ചിന്നക്കനാൽ റിസർവ്; തുടർനടപടികൾ മരവിപ്പിച്ചു

post

ഇടുക്കി ജില്ലയിൽ ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റിന് പാട്ടത്തിന് കൊടുത്തിരുന്നതും പാട്ടക്കാലാവധി അവസാനിച്ചതുമായ പ്രദേശം 'ചിന്നക്കനാൽ റിസർവ്' ആയി പ്രഖ്യാപിക്കുന്നതുമായി ബന്ധപ്പെട്ട തുടർനടപടികൾ നിർത്തിവയ്ക്കാൻ തീരുമാനിച്ചു. പ്രാഥമിക വിജ്ഞാപനം സംബന്ധിച്ച് ചർച്ച ചെയ്യുന്നതിനായി ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നതായും കാര്യങ്ങൾ വിശദമായി വിലയിരുത്തിയതായും വനം-വന്യജീവി വകുപ്പുമന്ത്രി എ.കെ.ശശീന്ദ്രൻ അറിയിച്ചു.

2023 ആഗസ്റ്റിൽ പാസാക്കിയ കേന്ദ്ര വന സംരക്ഷണ ഭേദഗതി നിയമം പ്രകാരം 1996 ഡിസംബർ 12-ന് മുൻപ് വനേതര ആവശ്യങ്ങൾക്കായി മാറ്റിയിട്ടുള്ള വനഭൂമി, വന സംരക്ഷണ നിയമത്തിന്റെ പരിധിയിൽ വരുന്നതല്ല. ഇത് സംബന്ധിച്ച വിശദമായ മാർഗരേഖ തയ്യാറാക്കാൻ ഇക്കഴിഞ്ഞ നവംബർ 30-ന് സുപ്രീംകോടതി കേന്ദ്ര സർക്കാറിന് നിർദ്ദേശം നൽകിയിട്ടുണ്ട്. അതിനാൽ ചിന്നക്കനാൽ പ്രദേശത്തെ ഏതെങ്കിലും വനഭൂമി ഈ തീയതിയ്ക്ക് മുൻപ് വനേതര ആവശ്യങ്ങൾക്കായി മാറ്റിയതാണെങ്കിൽ അതിന് നിയമപ്രകാരം സംരക്ഷണം നൽകും. കേന്ദ്ര മാർഗരേഖ വന്നാലും സെറ്റിൽമെന്റ് ഓഫീസറെ നിയമിച്ച് പ്രശ്നങ്ങൾ പരിഹരിക്കും. കളക്ടർക്ക് അയച്ചു എന്ന് പറയുന്ന കത്തിൽ അതിനാൽ തന്നെ തുടർനടപടികൾ ആവശ്യമില്ല എന്നും വിജ്ഞാപനം സംബന്ധിച്ച തുടർനടപടികൾ നിർത്തിവയ്ക്കാൻ തീരുമാനിച്ചതായും മന്ത്രി അറിയിച്ചു.