ഇനി കളിച്ചും രസിച്ചും കണ്ടും പഠിക്കാം; വർണത്തുമ്പികൾ ഒരുങ്ങി

post

പ്രകൃതി ഒരു അനുഭവമാകുന്ന ഇടങ്ങളെ പരിചയപ്പെടുത്തി തൃശൂർ വല്ലച്ചിറ ഗവ. യുപി സ്കൂൾ. ആരെയും അത്ഭുതപ്പെടുത്തുന്ന കാഴ്ചകളാൽ സമ്പന്നമായ വർണത്തുമ്പികളുടെ ഉദ്ഘാടനം കെ കെ രാമചന്ദ്രൻ എം എൽ എ നിർവഹിച്ചു. സംസ്ഥാനത്തെ ഏറ്റവും മികച്ച വർണകൂടാരമായി എസ് എസ് കെ തിരഞ്ഞെടുത്ത പദ്ധതി കൂടിയാണ് വല്ലച്ചിറ സ്കൂളിലേത്. കൂടാതെ സംസ്ഥാനത്ത് ആദ്യമായി പ്രത്യേക ഓർഡർ പ്രകാരം എംഎൽഎ ഫണ്ട് കൂടി വിനിയോഗിച്ചു വർണ്ണത്തുമ്പികൾ ഒരുക്കുന്ന ആദ്യ വിദ്യാലയം കൂടിയാണിത്.

എംഎൽഎയുടെ പ്രത്യേക വികസന ഫണ്ടിൽ നിന്നും 4.9 ലക്ഷം രൂപയും എസ്.എസ് കെയിൽ നിന്ന് 10 ലക്ഷം രൂപയും വല്ലച്ചിറ ഗ്രാമപഞ്ചായത്ത് വകയിരുത്തിയ അഞ്ചുലക്ഷം രൂപയും വിനിയോഗിച്ചാണ് വർണ്ണത്തുമ്പികൾ നിർമ്മിച്ചത്. പൈനാപ്പിൾ ആകൃതിയിലുള്ള കവാടം, അതിമനോഹരമായ പാറക്കെട്ടുകളിൽ നിന്നുള്ള വെള്ളച്ചാട്ടം, വായനയ്ക്കായി ഏറുമാടം തുടങ്ങിയ നിരവധി കൗതുകങ്ങളും പ്രത്യേകതകളും ഒളിപ്പിച്ച വിവിധ തീമുകളിൽ ഉള്ള 13 ഇടങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.

പരിപാടിയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ മനോജ് അധ്യക്ഷത വഹിച്ചു. ചേർപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ ബാലകൃഷ്ണൻ മാസ്റ്റർ, വല്ലച്ചിറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് വനജ ബാബു, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സന്ധ്യ കുട്ടൻ,ബ്ലോക്ക് മെമ്പർ സജീവൻ,സ്കൂൾ അധികൃതർ, ബി ആർ സി ഉദ്യോഗസ്ഥർ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ, പിടിഎ ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.