സ്വരാജ് ട്രോഫി, മഹാത്മാ പുരസ്കാരം, മഹാത്മാ- അയ്യങ്കാളി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

post

സംസ്ഥാനത്ത് 2022-23 വർഷം മികച്ച പ്രവർത്തനം കാഴ്ചവച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് സംസ്ഥാന സർക്കാർ നൽകുന്ന സ്വരാജ് ട്രോഫി, മഹാത്മാ പുരസ്കാരം, മഹാത്മാ അയ്യങ്കാളി പുരസ്കാരം എന്നിവ പ്രഖ്യാപിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷാണ് പുരസ്കാര പ്രഖ്യാപനം നടത്തിയത്.

സ്വരാജ് ട്രോഫിയിൽ ജില്ലാ പഞ്ചായത്തുകളിൽ തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് മികച്ച ജില്ലാ പഞ്ചായത്തിനുള്ള ഒന്നാം സ്ഥാനവും കൊല്ലം ജില്ലാ പഞ്ചായത്ത് രണ്ടാം സ്ഥാനവും നേടി. സംസ്ഥാന തലത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കിയിട്ടുള്ള ജില്ലാ പഞ്ചായത്തുകൾക്ക് 50 ലക്ഷം രൂപ, 40 ലക്ഷം രൂപ എന്നീ ക്രമത്തിൽ അവാർഡ് തുകയും സ്വരാജ് ട്രോഫിയും സാക്ഷ്യപത്രവും ലഭിക്കും.

ബ്ലോക്ക് പഞ്ചായത്തുകളിൽ സംസ്ഥാനതലത്തിൽ നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് (കാസർഗോഡ് ജില്ല), പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് (മലപ്പുറം ജില്ല), വൈക്കം ബ്ലോക്ക് പഞ്ചായത്ത് (കോട്ടയം ജില്ല) എന്നിവ ഒന്നാം സ്ഥാനം പങ്കിട്ടു. ഇവർക്ക് 40 ലക്ഷം രൂപ വീതം അവാർഡ് തുകയും സ്വരാജ് ട്രോഫിയും സാക്ഷ്യപത്രവും ലഭിക്കും.

ഗ്രാമപഞ്ചായത്തുകളിൽ സംസ്ഥാന തലത്തിൽ വലിയപറമ്പ ഗ്രാമപഞ്ചായത്ത് (കാസർഗോഡ് ജില്ല) ഒന്നാം സ്ഥാനവും മുട്ടാർ ഗ്രാമ പഞ്ചായത്ത് (ആലപ്പുഴ ജില്ല) രണ്ടാം സ്ഥാനവും മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്ത് (കോട്ടയം ജില്ല) മൂന്നാം സ്ഥാനവും നേടി. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കിയിട്ടുള്ള ഗ്രാമപഞ്ചായത്തുകൾക്ക് 50 ലക്ഷം രൂപ, 40 ലക്ഷം രൂപ, 30 ലക്ഷം രൂപ എന്നീ ക്രമത്തിൽ അവാർഡ് തുകയും സ്വരാജ് ട്രോഫിയും സാക്ഷ്യപത്രവും ലഭിക്കും.

മുനിസിപ്പാലിറ്റികളിൽ സംസ്ഥാനതലത്തിൽ ഗുരുവായൂർ നഗരസഭ (തൃശൂർ ജില്ല) ഒന്നാം സ്ഥാനവും, വടക്കാഞ്ചേരി നഗരസഭ (തൃശൂർ ജില്ല) രണ്ടാം സ്ഥാനവും, ആന്തൂർ നഗരസഭ (കണ്ണൂർ ജില്ല) മൂന്നാം സ്ഥാനവും നേടി. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കിയിട്ടുള്ള മുനിസിപ്പാലിറ്റികൾക്ക് 50 ലക്ഷം രൂപ, 40 ലക്ഷം രൂപ, 30 ലക്ഷം രൂപ എന്നീ ക്രമത്തിൽ അവാർഡ് തുകയും സ്വരാജ് ട്രോഫിയും സാക്ഷ്യപത്രവും ലഭിക്കും.

മുനിസിപ്പൽ കോർപ്പറേഷൻ വിഭാഗത്തിൽ തിരുവനന്തപുരം കോർപ്പറേഷൻ ഒന്നാം സ്ഥാനം നേടി. 50 ലക്ഷം രൂപ അവാർഡ് തുകയും സ്വരാജ് ട്രോഫിയും സാക്ഷ്യപത്രവും ലഭിക്കും.

ജില്ലാതല പുരസ്കാരങ്ങൾ ചുവടെ: (ഒന്നും രണ്ടും സ്ഥാനക്രമത്തിൽ)

തിരുവനന്തപുരം- ഉഴമലയ്ക്കൽ, മംഗലപുരം. കൊല്ലം- ശാസ്താംകോട്ട, കുന്നത്തൂർ. പത്തനംതിട്ട- അരുവാപ്പുലം, പന്തളം തെക്കേക്കര. ആലപ്പുഴ- പുന്നപ്ര സൗത്ത്, വീയപുരം. കോട്ടയം- തിരുവാർപ്പ്, വെളിയന്നൂർ. ഇടുക്കി- ചക്കുപള്ളം, ഉടുമ്പന്നൂർ. എറണാകുളം- പാലക്കുഴ, മണീട്. തൃശൂർ- എളവള്ളി, മറ്റത്തൂർ. പാലക്കാട്- വെള്ളിനേഴി, കൊടുവായൂർ. മലപ്പുറം- എടപ്പാൾ, ആനക്കയം. കോഴിക്കോട്- ചേമഞ്ചേരി, പെരുമണ്ണ. വയനാട്- മീനങ്ങാടി, തരിയോട്. കണ്ണൂർ- കതിരൂർ, കരിവെള്ളൂർ പെരളം, പെരിങ്ങോം വയക്കര (രണ്ടാം സ്ഥാനം രണ്ടു പഞ്ചായത്തുകൾക്ക്). കാസർഗോഡ്- ചെറുവത്തൂർ, ബേഡഡുക്ക.

