കാസര്‍കോട് ജില്ലയ്ക്ക് പ്രത്യേക ആക്ഷന്‍ പ്ലാന്‍
തിരുവനന്തപുരം : കൂടുതല്‍ രോഗവ്യാപന ഭീഷണിയുയര്‍ന്ന കാസര്‍കോട് ജില്ലയ്ക്കുവേണ്ടി പ്രത്യേക ആക്ഷന്‍ പ്ലാന്‍ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. പഞ്ചായത്ത് തല ഡാറ്റാ എടുത്ത് പെട്ടെന്നുതന്നെ ടെസ്റ്റിന് അയക്കും. ചുമയും പനിയും ഉള്ളവരുടെയും അവരുമായി ബന്ധപ്പെട്ടവരുടെയും പട്ടിക തയാറാക്കും.
കാസര്‍കോട് മെഡിക്കല്‍ കോളേജില്‍ കോവിഡ് സെന്റര്‍ പ്രവര്‍ത്തനം തുടങ്ങുകയാണ്. കാസര്‍കോട് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ ടെസ്റ്റിങ്ങിന് ഐസിഎംആര്‍ അനുമതി ലഭിച്ചിട്ടുണ്ട്. കാസര്‍കോട്ടെ ആശുപത്രികളിലാണ് ഏറ്റവും കൂടുതല്‍ പേര്‍ നിരീക്ഷണത്തിലുള്ളത്- 163 പേര്‍. കണ്ണൂരില്‍ 108 പേരും മലപ്പുറത്ത് 102 പേരും ആശുപത്രികളില്‍ നിരീക്ഷണത്തിലാണ്. കോവിഡ്19 സ്ഥിരീകരിക്കുന്നത് സംബന്ധിച്ച ടെസ്റ്റിങ്ങില്‍ നല്ല പുരോഗതിയുണ്ട്. ലാബുകള്‍ കൂടുതല്‍ സാമ്പിള്‍ എടുക്കാന്‍ തുടങ്ങിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
മാസ്‌കുകളുടെ കാര്യത്തില്‍ ദൗര്‍ലഭ്യമില്ല. എന്‍ 95 മാസ്‌ക് രോഗികളുമായി നേരിട്ട് ബന്ധപ്പെടുന്നവര്‍ക്കു മാത്രം മതി എന്നതടക്കമുള്ള മാര്‍ഗനിര്‍ദേശം നല്‍കിയിട്ടുണ്ട്. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ചുമതലപ്പെട്ട കാര്യങ്ങള്‍ നിര്‍വഹിക്കാനുള്ള സഹായസഹകരണങ്ങള്‍ നല്‍കാനുള്ള ഉത്തരവാദിത്തം സമൂഹത്തിന്റേതാണ്. പല ഘട്ടങ്ങളിലും അവരെ പരിഹസിക്കുന്നതായും മറ്റും ആക്ഷേപം വന്നിട്ടുണ്ട്. അത്തരം പ്രവണത നല്ലതല്ല. ആദരിക്കാന്‍ കഴിഞ്ഞില്ലെങ്കിലും നിന്ദിക്കുന്ന നില വരരുത്. ഇക്കാര്യം സര്‍ക്കാര്‍ ഗൗരവമായി കാണും.
മുംബെയില്‍നിന്നും ഡെല്‍ഹിയില്‍നിന്നും മറ്റും ആശുപത്രികളിലെ നഴ്‌സുമാര്‍ രോഗഭീതിയില്‍ വിളിക്കുന്നുണ്ട്. ലോക രാഷ്ട്രങ്ങളിലും കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ആരോഗ്യപ്രവര്‍ത്തകരില്‍ മലയാളി സാന്നിധ്യമുണ്ട്. അവരുടെ സുരക്ഷയുള്‍പ്പെടെയുള്ള വിഷയങ്ങള്‍ കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തും.
നിസാമുദ്ദീനിലും മലേഷ്യയിലും നടന്ന മതസമ്മേളനത്തില്‍ പങ്കെടുത്ത് തിരിച്ചെത്തിയവര്‍ക്കുണ്ടായ രോഗബാധയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പൊലീസ് വിശദമായ പരിശോധന നടത്തിയിട്ടുണ്ട്. പങ്കെടുത്തവരുടെ ലിസ്റ്റ് ജില്ലാ കലക്ടര്‍മാര്‍ മുഖേന നല്‍കി മുന്‍കരുതല്‍ എടുത്തിട്ടുമുണ്ട്.