സംസ്ഥാനത്ത് മഴ തുടരും; ഒക്ടോബർ 16 ന് നാലു ജില്ലകളിൽ ഓറഞ്ച് അലർട്ട്; ആറിടത്ത് മഞ്ഞ അലർട്ട്

post

തെക്ക് കിഴക്കൻ അറബിക്കടലിനും കേരള തീരത്തോട് ചേർന്ന് ലക്ഷദ്വീപിന് മുകളിലായും സ്ഥിതി ചെയ്യുന്ന ചക്രവാതച്ചുഴി ഒക്ടോബർ 17 ന് ന്യൂനമർദ്ദമായി മാറാൻ സാധ്യത. തുടർന്നുള്ള 48 മണിക്കൂറിൽ ന്യൂനമർദ്ദം ശക്തി പ്രാപിച്ചേക്കും. കേരളത്തിൽ ഒക്ടോബർ 16, 17 തീയതികളിൽ ഇടി മിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കനത്ത മഴയ്ക്കും, ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

അതിശക്തമായ മഴയ്ക്കുള്ള സാധ്യത മുൻനിർത്തി കേന്ദ്ര കാലാവസ്ഥാ വകുപ്പ് സംസ്ഥാനത്തെ നാലു ജില്ലകളിൽ ഒക്ടോബർ 16 ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. തിരുവനന്തപുരം, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു.  ഒക്ടോബർ 17 ന് തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 

ഒക്ടോബർ 16 നും 17 നും കേരള തീരത്തും ലക്ഷദ്വീപ് പ്രദേശത്തും മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ ഈ പ്രദേശങ്ങളിൽ മീൻപിടുത്തം വിലക്കിയിട്ടുണ്ട്.