കാസർകോട് ജില്ലയിലെ സർക്കാർ ഓഫീസുകളിലെ ഇ-മാലിന്യം ഹരിതകർമ സേന ശേഖരിക്കും

കാസർകോട് ജില്ലയിലെ സർക്കാർ ഓഫീസുകളിലെ ഇ-മാലിന്യം ക്ലീൻ കേരള കമ്പനിക്ക് കൈമാറുന്നതിന് വിവിധ ഓഫീസുകളിൽ നിന്ന് ഹരിത കർമസേന ശേഖരിക്കും. നവകേരളം മാലിന്യമുക്ത കേരളം കാസർകോട് ജില്ലാ കാമ്പയിൻ ടീം സെക്രട്ടേറിയറ്റിന്റെതാണ് തീരുമാനം.
കളക്ടറേറ്റിലെയും സിവിൽ സ്റ്റേഷനിലേയും ഇ-മാലിന്യം ഒരാഴ്ചയ്ക്കകം ഹരിതകർമ സേന ശേഖരിക്കണമെന്നും ക്യാമ്പൈൻ സെക്രട്ടറിയേറ്റ് തീരുമാനിച്ചു. ഉപയോഗശൂന്യമായ കമ്പ്യൂട്ടർ ഉൾപ്പടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ ആണ് ശേഖരിക്കുന്നത്. അഞ്ചു വർഷത്തിൽ അധികം പഴക്കമുള്ള ഇ-മാലിന്യം നീക്കം ചെയ്യുന്നതിന് മാർഗ നിർദ്ദേശങ്ങൾ പാലിച്ച് വകുപ്പ് മേധാവികൾക്ക് അനുമതി നൽകാമെന്ന് സർക്കാർ ഉത്തരവുണ്ട്.
വനത്തിനകത്തെ മാലിന്യങ്ങൾ ശേഖരിക്കുന്നതിനും വിനോദ സഞ്ചാര മേഖലയിലെ ജൈവ അജൈവ മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിനും പദ്ധതി തയ്യാറാക്കുന്നതിനായി യോഗം ചേരും. ഫോറസ്റ്റ്, ഡി.ടി.പി.സി, ക്ലീൻ കേരള കമ്പനി, മാലിന്യമുക്തം നവകേരളം ക്യാമ്പൈൻ സെക്രട്ടറിയേറ്റ് ഏകോപന സമിതി അംഗങ്ങൾ ബന്ധപ്പെട്ട തദ്ദേശ ഭരണ സ്ഥാപന പ്രതിനിധികൾ അടക്കമുള്ളവരാണ് യോഗത്തിൽ പങ്കെടുക്കുക. മാലിന്യം തള്ളുന്നത് തടയാൻ സി.സി.ടി.വി സർവലെൻസ് സംവിധാനം ഏർപ്പെടുത്തും.
ജില്ലയിലെ സ്‌ക്കൂളുകളെ ശുചിത്വ സ്‌കൂളുകളാക്കി മാറ്റുന്നതിന് ക്യാമ്പൈൻ സെക്രട്ടറിയേറ്റ് സമയക്രമം നിശ്ചയിച്ചു. ജൈവമാലിന്യ ശേഖരണവും സംസ്‌ക്കരണവും ഉൾപ്പെടുന്ന സംവിധാനങ്ങൾ ഉറപ്പു വരുത്തുന്നതിന് ഒരാഴ്ചക്കകം സ്‌ക്കൂളുകളിൽ പരിശോധന നടത്തും. റിസോഴ്‌സ് പേഴ്‌സൺമാർ വിവരശേരണം നടത്തുന്നതിന് തീരുമാനിച്ചു. ജൈവമാലിന്യ സംസ്‌ക്കരണ സംവിധാനങ്ങൾ ഇല്ലാത്ത സ്‌കൂളുകളിൽ അതേർപ്പെടുത്തണം. അടുത്ത പ്രൊജക്ട് ഭേദഗതിയിൽ തദ്ദേശസ്ഥാപനങ്ങൾ അത് ഉൾപ്പെടുത്തണം. ജൈവ മാലിന്യ സംസ്‌ക്കരണത്തിന് കമ്പോസ്റ്റ് പിറ്റും സോക്ക്പിറ്റും ഉൾപ്പെടുത്തണം. ജൈവമാലിന്യ സംസ്‌ക്കരണ സംവിധാനനിർമ്മാണം തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്താൻ തീരുമാനമായിട്ടുണ്ട്. ഗവ. എയ്ഡഡ് സ്‌ക്കൂളുകളിൽ മാലിന്യനിർമാർജന സംവിധാനം ഉറപ്പ് വരുത്തണം മാലിന്യ സംസ്‌ക്കരണ സംവിധാനങ്ങൾ ഒരുക്കാൻ. ശുചിത്വമിഷൻ 70 ശതമാനം തുക അനുവദിക്കും. ദേശീയ ഗ്രാമീണതൊഴിലുറപ്പ് പദ്ധതിയിൽ അഡീഷണൽ ആക്ഷൻ പ്ലാൻ വേണം. അജൈവ മാലിന്യ ശേഖരണ സംവിധാനം ഏർപ്പെടുത്തണം.
സ്‌ക്കൂളുകളിൽ എല്ലാ വെളളിയാഴ്ചയും ശുചിത്വ അസംബ്ലി ചേരുന്നതിന് നിർദ്ദേശിച്ച ബ്ലോക്ക് തല അവലോകന യോഗങ്ങൾ എല്ലാ ആഴ്ചയും നടത്താൻ തീരുമാനമായി. ആർ.ആർ.എഫ് മഞ്ചേശ്വരം പരപ്പ, കാഞ്ഞങ്ങാട് ബ്ലോക്കുതലത്തിൽ പൂർത്തിയായി. ആർ.ആർ.എഫിന് ശുചിത്വ മിഷൻ 16 ലക്ഷം രൂപ അനുവദിക്കും.
ഹരിത കർമ സേനയ്ക്ക് കുടുംബശ്രീ പരിശീലനം നൽകണം. ചെങ്കള ചെറുവത്തൂർ തുടങ്ങിയ പഞ്ചായത്തുകളിൽ എം.സി.എഫ് സ്ഥാപിക്കണം. കില എം.സി.എഫ് മാനേജ്‌മെന്റ് പരിശീലനം നൽകുന്നതിനും തീരുമാനിച്ചു.