കൊരട്ടി കാടുകുറ്റി കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു

post

ഡാമുകളുടെ സംഭരണ ശേഷി വര്‍ധിപ്പിക്കുന്ന കാര്യം പരിഗണിക്കും: മന്ത്രി റോഷി അഗസ്റ്റിൻ

ജലജീവന്‍ മിഷന്‍ പദ്ധതിയുടെ ഭാഗമായി തൃശൂർ ജില്ലയിലെ കൊരട്ടി കാടുകുറ്റി പഞ്ചായത്തുകള്‍ക്കുള്ള കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നിർവഹിച്ചു. ഡാമുകളുടെ സംഭരണ ശേഷി വര്‍ധിപ്പിക്കുന്ന കാര്യം പരിഗണിക്കുമെന്ന് മന്ത്രി പറഞ്ഞു. ആളിയാര്‍ കരാറുമായിട്ടുള്ള പ്രശ്‌നങ്ങള്‍ തമിഴ്നാട് സര്‍ക്കാരുമായി ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.

മൂന്ന് പഞ്ചായത്തുകളുടെ കുടിവെള്ള ക്ഷാമത്തിനാണ് പദ്ധതി മൂലം പരിഹാരമാവുന്നത്. ജൽ ജീവൻ മിഷൻ പദ്ധതിയുടെ കീഴിൽ 12.84 കോടി രൂപയുടെ സാങ്കേതിക അനുമതിയോടെ കൊരട്ടി പഞ്ചായത്ത് പൂർണമായും, കാടുകുറ്റി പഞ്ചായത്ത് ഭാഗികമായും മേലൂർ പഞ്ചായത്ത് പരോക്ഷമായി മുഴുവൻ കുടുംബങ്ങൾക്കും ആളോഹരി 100 ലിറ്റർ ശുദ്ധജലം പ്രതിദിനം എത്തിക്കാനാവുംവിധം രൂപകൽപന ചെയ്‌ത കുടിവെള്ള പദ്ധതിയുടെ പ്രവർത്തനോദ്ഘാടനമാണ് നടന്നത്. ചാലക്കുടിപുഴ സ്രോതസ്സായുള്ള പദ്ധതിയിൽ കൊരട്ടി പഞ്ചായത്തിലെ പാറക്കൂട്ടം എന്ന സ്ഥലത്ത് പുതുതായി നിർമ്മിച്ച 6 ദശലക്ഷം ലിറ്റർ ശേഷിയുള്ള ശുദ്ധീകരണശാലയിൽ ജലം ശുദ്ധീകരിച്ച് പാറക്കൂട്ടത്തിൽ പുതുതായി നിർമ്മിച്ച 9 ലക്ഷം ലിറ്റർ ശേഷിയുള്ള ഉന്നത ജല സംഭരണിയിലും, നിലവിലെ 6.5 ലക്ഷം ലിറ്റർ ശേഷിയുള്ള ഉന്നത ജല സംഭരണിയിലും, സംഭരിച്ച് പുതുതായി സ്ഥാപിക്കുന്ന ശുദ്ധജല വിതരണ ശ്യംഖല വഴി ഇരുപഞ്ചായത്തുകളിലും വിതരണം ചെയ്യുന്നതിനുമാണ് വിഭാവനം ചെയ്‌തിട്ടുള്ളത്.


പരിപാടിയിൽ സനീഷ് കുമാര്‍ ജോസഫ് എംഎല്‍എ അധ്യക്ഷനായി. ബെന്നി ബെഹനാന്‍ എം.പി. മുഖ്യാതിഥിയായി. പഞ്ചായത്ത് പ്രസിഡന്റ് വി.എസ്.പ്രിന്‍സ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രസിഡന്റ് വേണു കണ്ടരുമഠത്തില്‍, പഞ്ചായത്ത് പ്രസിഡന്റുമായ പി.സി.ബിജു, എം.എസ്.സുനിത, പ്രിന്‍സി ഫ്രാന്‍സീസ്, ജില്ല പഞ്ചായത്ത് അംഗം ലീല സുബ്രഹ്മണ്യന്‍, ബ്ലോക്ക് മെമ്പര്‍ സിന്ധു രവി, പഞ്ചായത്തംഗം ബിജി സുരേഷ്, കെ.ആര്‍ സുമേഷ്, റിന്‍സി രാജേഷ്, കേരള വാട്ടർ അതോറിറ്റി മാനേജിംഗ് ഡയറക്ടർ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ്, ചീഫ് എന്‍ജിനീയര്‍ വി.കെ.പ്രദീപ് തുടങ്ങിയവര്‍ സംസാരിച്ചു.