പുത്തൂര്‍വയല്‍ എം.എസ്. സ്വാമിനാഥന്‍ ഗവേഷണ നിലയത്തില്‍ വിത്തുത്സവം ആരംഭിച്ചു

post

പുത്തൂര്‍വയല്‍ എം.എസ്. സ്വാമിനാഥന്‍ ഗവേഷണ നിലയത്തില്‍ നടക്കുന്ന എട്ടാമത് വയനാട് വിത്തുത്സവം ആരംഭിച്ചു. പൊതുമരാമത്ത്- ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് വിത്തുത്സവം ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. കാര്‍ഷിക- ജൈവ സംരക്ഷണം സുസ്ഥിര വികസനത്തിലൂടെ സാധ്യമാക്കുമെന്ന് മന്ത്രി പറഞ്ഞു. വിത്തുത്സവം ടൂറിസം മേഖലയുമായി ചേര്‍ത്ത് വയ്ക്കുമെന്നും വയനാട് ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ പ്രധാന ടൂറിസം കേന്ദ്രമാക്കാനുള്ള നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. സുസ്ഥിര വികസനത്തില്‍ ജില്ലയെ മാതൃകയാക്കാന്‍ ഉത്തരവാദിത്ത ടൂറിസം മിഷന്റെ പ്രവര്‍ത്തനം വിപുലീകരിക്കും. കര്‍ഷകര്‍ക്ക് ടൂറിസം മേഖലയെ ഇതര വരുമാന മാര്‍ഗമാക്കാന്‍ ഫാം ടൂറിസം മേഖലയില്‍ പരിശീലനം സംഘടിപ്പിക്കുമെന്നും മന്ത്രി കൂട്ടിചേര്‍ത്തു.


കാര്‍ഷിക- ജൈവ വൈവിധ്യ സംരക്ഷണം അത്യാവശം: മന്ത്രി ജെ. ചിഞ്ചുറാണി

കാലാവസ്ഥ വ്യതിയാനത്തിന്റെ അടിസ്ഥാനത്തില്‍ കാര്‍ഷിക ജൈവ വൈവിധ്യം സംരക്ഷിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്ന് മൃഗസംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി. പുത്തൂര്‍വയല്‍ എം.എസ്. സ്വാമിനാഥന്‍ ഗവേഷണ നിലയത്തില്‍ നടക്കുന്ന വിത്തുത്സവത്തില്‍ വിത്ത് പുരയുടെയും പ്രദര്‍ശന ശാലകളുടെയും ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ഓരോ വിത്തും സംരക്ഷിക്കുന്നതിലൂടെ പരമ്പരാഗത കൃഷി രീതി, സാംസ്‌കാരിക തനിമ, ഭക്ഷ്യ സുരക്ഷ എന്നിവ കൂടിയാണ് സംരക്ഷിക്കപ്പെടുന്നത്. വിള-വിത്ത് വൈവിധ്യം സംരക്ഷിക്കാന്‍ കൃത്യമായ ബോധവല്‍ക്കരണം നല്‍കുമെന്നും ശാസ്ത്രജ്ഞര്‍, കര്‍ഷകര്‍, പൊതു പ്രവര്‍ത്തകര്‍, യുവജനങ്ങള്‍ ഉള്‍പ്പെടെ എല്ലാവരില്‍ നിന്നും പ്രായോഗിക ആശയങ്ങള്‍ സ്വീകരിക്കണമെന്നും മന്ത്രി പറഞ്ഞു. വിത്തുത്സവത്തിലൂടെ ഉരുതിരിഞ്ഞ ആശയങ്ങള്‍ സുസ്ഥിര കൃഷി, ജൈവ സംരക്ഷണം എന്നിവയുടെ നയരൂപീകരണത്തിലേക്ക് നയിക്കാന്‍ സാധിക്കണമെന്നും മന്ത്രി പറഞ്ഞു.

