ചെങ്ങന്നൂര്‍ മഠത്തിൽകടവ് പാലം ഉദ്ഘാടനം ചെയ്തു

post

ചെങ്ങന്നൂർ മണ്ഡലത്തിലെ 27 പാലങ്ങൾ കഴിഞ്ഞ ആറു വർഷത്തിനുള്ളിൽ പൂർത്തികരിച്ചത്: മന്ത്രി മുഹമ്മദ് റിയാസ്

ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂര്‍ മഠത്തിൽകടവ് പാലത്തിന്റെ ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവഹിച്ചു. 11.8 കോടി രൂപ വിനിയോഗിച്ചാണ് ചെന്നിത്തല- ബുധനൂര്‍ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന മഠത്തില്‍ കടവ് പാലം നിര്‍മിച്ചത്. വാഹന ഗതാഗതത്തിനായി 7.50 മീറ്റർ വീതിയുള്ള ക്യാരേജ് വേയും 150 മീറ്റർ വീതിയിൽ നടപ്പാതയും ഉൾപ്പെടെ 9.70 മീറ്ററാണ് പാലത്തിന്റെ ആകെ വീതി. 26 മീറ്റർ വീതം നീളമുള്ള 3 സ്പാനുകളുള്ള ഈ പാലത്തിന്റെ ആകെ നീളം 79.20 മീറ്ററാണ്. പാലത്തിന്റെ ഇരുകരകളിലുമായി 1.20 കിലോമീറ്റർ നീളത്തിൽ റോഡ് നവീകരണം കൂടി ഉൾപ്പെടുത്തിയാണ് നിർമ്മാണം പൂത്തീകരിച്ചത്.

ഓരോ നിർമാണ പ്രവർത്തനങ്ങളും സമയബന്ധിതമായി പൂർത്തീകരിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും ചെങ്ങന്നൂർ നിയോജക മണ്ഡലത്തിലെ 27 പാലങ്ങൾ കഴിഞ്ഞ ആറു വർഷത്തിനുള്ളിൽ പൂർത്തികരിച്ചവയാണെന്നും മന്ത്രി  പറഞ്ഞു.

ഈ സർക്കാർ അധികാരത്തിൽ വന്ന ഉടൻ നിർമാണത്തിലിരുന്ന പാലങ്ങൾ, ഭരണാനുമതി ലഭിച്ച പാലങ്ങൾ, സാങ്കേതിക അനുമതിയിൽ എത്തേണ്ട പാലങ്ങൾ, പ്രവർത്തനം ആരംഭിക്കേണ്ട പാലങ്ങൾ എന്നിങ്ങനെ വേർതിരിച്ച് കണക്കെടുത്തു. എല്ലാ മാസവും ഇത് സംബന്ധിച്ച് പ്രത്യേക അവലോകന യോഗങ്ങളും ചേർന്നു. ഇതൊക്കെ കൊണ്ടാണ് ഓരോ നിർമാണ പ്രവൃത്തിയും സമയബന്ധിതമായി പൂർത്തിയാക്കാനാകുന്നത്.

സഹകരണ മേഖലയും സ്വകാര്യമേഖലയും കൂട്ടിയോജിപ്പിച്ചു കൊണ്ടുള്ള ടൂറിസം പദ്ധതികൾ നടപ്പിലാക്കാനും സർക്കാർ ലക്ഷ്യമിടുകയാണ്. കുട്ടംപേരൂർ ആറിന്റെ ടൂറിസം പദ്ധതിക്ക് ടൂറിസം വകുപ്പിൻ്റെ എല്ലാ പിന്തുണയും നൽകും. ഗ്രാമ- ഗ്രാമാന്തര തലത്തിൽ ടാർ ചെയ്ത റോഡുകൾ ഇന്ത്യയിൽ കേരളത്തിൽ മാത്രമേ കാണുകയുള്ളൂവെന്നും മന്ത്രി പറഞ്ഞു. ചടങ്ങിൽ ഫിഷറീസ് മന്ത്രി സജി ചെറിയാന്‍ അധ്യക്ഷത വഹിച്ചു.