സംസ്ഥാനത്തെ 44 തീരദേശ റോഡുകൾ ഉദ്ഘാടനം ചെയ്തു

post

* മത്സ്യബന്ധന മേഖലയിലെ മാറ്റത്തിന്റെ പ്രതിഫലനമാണെന്ന് മന്ത്രി സജി ചെറിയാൻ

തീരദേശത്തെ മറ്റ് മേഖലയുമായി ബന്ധിപ്പിക്കുന്നതിനും മത്സ്യവിപണനം സുഗമമാക്കുന്നതിനുമായി സംസ്ഥാന ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പ് സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ നിര്‍മിച്ച 44 തീരദേശ റോഡുകളുടെ ഉദ്ഘാടനം മത്സ്യബന്ധന വകുപ്പ് മന്ത്രി സജി ചെറിയാന്‍ നിര്‍വഹിച്ചു. സംസ്ഥാനത്ത് 23.12 കോടി രൂപ ചെലവിട്ട് 25 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള 44 റോഡുകളുടെ ഉദ്ഘാടനമാണ് ഓൺലൈനായി മന്ത്രി നിര്‍വഹിച്ചത്. തീരപ്രദേശത്ത് സംസ്ഥാന സർക്കാർ നടപ്പിലാക്കിയ വിവിധ പദ്ധതികളിലൂടെ മത്സ്യബന്ധന മേഖലയിലുണ്ടായ മാറ്റത്തിന്റെ പ്രതിഫലനമാണ് 44 റോഡുകൾ ഒരുമിച്ച് ഉദ്ഘാടനം ചെയ്തതിലൂടെ പ്രകടമാകുന്നതെന്ന് മന്ത്രി പറഞ്ഞു.

മത്സ്യ മേഖലയിലും തീരപ്രദേശത്തും സമഗ്രമായ വികസനം നടത്തുകയാണ് സർക്കാരിന്റെ ലക്ഷ്യം. ഇതിനോടൊപ്പം തന്നെ തീരസംരക്ഷണം, മത്സ്യത്തൊഴിലാളികളുടെ തൊഴിൽ സംരക്ഷണം, സ്ത്രീസംരക്ഷണം, വിദ്യാഭ്യാസം തുടങ്ങിയവയും സർക്കാരിന് പ്രധാനമാണ്. പൂന്തുറയിൽ തീരസംരക്ഷണത്തിനായി നടപ്പിലാക്കിയ ജിയോ ട്യൂബ് വിജയിച്ചാൽ കേരളത്തിൽ മുഴുവൻ വ്യാപിപ്പിക്കും. മത്സ്യബന്ധന കുടുംബങ്ങളിലെ അംഗങ്ങൾക്ക് തൊഴിൽ ഉറപ്പാക്കുന്നതിന് തൊഴിൽ തീരം പദ്ധതിയും നടപ്പിലാക്കി വരുന്നു. ഫിഷറീസ് യൂണിവേഴ്സിറ്റിയിൽ കൂടുതൽ കോഴ്സുകൾ ആരംഭിക്കും. കഴിഞ്ഞ ഏഴര വർഷത്തിനിടെ മത്സ്യബന്ധന കുടുംബങ്ങളിലെ 85 പേർ ഡോക്ടർമാരായി. മത്സ്യത്തൊഴിലാളികൾക്ക് ഇടനിലക്കാരില്ലാതെ മത്‌സ്യം വിൽക്കാൻ സഹായിക്കുന്ന നിയമം ഉടൻ നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു. 


തീരദേശ മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിനായി സംസ്ഥാന സര്‍ക്കാര്‍ വിവിധ പദ്ധതികള്‍ നടപ്പിലാക്കി വരുന്നുണ്ട്. ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പ് മുഖേന മത്സ്യബന്ധന തുറമുഖങ്ങളുടെയും മത്സ്യം കരയ്ക്കടുപ്പിക്കല്‍ കേന്ദ്രങ്ങളുടെയും നിര്‍മ്മാണം, പരിപാലനം, തീരദേശത്തെ സ്‌കൂളുകള്‍, ആശുപത്രികള്‍ എന്നിവയുടെ നിര്‍മ്മാണം, തീരസംരക്ഷണ പ്രവൃത്തികള്‍, തീരദേശത്തെ ടൂറിസം പ്രവൃത്തികള്‍, ഫിഷ് ഫാം, മത്സ്യത്തൊഴിലാളികള്‍ക്കായുള്ള പുനര്‍ഗേഹം പ്രവൃത്തികള്‍ എന്നിവയും നടപ്പിലാക്കിവരുന്നു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് (2016-21) തീരദേശ റോഡുകളുടെ പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 10 ജില്ലകളിലെ 67 നിയോജക മണ്ഡലങ്ങളിലായി 1792 റോഡുകള്‍ക്കായി 782.95 കോടി രൂപയാണ് അനുവദിച്ചത്. ഇതില്‍ 1607 റോഡുകള്‍ നവീകരിച്ചു. 58 പ്രവര്‍ത്തികള്‍ പുരോഗമിക്കുകയാണ്. ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം 11 ജില്ലകളിലെ 71 നിയോജക മണ്ഡലങ്ങളിലായി 458 റോഡുകളുടെ നിര്‍മാണത്തിനായി 251.02 കോടി രൂപയും അനുവദിച്ചു. ഇതില്‍ 192 റോഡുകളുടെ നിര്‍മാണം പൂര്‍ത്തിയാവുകയും 142 എണ്ണത്തിന്റെ നിര്‍മാണം പുരോഗമിക്കുകയുമാണ്. 

