ഇടുക്കിയുടെ സമഗ്ര വികസനവും ജനക്ഷേമവുമാണ് സർക്കാർ ലക്ഷ്യമിടുന്നത് - മുഖ്യമന്ത്രി

post

നവകേരള സദസ്സ് എട്ടു ജില്ലകൾ പിന്നിട്ട് ഇടുക്കി ജില്ലയിലെ തൊടുപുഴയിൽ എത്തിയപ്പോൾ വലിയ ബഹുജന മുന്നേറ്റമാണുണ്ടായതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇടുക്കിയിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നവകേരള സദസ്സിന് ഇടുക്കി ജില്ല നൽകുന്ന സ്വീകരണത്തിന്റെ വൈപുല്യവും ആവേശവും നിറഞ്ഞു നിൽക്കുന്നതായിരുന്നു തൊടുപുഴയിലെ ജനസഞ്ചയം.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് മുന്നോട്ടുവെച്ച പ്രകടന പത്രികയിലെ 380 -ആമത്തെ ഉറപ്പ് പ്രാവർത്തികമാക്കാൻ കഴിഞ്ഞതിന്റെ ചാരിതാർത്ഥ്യത്തോടെയാണ് നവകേരള സദസ്സ് ഇടുക്കിയുടെ മണ്ണിലേക്ക് കടക്കുന്നത്. ആറു പതിറ്റാണ്ടിലേറെക്കാലമായുള്ള മലയോര മേഖലയിലെ ജനങ്ങളുടെ ഭൂമി പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കണ്ടെത്തുക എന്ന ലക്ഷ്യം മുൻനിർത്തി, ഇക്കഴിഞ്ഞ സെപ്തംബർ 14 നാണ് 1960 ലെ ഭൂപതിവ് നിയമം കേരള നിയമസഭ ഭേദഗതി ചെയ്തത്. ഇതോടെ 1964 ലെ ഭൂപതിവ് ചട്ടങ്ങൾക്ക് മാറ്റം വരാൻ പോകുകയാണ്.

സ്വന്തം ഭൂമിയിൽ അവകാശമില്ലാതെ കഴിയേണ്ടിവരുന്ന മലയോര മേഖലയിലെ ജനങ്ങളുടെ അത്യധികം സങ്കീർണ്ണമായ ഭൂമി പ്രശ്നത്തെ ഏറ്റവും അനുഭാവപൂർവ്വം അഭിസംബോധന ചെയ്യാനാണ് സർക്കാർ ശ്രമിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കേരള നിയമസഭ ഏകകണ്ഠമായി പാസാക്കിയ 2023 ലെ "കേരളാ സർക്കാർ ഭൂമി പതിച്ചുകൊടുക്കൽ (ഭേദഗതി) ബിൽ" നിയമമാവുന്നതോടെ പതിച്ചു നൽകിയ ഭൂമിയിൽ കൃഷിക്കും വീടിനും പുറമെ സർക്കാർ അനുമതികളോടെ കാർഷിക മേഖലയിലെ വാണിജ്യ കേന്ദ്രങ്ങളിൽ നടത്തിയ നിർമ്മാണപ്രവർത്തനങ്ങളിൽ ഒരളവുവരെയുള്ളവ ഇളവനുവദിച്ച് സാധൂകരിക്കപ്പെടും. ഈ ബിൽ ഇനിയും ഗവർണ്ണർ അംഗീകരിച്ചു നൽകിയിട്ടില്ല.  

2016 ലെ സർക്കാർ വരുമ്പോൾ മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ അംഗീകാരം റദ്ദാക്കിയ നിലയിലായിരുന്നു ഇടുക്കി മെഡിക്കൽ കോളേജ്. വിദ്യാർത്ഥികളുടെ ഭാവി അനിശ്ചിതത്വത്തിൽ ആകുമെന്ന് കണ്ട് മറ്റു മെഡിക്കൽ കോളേജുകളിലേക്ക് ഇവരുടെ പഠനം മാറ്റി അംഗീകാരം നേടുകയായിരുന്നു. മെഡിക്കൽ കൗൺസിൽ ചൂണ്ടിക്കാട്ടിയ മതിയായ കിടക്കകളുള്ള ആശുപത്രി, കുട്ടികൾക്കുള്ള ഹോസ്റ്റൽ അക്കാദമിക്ക് ബ്ലോക്ക് ഇവയെല്ലാം തുടർന്ന് സജ്ജമാക്കി ഒപി ബ്ലോക്കിൻ്റെ നിർമ്മാണം പൂർത്തീകരിച്ചു. പുതിയ ബ്ലോക്കുകളുടെ നിർമ്മാണ പ്രവർത്തനങ്ങൾ നടന്നുവരുന്നു. ആശുപത്രിയുടെ പ്രവർത്തനത്തിനാവശ്യമായ ഉപകരണങ്ങൾ ലഭ്യമാക്കുന്നതിനും അവ പ്രവർത്തിപ്പിക്കുന്നതിനുള്ള മറ്റു സൗകര്യങ്ങൾ ഒരുക്കുന്നതിനും ഇടപെടലുകൾ നടത്തുകയും കഴിഞ്ഞ അക്കാദമിക് വർഷം മുതൽ 100 വിദ്യാർത്ഥികളെ പ്രവേശിപ്പിക്കുന്നതിന് അംഗീകാരം ലഭ്യമാകുകയും ചെയ്‌തിട്ടുണ്ട്. ഈ വർഷം പുതുതായി 60 വിദ്യാർത്ഥികൾ അടങ്ങുന്ന നേഴ്സിംഗ് കോളേജിൻ്റെ ബാച്ചും ആരംഭിച്ചു.