'സുസ്ഥിര കൃഷിക്ക് ആരോഗ്യമുള്ള വിത്തുകള്‍' എന്ന സന്ദേശമുയര്‍ത്തി പുത്തൂര്‍വയല്‍ എം.എസ് സ്വാമിനാഥന്‍ ഗവേഷണനിലയത്തിന്റെ നേതൃത്വത്തില്‍ ആദിവാസി വികസന പ്രവര്‍ത്തക സമിതി, പരമ്പരാഗത വിത്ത് സംരക്ഷകരുടെ സംഘടന സീഡ് കെയര്‍ എന്നിവരുടെ സഹകരണത്തോടെയാണ് വിത്തുത്സവം സംഘടിപ്പിക്കുന്നത്. വയനാടിന്റെ തനത് വിത്തുകള്‍ പ്രദര്‍ശിപ്പിക്കുകയും കര്‍ഷകര്‍ തങ്ങള്‍ സംരക്ഷിച്ചുവരുന്ന വിത്തുകള്‍ പരസ്പരം കൈമാറുകയും ചെയ്യുമെന്നതാണ് വിത്തുത്സവത്തിന്റെ പ്രത്യേകത. പ്ലാന്റ് ജിനോം സേവിയര്‍ പുരസ്‌കാരങ്ങള്‍ നേടിയ എം. സുനില്‍കുമാര്‍, പ്രസീദ്കുമാര്‍ തയ്യില്‍, പി.എം. സലീം എന്നിവരെയും സിബി കല്ലിങ്കല്‍ സ്മാരക കര്‍ഷകോത്തമ അവാര്‍ഡ് ജേതാവ് കെ.എ റോയ് മോനെയും ആദരിച്ചു. ജില്ലാ ആദിവാസി വികസന പ്രവര്‍ത്തക സമിതി ആദിവാസി കര്‍ഷകര്‍ക്കായി നല്‍കുന്ന കമ്മ്യൂണിറ്റി ജീനോം സേവിയര്‍ പുരസ്‌ക്കാരങ്ങളുടെ പ്രഖ്യാപനവും പുരസ്‌ക്കാര വിതരണവും കര്‍ഷകരുടെ വിത്തിനങ്ങളുടെ രജിസ്ട്രേഷന്‍ പ്രഖ്യാപനവും പ്രൊഫസര്‍ എം.എസ് സ്വാമിനാഥന്‍ അനുസ്മരണ പ്രഭാഷണവും നടന്നു. കാര്‍ഷിക സെമിനാറുകള്‍, വിത്ത് വിള വൈവിധ്യ പ്രദര്‍ശനം, വിത്ത് കൈമാറ്റം, ഗവേഷകര്‍ക്കുള്ള പോസ്റ്റര്‍ സെഷനുകള്‍, കാര്‍ഷിക വിപണനമേള, പ്ലാന്റ് ഹെല്‍ത്ത് ക്ലിനിക്, വിദ്യാര്‍ഥികള്‍ക്കുള്ള വിവിധ പരീശീലനങ്ങള്‍, മത്സരങ്ങള്‍ എന്നിവയും വിത്തുത്സവത്തിന്റെ ഭാഗമായി നടക്കുന്നുണ്ട്. കേരള സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡ്, സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍, ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രം, കുടുംബശ്രീ മിഷന്‍, വിനോദ സഞ്ചാര വകുപ്പ്, എസ്.ബി.ഐ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ഹോര്‍ട്ടിക്കള്‍ച്ചര്‍ മിഷന്‍, കിസാന്‍ സര്‍വീസ് സൊസൈറ്റി എന്നിവരും വിത്തുത്സവത്തില്‍ പങ്കാളികളാണ്. കല്‍പ്പറ്റ നഗരസഭ ചെയര്‍മാന്‍ അഡ്വ. ടി.ജെ ഐസക് പരിപാടിയില്‍ അധ്യക്ഷനായി.