നവോത്ഥാനത്തിന്റെ രാഷ്ട്രീയ തുടർച്ചയാണ് കേരള മാതൃകയുടെ കരുത്തെന്ന് മുഖ്യമന്ത്രി

post

മുഖാമുഖ പരിപാടി: ആദിവാസി, ദളിത് വിഭാഗങ്ങളുമായി മുഖ്യമന്ത്രി സംവദിച്ചു

ഇന്ത്യയിൽ ശക്തമായ നവോത്ഥാന മുന്നേറ്റം ഉണ്ടായിരുന്ന സംസ്ഥാനങ്ങൾ പോലും മൂല്യങ്ങൾ അന്ധകാരത്തിലേക്കു വീഴുമ്പോൾ കേരളത്തിന് നവോത്ഥാന മൂല്യങ്ങൾ കാത്തു സൂക്ഷിക്കാനായെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നവോത്ഥാന പ്രസ്ഥാനങ്ങൾക്ക് രാഷ്ട്രീയ തുടർച്ചയേകാൻ കേരളത്തിന് കഴിഞ്ഞതുകൊണ്ടാണ് ഇത് സാധ്യമായത്. മറ്റ് സംസ്ഥാനങ്ങളിൽ നിന്നും കേരളത്തെ വ്യത്യസ്തമാക്കുന്നതും ഇക്കാര്യമാണ് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നവകേരള സദസിന്റെ തുടർച്ചയായി ആദിവാസി ദളിത് മേഖലയിലെ വിഷയങ്ങൾ സംബന്ധിച്ച് മുഖ്യമന്ത്രിയുടെ മുഖ്യമന്ത്രിയുടെ മുഖാമുഖം പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നവോത്ഥാന പ്രസ്ഥാനങ്ങൾ നേടിയെടുത്ത അവകാശങ്ങൾ സംരക്ഷിക്കാനും വ്യാപിപ്പിക്കാനും പുരോഗമന പ്രസ്ഥാനങ്ങൾ കാണിച്ച നിഷ്‌കർഷയാണ് കേരളത്തെ മാറ്റി മറിച്ചത്. അയ്യങ്കാളിയെ പോലുള്ളവർ നിന്നിടത്ത് നിന്ന് മുന്നോട്ട് പോവുകയാണ് നമ്മൾ ചെയ്തത്. ഇടത്പക്ഷ പ്രസ്ഥാനങ്ങളാണ് ഇതിന് തുണയായത്. ഭൂപരിഷ്‌കരണം, ആദിവാസി സമൂഹത്തിന്റെ നവീകരണം തുടങ്ങിയ രാഷ്ട്രീയ ഇടപെടലുകളാണ് കേരളത്തെ മാറ്റിയത്. അത്തരം രാഷ്ട്രീയ ഇടപെടലുകൾ നടക്കാത്ത സംസ്ഥാനങ്ങൾ ഇരുട്ടിലേക്ക് വഴുതിവീണു. കേരളത്തിന്റെ ഈ മാറ്റം ദൃഢീകരിച്ച് പുരോഗമനപരമായ വലിയ മാറ്റങ്ങൾ വരുത്താനുള്ള ശ്രമങ്ങളിലാണ് സംസ്ഥാന സർക്കാർ. മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

