വയനാട് ജില്ലയിൽ നിർമ്മിച്ച 14 പൊതു വിദ്യാലയങ്ങൾ ഉദ്ഘാടനം ചെയ്തു

post

വിദ്യാകിരണം മിഷന്റെ ഭാഗമായി വയനാട് ജില്ലയിൽ നിർമ്മിച്ച 14 പൊതു വിദ്യാലയങ്ങളുടെ കെട്ടിടോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു. കിഫ്ബി, പൊതുമരാമത്ത് പ്ലാൻ ഫണ്ടിലുൾപ്പെടുത്തി 20 കോടി രൂപ ചെലവിലാണ് കെട്ടിടം നിർമ്മാണം പൂർത്തീകരിച്ചത്.

മൂന്ന് കോടി ചെലവിൽ നിർമ്മിച്ച ജി.എച്ച്.എസ്.എസ് കാട്ടിക്കുളം, സുൽത്താൻ ബത്തേരി ഗവ സർവ്വജന ഹയർ സെക്കൻഡറി സ്‌കൂൾ, രണ്ട് കോടി ചെലവിൽ നിർമ്മിച്ച ജി.എച്ച്.എസ്.എസ് പെരിക്കല്ലൂർ, ഒരു കോടി ചെലവിൽ നിർമ്മിച്ച ജി.യു.പി.എസ് തലപ്പുഴ, ജി.യു.പി എസ് തരുവണ, ജി.എച്ച്.എസ് കുപ്പാടി, ജി.എച്ച്.എസ് ഇരുളം, ഗവ ടെക്നിക്കൽ ഹൈസ്‌കൂൾ സുൽത്താൻ ബത്തേരി, ജി.എച്ച്.എസ് റിപ്പൺ, ജി.എച്ച്.എസ്.എസ് വൈത്തിരി, ജി.എൽ.പി.സ്‌കൂൾ എടയൂർക്കുന്ന്, ജി.എൽ.പി.എസ് മേപ്പാടി, ജി.യു.പി.എസ് വെള്ളമുണ്ട, 50 ലക്ഷം രൂപ ചെലവിൽ നിർമ്മിച്ച ജി.എൽ.പി വലിയപാറ സ്‌കൂൾ കെട്ടിടങ്ങളാണ് ഉദ്ഘാടനം ചെയ്തത്.


സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ രംഗത്ത് അടിസ്ഥാന സൗകര്യ വികസനത്തോടൊപ്പം ഗുണമേന്മയുള്ള വിദ്യാഭ്യാസവും ഉറപ്പാക്കിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. കെട്ടിട നിർമ്മാണം പശ്ചാത്തല സൗകര്യ വികസനം മാത്രമാണെന്നും പൊതുവിദ്യാഭ്യാസ രംഗത്ത് അക്കാദമിക മികവ് വർദ്ധിച്ചതായും മുഖ്യമന്ത്രി വ്യക്തമാക്കി. സംസ്ഥാന സർക്കാർ നിലവിൽ വന്ന ശേഷം പൊതുവിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിക്കുകയും പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തോടൊപ്പം ജനകീയ പ്രവർത്തനങ്ങൾ നടപ്പാക്കുകയും ചെയ്തു. കഴിഞ്ഞ ഏഴ് വർഷത്തിനകം പൊതുവിദ്യാലയങ്ങളിൽ 10 ലക്ഷത്തോളം വിദ്യാർത്ഥികൾ പുതുതായി എത്തിയെന്നും 45000 ക്ലാസ്സ് മുറികൾ ഹൈടെക്കാക്കി മാറ്റി. ഡിജിറ്റൽ, ഓൺലൈൻ വിദ്യാഭ്യാസത്തിലൂടെ കേരളം കൈവരിച്ച നേട്ടം അഭിനന്ദനാർഹമാണ്. പ്രൈമറി തലം മുതൽ ഹയർ സെക്കൻഡറി വരെ സമാനതകളില്ലാത്ത നേട്ടം സ്വന്തമാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു.


മാനന്തവാടി കാട്ടിക്കുളം ജി.എച്ച്.എസ്.എസിൽ ഒ.ആർ കേളു എം.എൽ.എ ശിലാഫലകം അനാച്ഛാദനം ചെയ്തു. 16 ക്ലാസ് മുറികൾ, രണ്ട് സ്റ്റോർ റും, വാഷ് ആൻഡ് ബാത്ത് റൂം സമുച്ചയങ്ങൾ, സ്പെഷ്യൽ അഡാപ്റ്റഡ് ടോയ്ലറ്റ് സൗകര്യം, അറ്റാച്ച്ഡ് ഓഫീസ്, എച്ച്.എം റൂം, സ്റ്റാഫ് റൂം, ഐ.ടി ലാബ് എന്നിവയാണ് പുതിയതായ് നിർമ്മിച്ച മൂന്ന് നില കെട്ടിടത്തിലുള്ളത്. ഇൻകലിനായിരുന്നു നിർമ്മാണ ചുമതല. ചടങ്ങിൽ തിരുനെല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി ബാലകൃഷ്ണൻ അധ്യക്ഷനായി.


സുൽത്താൻ ബത്തേരി ഗവ സർവ്വജന ഹയർ സെക്കൻഡറി സ്കൂളിലെ പുതിയ കെട്ടിടത്തിൽ രണ്ട് ക്ലാസ് മുറികൾ, ഹയർ സെക്കൻഡറി സൈസിലുള്ള നാല് ലാബുകൾ, ലൈബ്രറി, എൻ.എസ്.എസിനും സ്പോർട്സിനുമായി പ്രത്യേകം മുറിയും സജ്ജമാക്കിയിട്ടുണ്ട്. മണ്ഡലത്തിലെ 5 വിദ്യാലയങ്ങളിലെ പുതിയ കെട്ടിടങ്ങളുടെ ഫലകം അനാച്ഛാദനം ഐ.സി ബാലകൃഷ്ണൻ എം.എൽ.എ നിർവ്വഹിച്ചു. നഗരസഭാ ഡെപ്യൂട്ടി ചെയർപേഴ്സൺ എൽസി പൗലോസ് അധ്യക്ഷത വഹിച്ചു.


വൈത്തിരി ജി.എച്ച്.എസ് സ്കൂൾ കെട്ടിടത്തിൽ 6 ക്ലാസ്സ്മുറികൾ, 8 ടോയ്ലറ്റ് യൂണിറ്റുകൾ, ഭിന്നശേഷി സൗഹൃദ റാമ്പ് എന്നിവയാണുള്ളത്. ടി. സിദ്ധീഖ് എം.എൽ.എ ഓൺലൈനായി പങ്കെടുത്തു. വൈത്തിരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.വി വിജേഷ് ഫലകം അനാച്ഛാദനം ചെയ്തു.