്രീ, വ്യാപാര സ്ഥാപനങ്ങള്‍ എന്നിവയുമായി ചേര്‍ന്ന് സന്നദ്ധ പ്രവര്‍ത്തകരുടെ സഹകരണത്തോടെ വിപുലമായ സംവിധാനം ആവിഷ്‌ക്കരിച്ചിട്ടുണ്ടെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.

ജില്ലാ കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ്, അഡീഷനല്‍ എസ്പി പ്രജീഷ് തോട്ടത്തില്‍, സബ് കലക്ടര്‍മാരായ ആസിഫ് കെ യൂസഫ്, എസ് ഇലാക്യ, എഡിഎം ഇ പി മേഴ്സി, അസിസ്റ്റന്റ് കലക്ടര്‍ ഡോ. ഹാരിസ് റഷീദ്, ഡിഎംഒ ഡോ. നാരായണ നായ്ക് തുടങ്ങിയവര്‍ സംബന്ധിച്ചു.