നവകേരള യാത്ര, നവോത്ഥാന സംരക്ഷണ സമിതി, നവകേരള സദസ് തുടങ്ങി വിവിധ പരിപാടികളിൽ കണ്ടുമുട്ടിയവരാണ് നമ്മൾ. ഈ മുഖാമുഖം ഒരു തുടർപ്രക്രിയയാണ്. ഇവിടുത്തെ നിർദ്ദേശങ്ങളെ ഗൗരവപൂർവ്വം കാണും. നവകേരള നിർമ്മിതിയെ ജനകീയ കർമ്മ പദ്ധതിയാക്കി മാറ്റും. കേരളീയ പുനർനിർമ്മാണത്തെ എല്ലാവരുടെയും അഭിമാന ബോധമാക്കി മാറ്റുകയാണ് ലക്ഷ്യം. ഒരു വ്യക്തിയോ സർക്കാരോ അല്ല നമ്മൾ എല്ലാവരും കൂടിച്ചേർന്നാണ് നവകേരളം സൃഷ്ടിക്കേണ്ടത്. വിജ്ഞാനസമൂഹ സൃഷ്ടിയിൽ ആദിവാസി ദളിത് സമൂഹത്തെ പങ്കാളികളാക്കാനുള്ള പദ്ധതികളുമായാണ് സർക്കാർ മുന്നോട്ട് പോകുന്നത്. പട്ടികജാതി പട്ടിക വർഗ്ഗ വിഭാഗത്തിന്റെ ജീവിതനിലവാരം മെച്ചപ്പെടുത്താനാണ് സർക്കാറിന്റെ ശ്രമം. ഈ നേട്ടങ്ങൾ അട്ടിമറിക്കാനുള്ള നീക്കങ്ങൾ നടക്കുന്നുണ്ട്. ഇതിനെ ഗൗരവമായി കാണണം. അന്ധവിശ്വാസവും അയിത്തവും തിരിച്ചു കൊണ്ടുവരാനുള്ള ശ്രമത്തെ ജാഗ്രതയോടെ നേരിടണം. മുഖ്യമന്ത്രി പറഞ്ഞു.

നവോത്ഥാനത്തിനും പുരോഗമന മുന്നേറ്റങ്ങൾക്കും സാക്ഷ്യം വഹിച്ച നാട്ടിൽ ഭൂമിക്ക് വേണ്ടി സമരം ചെയ്തവരെ വെടിവെച്ച് കൊന്ന മുത്തങ്ങ സംഭവം നാടിന് അപമാനമായി. എന്നാൽ സമരത്തിൽ പങ്കെടുത്ത, ഭൂമി അനുവദിക്കേണ്ട 37 കുടുംബങ്ങൾക്ക് ഈ സർക്കാർ ഒരേക്കർ വീതം ഭൂമി നൽകി. തിരുവനന്തപുരം ചെറ്റച്ചലിലെ 20 വർഷം പഴക്കമുള്ള ഭൂസമരം അവസാനിപ്പിക്കാൻ സർക്കാരിന് കഴിഞ്ഞു. ചെങ്ങറ, ചിന്നക്കനാൽ, മുതലമട, മരിയനാട്, മല്ലികപ്പാറ എന്നിവിടങ്ങളിലെ ഭൂപ്രശ്‌നങ്ങൾ അവസാനിപ്പിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. എല്ലാ പട്ടികവർഗ്ഗക്കാർക്കും ഭൂമിയുള്ള ജില്ലയാക്കി തിരുവനന്തപുരത്തെ മാറ്റാനും സർക്കാറിന് കഴിഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

പട്ടികജാതി പട്ടികവർഗ്ഗ ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ കെ.രാജൻ, രാമചന്ദ്രൻ കടന്നപ്പള്ളി എന്നിവർ വിശിഷ്ട സാന്നിധ്യമായി. ജസ്റ്റിസ് വി.കെ. മോഹനൻ, പദ്മശ്രീ പുരസ്‌കാര ജേതാവായ കർഷകൻ ചെറുവയൽ രാമൻ, വാദ്യകലാകാരൻ പെരിങ്ങോട് ചന്ദ്രൻ, സംരംഭകൻ കെ.കെ. വിജയൻ, എഴുത്തുകാരൻ ചെറായി രാമദാസ്, ഫുട്‌ബോൾ താരം എൻ.പി. പ്രദീപ്, കവി അശോകൻ മറയൂർ, ട്രഷറി ഡയറക്ടർ വി. സാജൻ, എയർ ഹോസ്റ്റസ് ഗോപിക ഗോവിന്ദൻ, പി.എസ്.സി മുൻ അംഗം പി.കെ. വിജയകുമാർ, എം.എൽ.എമാരായ ഒ.ആർ. കേളു, കെ.ശാന്തകുമാരി, കെ.വി. സുമേഷ്, കെ.എം. സച്ചിൻ ദേവ്, കെ.പി. മോഹനൻ, പി.പി. സുമോദ്, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി. ദിവ്യ, പട്ടിക ജാതി, പട്ടിക വർഗ്ഗ പിന്നാക്ക വിഭാഗ വികസന വകുപ്പ് അഡീക്ഷണൽ ചീഫ് സെക്രട്ടറി ഡോ. എ ജയതിലക്, തുടങ്ങിയവർ പങ്കെടുത്തു.