മുഖം മിനുക്കി പ്രൗഢിയോടെ ഡൽഹിയിലെ ട്രാവൻകൂർ പാലസ്

post

ഡൽഹിയിൽ കേരള സർക്കാരിന്റെ സാംസ്കാരിക നിലയം ട്രാവൻകൂർ പാലസിന്റെ നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയായി. ആധുനിക സൗകര്യങ്ങൾ ഉൾപ്പെടുത്തിയാണ് പാലസിന്റെ നവീകരണം. കസ്തൂർബഗാന്ധി മാർഗിലെ 4 ഏക്കർ പ്ലോട്ടിലാണ് പാലസ് സ്ഥിതി ചെയ്യുന്നത്.

കൊളോണിയൽ ആർക്കിടെക്ച്ചർ ശൈലിയിൽ രൂപകൽപന ചെയ്ത പാലസിൽ, 2060 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ, 60 ഓളം ഇടങ്ങളാണ് ഇരുനിലകളിലുമായി ക്രമീകരിച്ചിരിക്കുന്നത്. അഞ്ച് ആർട്ട് ഗ്യാലറികൾ, കോൺഫറൻസ് ഹാൾ, സെമിനാർ ഹാൾ വിത്ത് ഡിജിറ്റൽ ബോർഡ് ലൈബ്രറി, ഡിജിറ്റൽ ലൈബ്രറി, റസ്റ്റോറന്റ്, കഫറ്റേരിയ, സുവനീർ ഷോപ്പ്, ആയുർവേദ ഷോപ്പ്, പരമ്പരാഗത വസ്ത്രശാല കൂടാതെ നടുമുറ്റവും ഫൗണ്ടനും ഉൾക്കൊളുന്നതാണ് പാലസിന്റെ അകത്തളം.

മൾട്ടി പർപ്പസ് ആംഫി തീയറ്റർ, വീഡിയോ വാൾ, ഔട്ട്ഡോർ എക്സിബിഷൻ ഏരിയ, വാട്ടർ ഫൗണ്ടൻ, 35 കിലോവാട്ട് വൈദ്യുതി ഉല്പാദന ശേഷിയുള്ള സോളാർ പാനൽ, സ്ഥിരം പ്രവർത്തിക്കുന്ന ലൈറ്റ് ആൻഡ് സൗണ്ട് ഷോ, വിശാലമായ ലോണും മികച്ച ലാന്റ് സ്കേപ്പുമാണ് പാലസിന്റെ പുറം കാഴ്ചകൾ. 23.8 കോടി രൂപയാണ് നവീകരണ പ്രവർത്തനങ്ങൾക്കായി ചെലവഴിച്ചത്.

ജസ്ബീർ സിംഗാണ് പാലസിന്റെ നവീകരണത്തിന് നേതൃത്വം നൽകിയ ചീഫ് ആർക്കിടെക്റ്റ്. കുമാർ കാർത്തികേയയാണ് പ്രോജക്ടിന്റെ കൺസർവേഷൻ ആർക്കിടെക്റ്റ്‌. നാഷണൽ ബിൽഡിംഗ് കൺസ്ട്രക്ഷൻ കോർപ്പറേഷന്റെ (എൻ.ബി.സി.സി) കീഴിലുള്ള പൈതൃക മന്ദിരങ്ങളുടെ നവീകരണം നിർവ്വഹിക്കുന്ന സബ്സിഡിയറി കമ്പനിയായ എൻബിസിസി സർവീസസ് ലിമിറ്റഡാണ് (എൻ. എസ്. എൽ) ട്രാവൻകൂർ പാലസിന്റെ നവീകരണം നടത്തിയത്.