ജില്ലാ തലത്തിൽ ഒന്നും രണ്ടും സ്ഥാനം കരസ്ഥമാക്കിയിട്ടുള്ള ഗ്രാമപഞ്ചായത്തുകൾക്ക് യഥാക്രമം 20 ലക്ഷം രൂപ, 10 ലക്ഷം രൂപ അവാർഡ് തുകയും സ്വരാജ് ട്രോഫിയും സാക്ഷ്യപത്രവും ലഭിക്കുന്നതാണ്. കണ്ണൂർ ജില്ലയിൽ 2 ഗ്രാമ പഞ്ചായത്തുകൾ തുല്യ സ്കോർ നേടി രണ്ടാം സ്ഥാനത്തെത്തിയിട്ടുള്ളതിനാൽ രണ്ടാം സ്ഥാനത്തിനുള്ള അവാർഡ് തുക തുല്യമായി വീതിച്ചു നൽകും.

ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ സംസ്ഥാന, ജില്ലാ തലങ്ങളിൽ മികച്ച പ്രവർത്തനം കാഴ്ചവച്ച ഗ്രാമപഞ്ചായത്തുകൾക്കുള്ള മഹാത്മാ പുരസ്കാരവും പ്രഖ്യാപിച്ചു. ബ്ലോക്ക് പഞ്ചായത്തുകളിൽ പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്ത് (തിരുവനന്തപുരം) ഒന്നാം സ്ഥാനവും, അട്ടപ്പാടി ബ്ലോക്ക് ഗ്രാമപഞ്ചായത്ത് (പാലക്കാട്) രണ്ടാം സ്ഥാനവും, കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് (ആലപ്പുഴ) മൂന്നാം സ്ഥാനവും നേടി.

ഗ്രാമപഞ്ചായത്തുകളിൽ വെള്ളറട (തിരുവനന്തപുരം), എടപ്പാൾ (മലപ്പുറം) ഗ്രാമപഞ്ചായത്തുകൾ സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനവും, കള്ളിക്കാട് (തിരുവനന്തപുരം) രണ്ടാം സ്ഥാനവും പുത്തൂർ (പാലക്കാട്) മൂന്നാം സ്ഥാനവും നേടി.

മഹാത്മാ പുരസ്കാരം – മികച്ച ഗ്രാമപഞ്ചായത്ത് (ജില്ലാതലം)

(ഒന്നും രണ്ടും സ്ഥാനക്രമത്തിൽ)

തിരുവനന്തപുരം- അമ്പൂരി, അണ്ടൂർക്കോണം. കൊല്ലം- മയ്യനാട്, ഓച്ചിറ. പത്തനംതിട്ട- മൈലപ്ര, കൊടുമൺ (ഒന്നാം സ്ഥാനം രണ്ടു ഗ്രാമപഞ്ചായത്തുകൾക്ക്) ഓമല്ലൂർ. ആലപ്പുഴ- കഞ്ഞിക്കുഴി, മുട്ടാർ. കോട്ടയം- മറവൻതുരുത്ത്, തലയാഴം. ഇടുക്കി- രാജകുമാരി, ഇടമലക്കുടി. എറണാകുളം- കരുമാലൂർ, പള്ളിപ്പുറം. തൃശ്ശൂർ- അതിരപ്പള്ളി, കാട്ടകാമ്പാൽ. പാലക്കാട്- ഷോളയൂർ, അഗളി. മലപ്പുറം- ആതവനാട്, കണ്ണമംഗലം. കോഴിക്കോട്- മൂടാടി, ചെറുവണ്ണൂർ. വയനാട്- എടവക, വേങ്ങപ്പള്ളി. കണ്ണൂർ- അഞ്ചരക്കണ്ടി, ഉളിക്കൽ. കാസർഗോഡ്- മടിക്കൈ, പനത്തടി.

സംസ്ഥാന തലത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കിയിട്ടുള്ളവ ഒഴികെയുള്ള ഗ്രാമ പഞ്ചായത്തുകളിൽ നിന്നുമാണ് ജില്ലാ തലത്തിലുള്ള മികച്ച ഗ്രാമ പഞ്ചായത്തുകളെ തെരെഞ്ഞെടുത്തിട്ടുള്ളത്.

തൊഴിലുറപ്പ് പദ്ധതി നടത്തിപ്പിലെ മികവു പരിഗണിച്ച് മുനിസിപ്പാലിറ്റികൾക്കും കോർപ്പറേഷനുകൾക്കും നൽകുന്ന മഹാത്മാ അയ്യങ്കാളി പുരസ്കാരവും മന്ത്രി പ്രഖ്യാപിച്ചു. കോർപ്പറേഷനുകളിൽ കൊല്ലം കോർപ്പറേഷൻ പുരസ്കാരം നേടി. മുനിസിപ്പാലിറ്റികളിൽ വടക്കാഞ്ചേരി നഗരസഭ ഒന്നാം സ്ഥാനവും വൈക്കം നഗരസഭ രണ്ടാം സ്ഥാനവും നേടി.