വയനാട് ജില്ലാ സ്കൂൾ കലോത്സവത്തിന് അരങ്ങ് ഉണർന്നു

post

സർഗ്ഗ പ്രതികൾ മാറ്റുരയ്ക്കുന നാല്പത്തിരണ്ടാമത് വയനാട് റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന് അരങ്ങ് ഉണർന്നു. കലോത്സവത്തിന്റെ പ്രധാന വേദിയായ സുൽത്താൻ ബത്തേരി സർവജന വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന കലോത്സവം ഐ.സി. ബാലകൃഷ്ണ‌ൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.

സബ് ജില്ലാ തലത്തിൽ നിന്നും മൂവായിരത്തോളം പ്രതിഭകളാണ് ജില്ലാ കലോത്സവത്തിൽ ഇത്തവണ പങ്കെടുക്കുന്നത്. നാല് ദിവസങ്ങളിലായി സർവജന വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ, സെന്റ് ജോസഫ് ഇംഗ്ലീഷ് ഹയർ സെക്കണ്ടറി സ്കൂൾ, ജി.എൽ.പി സ്കൂൾ കൈപ്പഞ്ചേരി, ഡയറ്റ്, പ്രതീക്ഷ യൂത്ത് സെന്റർ എന്നിവിടങ്ങളിലായി എട്ട് വേദികളിലാണ് കലോത്സവം നടക്കുക. സുൽത്താൻ ബത്തേരി നഗരസഭ ചെയർമാൻ ടി.കെ. രമേശ് അധ്യക്ഷത വഹിച്ചു. കലോത്സവത്തിനായി സ്വാഗത ഗാനവും ലോഗോയും തയ്യാറാക്കിയവർക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ ചടങ്ങിൽ ഉപഹാരം നൽകി.