കോവിഡ് 19 : ജില്ലയില്‍ 17827 പേര്‍ നിരീക്ഷണത്തില്‍

post

പുതിയ പോസറ്റീവ് കേസുകള്‍ ഇല്ല

തൃശൂര്‍ : കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം 17827 ആയി. വീടുകളില്‍ 17785 പേരും ആശുപത്രികളില്‍ 42 പേരുമാണ് നിരീക്ഷണത്തിലുളളത്. തിങ്കളാഴ്ച (മാര്‍ച്ച് 30) 9 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 7 പേരെ വിടുതല്‍ ചെയ്തു. 2863 പേര്‍ വീടുകളില്‍ പുതുതായി നിരീക്ഷണത്തിലാണ്. 153 പേര്‍ നിരീക്ഷണകാലം പൂര്‍ത്തിയാക്കി.

തിങ്കളാഴ്ച (മാര്‍ച്ച് 30) ലഭിച്ച 31 പരിശോധനഫലങ്ങളില്‍ മുഴുവനും നെഗറ്റീവാണ്. 18 സാമ്പിളുകള്‍ തിങ്കളാഴ്ച (മാര്‍ച്ച് 30) പരിശോധനയ്ക്ക് അയച്ചു. ഇതുവരെ 667 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 617 സാമ്പിളുകളുടെ ഫലം ലഭിച്ചു. 50 പേരുടെ പരിശോധനാ ഫലം ഇനിയും ലഭിക്കാനുണ്ട്.

ജില്ലാ കണ്‍ട്രോള്‍ സെല്ലിലേക്ക് 479 അന്വേഷണങ്ങള്‍ ലഭിച്ചു. പരിശീലനം ലഭിച്ച സൈക്കോ-സോഷ്യല്‍ കൗണ്‍സിലര്‍മാര്‍ വഴിയുളള കൗണ്‍സലിങ് തുടരുകയാണ്.

തൃശൂര്‍ ഗവ. മോഡല്‍ ഗേള്‍സ്, ബോയ്സ്, ഗുരുവായൂര്‍ ഗവ. യു പി സ്‌കൂള്‍ എന്നിവിടങ്ങളില്‍ താമസിപ്പിച്ചിരിക്കുന്ന അഗതികള്‍ക്ക് പതിവ് സ്‌ക്രീനിങ് നടത്തുന്നു. ശക്തന്‍ പച്ചക്കറി മാര്‍ക്കറ്റില്‍ എത്തുന്ന ലോറി ഡ്രൈവര്‍മാരെയും തൊഴിലാളികളെയും സ്‌ക്രീനിങ്ങും ബോധവല്‍ക്കരണവും നടത്തി. 4512 പേരെയാണ് സ്‌ക്രീന്‍ ചെയ്തത്.

നാട്ടിലേക്ക് പോകുന്നതിനായി വയനാട്ടില്‍ നിന്ന് ടൂറിസം വകുപ്പിന്റെ സഹായത്തോടെ തിരുവനന്തപുരത്തേക്ക് യാത്ര ചെയ്ത 6 ജര്‍മന്‍കാര്‍ക്ക് പ്രാതലും വിശ്രമസൗകര്യവും നല്‍കാന്‍ ഗരുഡ ഹോട്ടല്‍സ് സ്വമേധയാ സന്നദ്ധമായി. ലാലൂര്‍, അടാട്ട്, മാടക്കത്തറ, മുണ്ടൂര്‍, ശോഭ സിറ്റി എന്നിവിടങ്ങളില്‍ അതിഥി തൊഴിലാളികള്‍ താമസിപ്പിച്ചിരിക്കുന്ന സ്ഥലങ്ങള്‍ അണുവിമുക്തമാക്കുകയും തൊഴിലാളികള്‍ക്ക് ബോധവല്‍ക്കരണം നല്‍കുകയും ചെയ്തു.