കണ്ണൂരിൽ ജലസംരക്ഷണ കര്‍മ്മ പദ്ധതികള്‍ക്ക് തുടക്കമായി

post

കണ്ണൂർ ജില്ലയുടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ വരള്‍ച്ച നേരിടാന്‍ ജലസംരക്ഷണ കര്‍മ്മ പദ്ധതികള്‍ക്ക് തുടക്കമായി. 26 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ 63 പ്രവൃത്തികള്‍ക്കാണ് തുടക്കം കുറിച്ചത്.

മഴ വെള്ള റീച്ചാര്‍ജിനുള്ള പ്രവൃത്തികൾ, നീര്‍ച്ചാലുകള്‍ വൃത്തിയാക്കൽ, താത്കാലിക തടയണകളുടെ നിര്‍മാണം തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് ആദ്യ ഘട്ടത്തില്‍ നടത്തുന്നത്. ഈ വര്‍ഷം ജില്ലയില്‍ 4500 താല്‍കാലിക തടയണകളും (ബ്രഷ് വുഡ് ചെക്ക്ഡാം), 210 സ്ഥിരം തടയണകളും നിര്‍മ്മിക്കാനാണ് ലക്ഷ്യമിടുന്നത്. ആറ് മാസത്തിനകം 10000 വീടുകളില്‍ കിണര്‍ റീച്ചാര്‍ജ്ജ് സംവിധാനം ഒരുക്കും.1800 പുതിയ ഓപ്പണ്‍ കിണറുകള്‍ നിര്‍മ്മിക്കാനും 300 ചെറുകുളങ്ങള്‍ നിര്‍മ്മിക്കാനുമാണ് ലക്ഷ്യം. ജലാഞ്ജലി നീരുറവ് പദ്ധതി രേഖയെ അടിസ്ഥാനമാക്കിയാണ് പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നത്. നീര്‍ത്തടാധിഷ്ഠിത വികസനത്തിനുള്ള രൂപരേഖയാണ് നീരുറവ പദ്ധതി. ജില്ലയില്‍ എല്ലാ ഗ്രാമ പഞ്ചായത്തുകളും നീരുറവ പദ്ധതിരേഖ തയ്യാറാക്കിയിട്ടുണ്ട്.

ഹരിതകേരളം മിഷന്‍, ചെറുകിട ജലസേചന വകുപ്പ്, ഭൂഗര്‍ഭ ജലവകുപ്പ്, മണ്ണ് ജല സംരക്ഷണ വകുപ്പ് എന്നിവയുടെ സഹകരണത്തോടെ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. ജില്ലാതല ഉദ്ഘാടനം കൂടാളി ഗ്രാമ പഞ്ചായത്തില്‍ നാരങ്ങാട്ടുമൂല തോട് ശുചീകരണം നടത്തി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി ദിവ്യ നിര്‍വഹിച്ചു. കൂടാളി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.കെ ഷൈമ അധ്യക്ഷത വഹിച്ചു.