2016-21 കാലയളവിൽ ഇടുക്കി ജില്ലയിൽ 37,815 പേർക്കാണ് പട്ടയം അനുവദിച്ചത്. കഴിഞ്ഞ രണ്ട് വർഷക്കാലയളവിൽ ഇടുക്കിയിൽ 6459 പട്ടയങ്ങൾ വിതരണം ചെയ്‌തു. വനാവകാശ നിയമപ്രകാരം 368.94 ഏക്കർ ഭൂമിക്ക് കൈവശാവകാശ രേഖ നൽകി. ആനവിലാസം വില്ലേജ് - മൂന്നാർ മേഖലയിൽ നിന്നും വളരെ അകലെ സ്ഥിതിചെയ്യുന്നതും കാർഷികവൃത്തി മുഖ്യസ്രോതസ്സായി നിൽക്കുന്ന മേഖലയായ ആനവിലാസം വില്ലേജിൽ നിർമ്മാണ പ്രവർത്തനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയിരുന്നത് അവിടുത്തെ ജനങ്ങൾക്ക് ഉണ്ടാക്കിയ ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത് ഈ വില്ലേജിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നതിന് റവന്യൂ വകുപ്പിൻ്റെ എൻഒസി വേണമെന്ന നിബന്ധനയിൽ നിന്ന് ഒഴിവാക്കി.

മൂന്നാറിന്റെ വർഷങ്ങളായി നിലനിൽക്കുന്ന പരിസ്ഥിതി സന്തുലിത വികസന പ്രശ്നങ്ങൾക്ക് ശ്വാശ്വത പരിഹാരം കാണുക എന്നതാണ് സർക്കാരിന്റെ പ്രഖ്യാപിത നിലപാട്. ഇക്കാര്യത്തിലുള്ള നിർണ്ണായക ചുവടുവയ്‌പാണ് മൂന്നാർ ഹിൽ ഏര്യ അതോറിറ്റിയുടെ രൂപീകരണം. മൂന്നാർ മേഖലയിലെ പഞ്ചായത്തുകളുടെ ഒറ്റയ്ക്കൊറ്റയ്ക്കുള്ള പ്രവർത്തനത്തിലുപരി ദീർഘവീക്ഷണ കാഴ്‌ചപ്പാടോടെ മൂന്നാറിന്റെയും സമീപ പ്രദേശങ്ങളുടെയും വികസനം പ്രാദേശിക സർക്കാരുകളുടെ കൂട്ടായ ചർച്ചകളിലൂടെ ആസൂത്രണം ചെയ്യുക എന്നതാണ് അതോറിറ്റിയുടെ ലക്ഷ്യം.

മൂന്നാറിൻ്റെ വികസനം മുന്നിൽകണ്ട് നടപ്പാക്കേണ്ടതും ഒഴിവാക്കേണ്ടതുമായ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും അനധികൃത നിർമ്മാണങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തുകയും വേണം. ഈ മേഖലയുടെ വികസനം ലക്ഷ്യമാക്കിയുള്ള മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നതിനായി ജോയിൻ്റ് ആസൂത്രണ സമിതി രൂപീകരിച്ചിട്ടുണ്ട്. മൂന്നാറിന്റെ ജൈവ പാരിസ്ഥിതിക വ്യവസ്ഥയും ടൂറിസം സാധ്യതയും നിലനിർത്തുന്നതിന് ഉപയുക്തമായ തരത്തിലായിരിക്കും അതോറിറ്റിയുടെ പ്രവർത്തനം. പരിസ്ഥിതിലോല പ്രദേശങ്ങളുടെ ജൈവവൈവിധ്യം സംരക്ഷിക്കാനും ഉപജീവനമാർഗ്ഗം നിലനിർത്താനുമുള്ള ആവശ്യകത നിറവേറ്റാനും അതോറിറ്റിയുടെ പ്രവർത്തനത്തിലൂടെ സാധ്യമാകും.

