ജയിലുകളും മാറുന്നു; മാതൃകാ പ്രവര്‍ത്തനങ്ങളുമായി ഹൊസ്ദുര്‍ഗ് ജില്ലാ ജയില്‍

post

തടവറകള്‍ ഒരുകാലത്ത് ഭീതിയുടെ ഇടമാണെങ്കില്‍ ഇന്ന് സര്‍ഗാത്മകതയുടെയും സ്വയം തൊഴില്‍ പരിശീലനങ്ങളുടെയും പുതിയ ജീവിതത്തിലേക്ക് വഴികാട്ടുന്ന മാതൃക പ്രവര്‍ത്തനങ്ങളുടെ ഇടമാണ്. ഇത്തരത്തിലുള്ള മാതൃക പ്രവര്‍ത്തനങ്ങളുമായി മുന്നേറുകളാണ് കാസർഗോഡ് ഹൊസ്ദുര്‍ഗ് ജില്ലാ ജയില്‍. പരിശീലനം നേടിയ അന്തേവാസികള്‍ നിര്‍മിച്ച പേപ്പര്‍ വിത്തു പേനയും നെറ്റിപ്പട്ടവും കുടകളും ഇപ്പോള്‍ വിപണിയിലേക്ക് എത്തി തുടങ്ങി. ഇവയ്ക്ക് ആവശ്യക്കാരും ഏറെയാണ്. പേപ്പര്‍ പേന 3 രൂപയാണ്. കുട 275 രൂപ മുതല്‍ നെറ്റിപ്പട്ടം 70 രൂപ മുതല്‍ വില്‍പന നടത്തുന്നു.


ജയിലേക്ക് എത്തുന്നവരില്‍ ഏറെയും ലഹരിക്ക് അടിമയായവരാണ്. ഇതിനാല്‍ ലഹരിയ്‌ക്കെതിരെയുള്ള ബോധവല്‍ക്കരണത്തിനാണ് ഏറെ പ്രധാന്യം നല്‍കുന്നത്. 'ലഹരിയോട് വിട' എന്ന പേരില്‍ മാസംതോറും അന്തേവാസികള്‍ക്കായി ബോധവല്‍ക്കരണ പരിപാടികള്‍ നടത്തുന്നു. വിവിധ സംഘടനകളുടെ സഹായത്തോടെയാണ് ബോധവല്‍ക്കരണം നടത്തുന്നത്. കുടുംബശ്രീയുടെ കീഴിലുള്ള സ്‌നേഹിത വഴി അന്തേവാസികള്‍ക്ക് എല്ലാ ആഴ്ചയും കൗണ്‍സിലിങ്ങും നല്‍കുന്നു. ജില്ലാ ആശുപത്രിയിലെ സൈക്യാട്രി വിഭാഗവുമായി സഹകരിച്ച് അന്തേവാസികള്‍ക്ക് ആവശ്യമായ ചികിത്സാ സൗകര്യവും ഒരുക്കുന്നുണ്ട്.

ജൈവകൃഷിയാണ് ജില്ലാ ജയിലിലെ മറ്റൊരു ശ്രദ്ധേമായ കാര്യം. ജയിലിലേക്ക് ആവശ്യമായ പച്ചക്കറികള്‍ ജയില്‍ അധികൃതരും അന്തേവാസികളും ചേര്‍ന്നു ഉല്‍പാദിപ്പിക്കുന്നു. ഈ വര്‍ഷം ഇതിനകം വഴുതന, കുമ്പളം, വെള്ളരിക്ക, വെണ്ട എന്നിവ കൃഷി തുടങ്ങി. ജയിലിലെ അന്തേവാസികളെ വായനയിലേക്ക് നയിക്കാനായി ആയിരത്തലധികം പുസ്തകങ്ങള്‍ അടങ്ങിയ ലൈബ്രറിയും ഇവിടെയുണ്ട്. കഴിഞ്ഞ സ്വാതന്ത്ര്യദിനത്തില്‍ ജയില്‍ അന്തേവാസികള്‍ നിര്‍മ്മിച്ച ഉല്‍പന്നങ്ങളുടെ വിപണനമേള നടത്തിയതും ശ്രദ്ധേയമായി. കൂടാതെ വര്‍ഷങ്ങളായി നട്ടു പരിപാലിക്കുന്ന മുന്തിരിവള്ളികളുമുണ്ട്. ഹൊസ്ദുര്‍ഗ് ജില്ലാ ജയിലിലെ അന്തേവാസികള്‍ നിര്‍മ്മിച്ച പേപ്പര്‍ പേന, നെറ്റിപ്പട്ടം, കുട എന്നിവയ്ക്ക് 04672206403 എന്ന നമ്പറില്‍ ബന്ധപ്പെടുക.