തിരുവനന്തപുരം ജില്ലയില്‍ നവീകരണത്തിനായി ഭരണാനുമതി ലഭിച്ച 56 റോഡുകളിൽ 24 എണ്ണം പൂര്‍ത്തീകരിക്കുകയും 18 എണ്ണം പുരോഗമിക്കുകയും ചെയ്യുന്നു. 141.3 ലക്ഷം രൂപ ചെലവില്‍ നിര്‍മിച്ച രണ്ടു കിലോമീറ്റര്‍ നീളം വരുന്ന നാല് റോഡുകളുടെ ഉദ്ഘാടനമാണ് ജില്ലയില്‍ നടന്നത്. കൊല്ലം ജില്ലയില്‍ ഭരണാനുമതി ലഭിച്ച 29 റോഡുകളില്‍ 7 എണ്ണം പൂര്‍ത്തീകരിക്കുകയും 12 എണ്ണം പുരോഗമിക്കുകയും ചെയ്യുന്നു. 111.6 ലക്ഷം രൂപ ചെലവില്‍ രണ്ടു കിലോമീറ്റര്‍ ദൂരത്തില്‍ നിര്‍മിച്ച രണ്ടു റോഡുകളുടെ ഉദ്ഘാടനമാണ് ജില്ലയില്‍ മന്ത്രി നിര്‍വഹിച്ചത്. ആലപ്പുഴയില്‍ ഭരണാനുമതി ലഭിച്ച 83 റോഡുകളില്‍ 23 എണ്ണം പൂര്‍ത്തീകരിക്കുകയും 32 എണ്ണം പുരോഗമിക്കുകയും ചെയ്യുന്നു. ജില്ലയില്‍ 415.50 ലക്ഷം രൂപ ചെലവില്‍ നിര്‍മിച്ച നാല് കിലോമീറ്റര്‍ നീളത്തിലുള്ള ആറ് റോഡുകളുടെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. 


തൃശ്ശൂര്‍ ജില്ലയില്‍ ഭരണാനുമതി ലഭിച്ച 35 റോഡുകളില്‍ 17 എണ്ണം പൂര്‍ത്തീകരിക്കുകയും 8 എണ്ണം പുരോഗമിക്കുകയും ചെയ്യുന്നു. ജില്ലയില്‍ 238.2 ലക്ഷം രൂപ ചെലവഴിച്ച് നിര്‍മിച്ച നാല് റോഡുകളുടെ ഉദ്ഘാടവും മന്ത്രി നിര്‍വഹിച്ചു. മലപ്പുറം ജില്ലയില്‍ ഭരണാനുമതി ലഭിച്ച 60 റോഡു പ്രവൃത്തികളില്‍ 35 എണ്ണം പൂര്‍ത്തീകരിക്കുകയും 19 എണ്ണം പുരോഗമിക്കുകയാണ്. 329.80 ലക്ഷ രൂപ ചെലവഴിച്ച് ജില്ലയില്‍ മൂന്ന് കിലോമീറ്റര്‍ നീളത്തില്‍ നിര്‍മിച്ച ഏഴ് റോഡുകളും മന്ത്രി നാടിന് സമര്‍പ്പിച്ചു. 

കോഴിക്കോട് ജില്ലയില്‍ ഭരണാനുമതി ലഭിച്ച 57 റോഡു പ്രവൃത്തികളില്‍ 30 എണ്ണം പൂര്‍ത്തീകരിച്ചു. 8 എണ്ണം പുരോഗമിക്കുന്നു.3 കിലോമീറ്റര്‍ നീളം വരുന്ന 374.40 ലക്ഷം രൂപയുടെ 10 റോഡ് പ്രവൃത്തികളുടെ പൂര്‍ത്തീകരണ ഉദ്ഘാടനമാണ് മന്ത്രി നിര്‍വഹിച്ചത്. കണ്ണൂര്‍ ജില്ലയില്‍ ഭരണാനുമതി ലഭിച്ച 71 റോഡു പ്രവൃത്തികളില്‍ 27 എണ്ണം പൂര്‍ത്തീകരിക്കുകയും 26 എണ്ണം പുരോഗമിക്കുകയും ചെയ്യുന്നു .8 കിലോമീറ്റര്‍ നീളം വരുന്ന 666.10 ലക്ഷം രൂപയുടെ 10 റോഡ് പ്രവൃത്തികള്‍ പൂര്‍ത്തിയായി.


കാസര്‍ഗോഡ് ജില്ലയില്‍ ഭരണാനുമതി ലഭിച്ച 33 റോഡു പ്രവൃത്തികളില്‍ 15 എണ്ണം പൂര്‍ത്തീകരിക്കുകയും 6 എണ്ണം പുരോഗമിക്കുകയും ചെയ്യുന്നു.350 മീറ്റര്‍ നീളം വരുന്ന 34.70 ലക്ഷം രൂപയുടെ റോഡാണ് ജില്ലയില്‍ ഉദ്ഘാടനം ചെയ്തത്. 

2023-24 സാമ്പത്തിക വര്‍ഷം 151 തീരദേശ റോഡുകളുടെ പുനരുദ്ധാരണ പദ്ധതിയ്ക്കായി 88.20 കോടി രൂപ വകയിരുത്തിയത്. ഇതിൽ 2 പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കുകയും 36 റോഡ് പ്രവൃത്തികള്‍ പുരോഗമിക്കുകയും ചെയ്യുന്നു. ബാക്കി പ്രവൃത്തികള്‍ ഉടൻ ആരംഭിക്കും. 2024-25 സാമ്പത്തിക വര്‍ഷം തീരദേശ റോഡുകളുടെ പുനരുദ്ധാരണത്തിന് 92.61 കോടി രൂപ ബഡ്ജറ്റില്‍ വകയിരുത്തിയിട്ടുണ്ട്.