കൂടെയുണ്ട് സര്‍ക്കാര്‍ ; ക്ഷേമപെന്‍ഷന്‍ വിതരണം തുടങ്ങി

post

തൃശൂര്‍ : കോവിഡ് 19 വ്യാപനം തടയാന്‍ കടുത്ത നിയന്ത്രണങ്ങളില്‍ കഴിയുന്നവര്‍ക്ക് ആശ്വാസമായി സാമൂഹിക ക്ഷേമ പെന്‍ഷനുകള്‍ ജില്ലയില്‍ വിതരണം ചെയ്ത് തുടങ്ങി. 52 കോടി രൂപയാണ് സര്‍ക്കാര്‍ അടിയന്തരമായി വിതരണം ചെയ്യുന്നത്. ഭൂരിഭാഗം സാധാരണക്കാരുടെയും വരുമാനം നിലച്ചിരിക്കുന്ന ഇപ്പോഴത്തെ സാഹചര്യത്തില്‍ ഈ തുക വിപണിയില്‍ ചലനമുണ്ടാക്കുമെന്നാണ് വിലയിരുത്തല്‍.കര്‍ഷകതൊഴിലാളി പെന്‍ഷന്‍, വാര്‍ദ്ധക്യകാല പെന്‍ഷന്‍, വികലാംഗ പെന്‍ഷന്‍, അവിവാഹിതരായ അമ്മമാരുടെ പെന്‍ഷന്‍, വിധവ പെന്‍ഷന്‍ എന്നീ ക്ഷേമപെന്‍ഷനുകളാണ് വിതരണം ചെയ്ത് തുടങ്ങിയത്. ജില്ലയില്‍ 2,20,000 ഗുണഭോക്താക്കള്‍ക്ക് ക്ഷേമപെന്‍ഷന്‍ പ്രയോജനപ്പെടും.

സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ നല്‍കുന്നതിനായി സഹകരണ സംഘങ്ങളില്‍ നിന്നും ഫണ്ട് സ്വരൂപിക്കുകയും സംസ്ഥാനതലത്തില്‍ ഒരു കണ്‍സോര്‍ഷ്യം രൂപീകരിക്കുകയും ചെയ്തിട്ടുണ്ട്. പെന്‍ഷന്‍ നല്‍കുന്നതിനായി ജില്ലയില്‍ നിന്നും ഇതുവരെ 300 കോടി രൂപ സമാഹരിച്ചിട്ടുണ്ട്.സഹകരണ ബാങ്കുകളില്‍ 981 കളക്ഷന്‍ ഏജന്റുമാര്‍ വഴിയാണ് തുക വിതരണം ചെയ്യുന്നത്. എല്ലാവര്‍ക്കും വീടുകളില്‍ ചെന്ന് നേരിട്ട് വിതരണം ചെയ്യുകയാണ് ഏജന്റുമാര്‍ ചെയ്യുന്നത്. ഇവര്‍ക്ക് വേണ്ടി കോവിഡ് പ്രതിരോധ ബോധവല്‍ക്കരണവും സുരക്ഷക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. മാസ്‌ക്കുകളും സാനിറ്ററൈസറുകളും ഇവര്‍ക്കായി നല്‍കിയിട്ടുണ്ട്. ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലെ പെന്‍ഷനാണ് ഇപ്പോള്‍ വിതരണം ചെയ്യുന്നത്.