മന്ത്രി ഒ.ആര്‍.കേളു വയനാട് ഐ.റ്റി.ഡി.പി ഓഫീസ് സന്ദര്‍ശിച്ചു

post

വയനാട്: ചുമതലയേറ്റ ശേഷം ആദ്യമായി വയനാട്ടിലെത്തിയ പട്ടികജാതി പട്ടികവര്‍ഗ്ഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍.കേളു കള്‌ട്രേററിലെ ഐ.റ്റി.ഡി.പി ഓഫീസില്‍ സന്ദര്‍ശനം നടത്തി. ജീവനക്കാരുമായി ആശയവിനിമയം നടത്തിയ മന്ത്രി വകുപ്പിനെ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനായുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കി. ആദിവാസി മേഖലയിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതില്‍ വീഴ്ചപാടില്ല. പട്ടിക വര്‍ഗ്ഗ വികസന വകുപ്പ് ഓഫീസുകളില്‍ ഇ-ഓഫീസ് സംവിധാനം കാര്യക്ഷമമാക്കും. പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളുടെ ഹോസ്റ്റലുകള്‍ അധികൃതര്‍ ഇടക്കിടെ സന്ദര്‍ശനം നടത്തി സ്ഥിതിഗതികള്‍ വിലയിരുത്തണം. ഇവിടുത്തെ പോരായ്മകള്‍ വേഗത്തില്‍ പരിഹരിക്കണം. മന്ത്രിയെന്ന നിലയില്‍ കുറഞ്ഞ കാലയളവിലും പരമാവധി കാര്യങ്ങള്‍ ചെയ്ത് തീര്‍ക്കുകയാണ് ലക്ഷ്യം. ഇതിനായി എല്ലാവരുടെയും സഹകരണം ആവശ്യമാണെന്നും മന്ത്രി പറഞ്ഞു.

ആദിവാസി വിദ്യാര്‍ഥികളുടെ കൊഴിഞ്ഞുപോക്ക് ജില്ലയില്‍ ഇപ്പോള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയമാണ്. ഇതെല്ലാം പരിഹരിക്കാനും കൂട്ടായ ശ്രമങ്ങള്‍ അനിവാര്യമാണ്. ആദിവാസി മേഖലയിലുള്ള പ്രശ്‌നങ്ങള്‍ക്കെല്ലാം പടി പടിയായുള്ള പരിഹാരങ്ങള്‍ക്കായി ഒന്നിച്ചു പ്രവര്‍ത്തിക്കാമെന്ന ആഹ്വാനവുമായി ജീവനക്കാര്‍ക്കൊപ്പം കേക്കും മുറിച്ചാണ് മന്ത്രി മടങ്ങിയത്.