ജില്ലയില്‍ ഒരാള്‍ക്ക് കൂടി കോവിഡ്

post

തൃശൂര്‍ : ജില്ലയില്‍ ഒരാള്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. രോഗബാധിതനായ 36 കാരന്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.വീടുകളില്‍ 14033 പേരും ആശുപത്രികളില്‍ 40 പേരും ഉള്‍പ്പെടെ ആകെ 14073 പേരാണ് നിരീക്ഷണത്തിലുളളത്. വെളളിയാഴ്ച (ഏപ്രില്‍ 3) 194 പേരെയാണ് പുതുതായി വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ നിര്‍ദ്ദേശിച്ചിട്ടുളളത്. 11 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 8 പേരെ ഡിസ്ചാര്‍ജ്ജ് ചെയ്തു.വെളളിയാഴ്ച (ഏപ്രില്‍ 3) 29 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചിട്ടുളളത്. ഇതു വരെ 785 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. അതില്‍ 734 സാമ്പിളുകളുടെ ഫലം വന്നിട്ടുണ്ട്. 51 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്. 318 ഫോണ്‍കോളുകള്‍ ജില്ലാ കണ്‍ട്രോള്‍ സെല്ലില്‍ ലഭിച്ചു. നിരീക്ഷണത്തിലുളളവര്‍ക്ക് മാനസിക പിന്തുണയേകുന്നതിനായി സൈക്കോ-സോഷ്യല്‍ കൗണ്‍സിലര്‍മാരുടെ സേവനം തുടരുന്നുണ്ട്. വെളളിയാഴ്ച (ഏപ്രില്‍ 3) 192 പേര്‍ക്ക് കൗണ്‍സലിംഗ് നല്‍കി.

കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ജാഗ്രത കര്‍ശനമായി തുടരുന്നു. ദ്രുതകര്‍മസേനയുടെ നേതൃത്വത്തിലുളള ഗൃഹസന്ദര്‍ശനത്തിലൂടെ നിരീക്ഷണത്തിലുളളവര്‍ക്ക് നിര്‍ദ്ദേശങ്ങളും ബോധവല്‍ക്കരണവും നല്‍കി. വെളളിയാഴ്ച (ഏപ്രില്‍ 3) 4123 വീടുകള്‍ ദ്രുതകര്‍മ്മസേന സന്ദര്‍ശിച്ചു.ട്രഷറിയില്‍ പെന്‍ഷന്‍ വാങ്ങുന്നതിനായി വരുന്നവരെ ആരോഗ്യ വകുപ്പ് സക്രീനിങ്ങ് നടത്തി.സിവില്‍ ഡിഫന്‍സ് വളണ്ടിയര്‍മാര്‍, അഗ്‌നിശമന വിഭാഗം, ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റ് ഫീല്‍ഡ് അസിസ്റ്റന്റുമാര്‍, ആരോഗ്യ വകുപ്പ് എന്നിവരുടെ സംയുക്താഭിമുഖ്യത്തില്‍ മെഡിക്കല്‍ കോളേജ് വാര്‍ഡുകള്‍ അണുവിമുക്തമാക്കി. ട്രഷറി, പഞ്ചായത്ത് ഓഫീസ്, ബാങ്കുകള്‍, കെഎസ്ഇബി, എടിഎം കൗണ്ടറുകള്‍, ഹോമിയോ-ആയൂര്‍വേദ ആശുപത്രികള്‍, പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ എന്നീ സ്ഥലങ്ങളിലും അണുവിമുക്തമാക്കുന്ന പ്രവൃത്തി തുടര്‍ന്നു.

ചരക്ക് വാഹനങ്ങളിലെത്തുന്ന ഡ്രൈവര്‍മാരെയും മറ്റുളളവരെയുമടക്കം ശക്തന്‍ പച്ചക്കറി മാര്‍ക്കറ്റില്‍ 2363 പേരെയും മത്സ്യചന്തയില്‍ 858 പേരെയും സ്‌ക്രീന്‍ ചെയ്തു.തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കീഴില്‍ അഗതികളെ പാര്‍പ്പിച്ച് സംരക്ഷിക്കുന്നിടത്ത് വൈദ്യസഹായവും സ്‌ക്രീനിങ്ങും നടത്തുന്നുണ്ട്. അതിഥി തൊഴിലാളികളെ താമസിപ്പിച്ചിട്ടുളള സ്ഥലങ്ങളിലും സ്‌ക്രീനിങ്ങും ബോധല്‍ക്കരണവും നടത്തുന്നുണ്ട്.

ഡെങ്കിപ്പനി പടരാനുളള സാധ്യത കണക്കിലെടുത്ത് വീടുകളില്‍ ഇരിക്കുന്നവര്‍ ശ്രദ്ധ ചെലുത്തണം. വീടും പരിസരവും വൃത്തിയാക്കുക, കൊതുകു വളരുന്ന സാഹചര്യങ്ങല്‍ ഒഴിവാക്കുക എന്നീ കാര്യങ്ങള്‍ പ്രത്യേക ശ്രദ്ധിക്കണം. അന്തരീക്ഷ താപനില കൂടി വരുന്ന സാഹചര്യത്തില്‍ ആളുകള്‍ പുറത്തിറങ്ങുന്നില്ലെങ്കില്‍ കൂടി ധാരാളം വെളളം കുടിക്കുക, അയഞ്ഞ കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക, ധാരാളം പഴങ്ങളും പച്ചക്കറികളും കഴിക്കുക എന്നീ കാര്യങ്ങള്‍ ശ്രദ്ധിക്കണം.