വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് സമ്പൂര്‍ണ ഭരണഘടന സാക്ഷരതയിലേക്ക്

post

തൃശൂർ വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ നവംബര്‍ 26 ന് ഭരണഘടന വിജ്ഞാനോത്സവത്തിന്റെ ഭാഗമായി 43,000 ത്തോളം വീടുകളില്‍ ഭരണഘടനയുടെ സംക്ഷിപ്തരൂപം തയ്യാറാക്കി വിതരണം ചെയ്യുമെന്ന് ബ്ലോക്ക് പ്രസിഡന്റ് വിജയലക്ഷ്മി വിനയചന്ദ്രന്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. ഭരണഘടനയെ കുറിച്ച് പ്രാഥമികവും അടിസ്ഥാനപരവുമായ അവബോധം സമൂഹത്തില്‍ രൂപപ്പെടുത്തുന്നതിനായി വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കുന്ന പദ്ധതിയാണ് ഭരണഘടന വിജ്ഞാനോത്സവം.

ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ വിവിധ കലാലയങ്ങളില്‍ നിന്നുള്ള എന്‍എസ്എസ് വൊളന്റിയര്‍മാരും മറ്റു വിദ്യാര്‍ഥികളും അടങ്ങുന്ന രണ്ടായിരത്തോളം പേരാണ് പ്രവര്‍ത്തനത്തില്‍ പങ്കാളികളാകുക. ഇതിന്റെ ഭാഗമായി പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളിലും വാര്‍ഡ്തല സംഘാടകസമിതികള്‍ രൂപീകരിച്ചിട്ടുണ്ട്. കുടുംബശ്രീ, ഗ്രന്ഥശാല, സാംസ്‌കാരിക, സാമൂഹിക, രാഷ്ട്രീയ പ്രവര്‍ത്തകര്‍, സാക്ഷരത, അംഗന്‍വാടി പ്രവര്‍ത്തകര്‍, ആശാവര്‍ക്കര്‍മാര്‍, ഹരിതകര്‍മ്മ സേന അംഗങ്ങള്‍ എന്നിവരും പങ്കുചേരും.

2022- 23 സാമ്പത്തിക വര്‍ഷത്തില്‍ ഭരണഘടന ദിനമായ നവംബര്‍ 26നാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. ഭരണഘടനയുടെ ആമുഖം എത്തിക്കുന്നതിനപ്പുറം അതിന്റെ പ്രാധാന്യവും വായനയും ഉറപ്പാക്കുന്നതിനുള്ള പദ്ധതികളാണ് ബ്ലോക്ക് പഞ്ചായത്ത് നടപ്പാക്കാന്‍ ശ്രമിക്കുന്നത്. ആദ്യഘട്ടത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ 10000 ത്തോളം വരുന്ന സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഭരണഘടനയുടെ ആമുഖം വിതരണം ചെയ്തു. സ്‌കൂള്‍തലത്തില്‍ ഭരണഘടന ക്വിസ് മത്സരം നടത്തി. തുടര്‍ന്ന് വിജയികളെ പങ്കെടുപ്പിച്ച് ബ്ലോക്ക്തലത്തില്‍ സെമിനാറും സംഘടിപ്പിച്ചു. ഭരണഘടന വിജ്ഞാനോത്സവം പദ്ധതി ജില്ലാ പഞ്ചായത്തിന്റെ 'സമേതം' വിദ്യാഭ്യാസ പരിപാടിയോട് കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.

നവംബര്‍ 26 മുതല്‍ ഡിസംബര്‍ 26 വരെ വിവിധ തലങ്ങളില്‍ ഭരണഘടനയുടെ തുറന്ന വായന നടത്തും. ബ്ലോക്ക് പരിധിയിലെ എല്ലാ കുടുംബശ്രീ യോഗങ്ങളും സമ്പൂര്‍ണ ഭരണഘടന കുടുംബശ്രീ യോഗമായി ചേര്‍ന്ന് വാര്‍ഡ് മെമ്പര്‍മാരുടെ സാന്നിധ്യത്തില്‍ 'ഭരണഘടനയെ അറിയാന്‍' എന്ന കൈപ്പുസ്തകം വായിക്കും. തുടര്‍ന്ന് കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കായി മത്സരങ്ങള്‍ നടത്താനും ആലോചനയുണ്ട്. ബ്ലോക്ക് പരിധിയില്‍ 25 കേന്ദ്രങ്ങളില്‍ ഭരണഘടന ചുമര്‍ സ്ഥാപിക്കും. പഞ്ചായത്ത് തലത്തില്‍ ഭരണഘടന സെമിനാറുകളും സംഘടിപ്പിക്കും.

വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടത്തിയ പത്രസമ്മേളനത്തില്‍ വൈസ് പ്രസിഡന്റ് ഉണ്ണികൃഷ്ണന്‍ കുറ്റിപറമ്പില്‍, വികസന കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പ്രസന്ന അനില്‍കുമാര്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സുരേഷ് അമ്മനത്ത്, ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സുധ ദിലീപ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ രാജേഷ് അശോകന്‍, അസ്മാ ബി ലത്തീഫ്, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ഹസീബ് അലി തുടങ്ങിയവര്‍ പങ്കെടുത്തു.