പരിസ്ഥിതി സംതുലിത വികസനമാതൃകകൾക്കനുസൃതമായുള്ള നിർമ്മാണങ്ങളിലൂടെ ടൂറിസം സാധ്യത വികസിപ്പിക്കുക എന്നതാണ് ലക്ഷ്യം. ദേശീയതലത്തിൽ മികച്ച ടൂറിസം വില്ലേജിനുള്ള ഗോൾഡ് അവാർഡ് നേടിയത് കാന്തല്ലൂർ വില്ലേജാണ്. ഉത്തരവാദിത്ത ടൂറിസം മിഷൻ നടപ്പാക്കിയ ഗ്രീൻ സ്ട്രീറ്റ് പദ്ധതിക്കാണ് അവാർഡ്. ഈ പദ്ധതി ടൂറിസം, പഞ്ചായത്ത് വകുപ്പുകൾ സംയുക്തമായി നടപ്പാക്കിയതാണ്.

വിനോദ സഞ്ചാരവകുപ്പിൻ്റെ സഹകരണത്തോടെ വാഗമണ്ണിൽ കേരളത്തിലെ ആദ്യത്തെതും ഇന്ത്യയിലെ എറ്റവും നീളം കൂടിയതുമായ കാന്റിലിവർ ഗ്ലാസ്സ് ബ്രിഡ്‌ജ് വിനോദസഞ്ചാരികൾക്ക് തുറന്നുകൊടുത്തു. 

ഇന്ത്യയിലാദ്യമായി തോട്ടം മേഖലയ്ക്ക് വേണ്ടി ഒരു പ്ലാന്റേഷൻ ഡയറക്ടറേറ്റും ഉദ്യോഗസ്ഥ സംവിധാനവും രൂപീകരിച്ച സംസ്ഥാനമായി കേരളം മാറി. വ്യവസായ വകുപ്പിന് കീഴിലാണ് പ്ലാന്റേഷൻ ഡയറക്ടറേറ്റ്. പ്ലാന്റേഷൻ ഡയറക്ടറേറ്റിന്റെ ഉദ്ഘാടനം ജനുവരി മാസത്തിൽ നടക്കും. വ്യവസായ മേഖല അടിസ്ഥാനമാക്കി സംസ്ഥാനത്തു പുതിയ തോട്ടംനയം രൂപികരിക്കാൻ സർക്കാർ നടപടി തുടങ്ങി. ഇതിന്റെ ഭാഗമായി പ്ലാന്റേഷൻ മേഖലയെ സംബന്ധിച്ച സമഗ്രമായ പഠനം നടത്തുന്നതിന് ഐ ഐ എം കോഴിക്കോടിനെ ചുമതലപ്പെടുത്തി. 

സുഗന്ധവ്യഞ്ജന സംസ്കരണ ഫാക്ടറികൾ സ്ഥാപിക്കുന്നതിനായി ഇടുക്കി ജില്ലയിലെ തൊടുപുഴയിൽ സ്പൈസെസ് പാര്‍ക്ക് ആരംഭിച്ചു. ഇടുക്കി വ്യവസായത്തിൽ പിന്നിൽ ആണെന്ന പ്രചാരണം തെറ്റാണ് എന്ന് തെളിയിക്കുന്ന രീതിയിൽ ഉദ്ഘാടനത്തിനു മുൻപ് തന്നെ ഭൂരിഭാഗം ഭൂമിയും അലോട്ട് ചെയ്തു. സ്‌പൈസസ് പാർക്കിന്‍റെ രണ്ടാം ഘട്ടമായി ബാക്കിയുള്ള ഭൂമിയിൽ വികസന പ്രവർത്തനങ്ങൾ ഇതിനകം ആരംഭിച്ചിട്ടുണ്ട്. ഇതിൽ വികസിപ്പിച്ചെടുത്ത 10 ഏക്കറോളം ഭൂമി കിൻഫ്രയ്ക്ക് വ്യവസായ യൂണിറ്റുകൾക്ക് അലോട്ട് ചെയ്യാൻ കഴിയുന്നതാണ്. 7 ഏക്കർ ഭൂമി സ്പൈസസ് ബോർഡുമായി സംയുക്തമായി സുഗന്ധവ്യഞ്ജന കൃഷിക്കും അനുബന്ധ പ്രവർത്തനങ്ങൾക്കുമായി ഉപയോഗിക്കുവാനുമാണ് ഉദ്ദേശിക്കുന്നത്.

ഇങ്ങനെ ഇടുക്കി ജില്ലയുടെ സമഗ്രമായ വികസനത്തിനും ജനങ്ങളുടെ ക്ഷേമത്തിനും ഉതകുന്ന പ്രവർത്തനങ്ങളാണ് സർക്കാർ നടത്തുന്നത്. അതിന്റെ പ്രതിഫലനമാണ് ജനങ്ങളുടെ വൻ പങ്കാളിത്തത്തിൽ കാണുന്നത്. തൊടുപുഴയിൽ മാത്രം 9434 നിവേദനങ്ങളാണ് ലഭിച്ചത്. നവകേരള സദസ്സിന് എത്തുന്ന ജനങ്ങളുടെ വിശ്വാസമാണ് സർക്കാരിന്റെ കരുത്തെന്ന് മുഖ്യമന്ത്രി പറഞ്ഞു.