കാസർകോട് ബ്ലോക്ക് പഞ്ചായത്തിന് ഇനി പുതിയ മുഖം

post

കാസർകോട് ബ്ലോക്ക് പഞ്ചായത്തിന്റെ പുതിയ കെട്ടിടം പണികഴിഞ്ഞ് ഉദ്ഘാടനത്തിന് ഒരുങ്ങി. കാസർകോട് ജില്ലയുടെ വികസന കുതിപ്പിന് ഊർജ്ജമേകുന്ന പ്രധാനപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനമാണ് കാസർകോട് ബ്ലോക്ക് പഞ്ചായത്ത്. ചെങ്കള, ചെമ്മനാട്, മധൂർ, ബദിയഡുക്ക, മൊഗ്രാൽപുത്തൂർ, കുമ്പള പഞ്ചായത്തുകളടങ്ങിയതാണ് കാസർകോട് ബ്ലോക്ക് പഞ്ചായത്ത്.

രാജ്യത്തെ ഭൂഗർഭജലം കുറവുള്ള പ്രദേശങ്ങളിൽ ഉൾപ്പെട്ട കാസർകോട് ബ്ലോക്ക് പഞ്ചായത്ത് ചുരുങ്ങിയകാലത്തെ സന്ദർഭയോഗ്യമായ പ്രവർത്തനങ്ങൾ കൊണ്ട് ഭൂഗർഭജല നിരക്ക് വർധിപ്പിച്ച് കൈയ്യടി നേടിയ തദ്ദേശ സ്വയംഭരണ സ്ഥാപനം കൂടിയാണ്. എം.ജി.എൻ.ആർ.ഇ.ജി ഫണ്ടിന്റെ 75 ശതമാനവും വിനിയോഗിക്കുന്നത് ജല സംരക്ഷണത്തിനും ജല സ്രോതസുകളുടെ സംരക്ഷണത്തിനുമാണ്. അങ്ങനെ അടിസ്ഥാനസൗകര്യ വിഷയങ്ങളിലും വികസനകാര്യങ്ങളിലും സജീവമായി ഇടപെടുന്ന ബ്ലോക്ക് പഞ്ചായത്തിന് അത്യാധുനിക സൗകര്യങ്ങളുള്ള ഒരു പുതിയ കെട്ടിടം വന്നതിലുള്ള സന്തോഷത്തിലാണ് ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയും ഉദ്യോഗസ്ഥരും.

1962 ൽ രൂപീകൃതമായ കാസർകോട് ബ്ലോക്ക് പഞ്ചായത്തിന് പതിമൂന്ന് വർഷങ്ങൾക്ക് ശേഷം 1975 ലാണ് സ്വന്തമായി കെട്ടിടമുണ്ടാകുന്നത്. കെട്ടിടത്തിന്റെ അസൗക്യരവും കാലപ്പഴക്കവും കണക്കിലെടുത്ത് കഴിഞ്ഞ ഭരണസമിതി ഒന്നാം പിണറായി വിജയൻ സർക്കാറിനെ പുതിയൊരു കെട്ടിടത്തിന്റെ ആവശ്യകത ബോധ്യപ്പെടുത്തുകയും സർക്കാർ കെട്ടിടം നിർമ്മിക്കുന്നതിനായി രണ്ടു കോടി രൂപ അനുവദിക്കുകയും ചെയ്തു. 2019 ൽ അന്നത്തെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മുഹമ്മദ് കുഞ്ഞി ചായിന്റടി പുതിയ കെട്ടിടത്തിന് തറക്കല്ലിട്ടു. 2020 ൽ നിലവിൽ വന്ന പുതിയ ഭരണസമിതി നിർമ്മാണം തുടർന്നുവെങ്കിലും അപ്രതീക്ഷിതമായി കടന്നുവന്ന കോവിഡ് മഹാമാരിയെത്തുടർന്ന് നിർമ്മാണപ്രവർത്തിക്ക് തടസ്സം നേരിടുകയും കെട്ടിടം പൂർത്തീകരിക്കാൻ കാലതാമസം നേരിടേണ്ടി വരികയും ചെയ്തു.

2,93, 15,523 രൂപ ചിലവഴിച്ച് നിർമ്മിച്ച കാസർകോട് ബ്ലോക്ക് പഞ്ചായത്തിന്റെ പുതിയ കെട്ടിടം ജൂലൈ 31 ന് സംസ്ഥാന തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് നാടിന് സമർപ്പിക്കും. ഉദ്ഘാടന ചടങ്ങിൽ ഭിന്നശേഷിക്കാർക്കുള്ള മുച്ചക്രവാഹനങ്ങളുടെ താക്കോൽദാനവും പി.എം.എ.വൈ വീടുകളുടെ താക്കോൽദാനവും നടക്കും.