സംസ്ഥാനത്ത് 9 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു, 251പേര്‍ ചികിത്സയില്‍

post

തിരുവനന്തപുരം : സംസ്ഥാനത്ത് ഒന്‍പത് പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കാസര്‍കോട് ഏഴും തൃശൂര്‍, കണ്ണൂര്‍ എന്നിവിടങ്ങളില്‍ ഒന്നു വീതവും പേര്‍ക്കാണ് രോഗം കണ്ടെത്തിയത്. നിലവില്‍ 251 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലുണ്ട്. ചികിത്സയിലുള്ള 14 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. കണ്ണൂരില്‍ അഞ്ചും കാസര്‍കോട് മൂന്നും ഇടുക്കി, കോഴിക്കോട് രണ്ടു വീതവും പത്തനംതിട്ടയിലും കോട്ടയത്തും ഒന്നു വീതവും പേരാണ് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ആയത്. കോവിഡ് ബാധിതരെ ചികിത്സിക്കുന്നതിനിടെ വൈറസ് ബാധിച്ച നഴ്സും രോഗമുക്തി നേടി. കോട്ടയത്ത് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന വൃദ്ധദമ്പതികളും ആശുപത്രി വിട്ടതായി മുഖ്യമന്ത്രി പറഞ്ഞു.

1,69,997 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 1,69,291 പേര്‍ വീടുകളിലും 706 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 154 പേര്‍ വെള്ളിയാഴ്ച പുതിയതായി ആശുപത്രികളിലെത്തി.  വെള്ളിയാഴ്ച നിരീക്ഷണത്തിലായ മൂന്നു പേര്‍ നിസാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുത്ത് തിരിച്ചെത്തിയവരാണ്.  ഇതുവരെ രോഗം സ്ഥിരീകരിച്ചവരില്‍ 206 പേര്‍ വിദേശത്ത് നിന്ന് മടങ്ങിയെത്തിയ മലയാളികളാണ്.  ഏഴു പേര്‍ വിദേശികളാണ്.  രോഗികളുമായുള്ള സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത് 78 പേരാണ്.

കോവിഡ് 19 പരിശോധന കൂടുതല്‍ വിപുലവും വ്യാപകവുമാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. റാപ്പിഡ് ടെസ്റ്റ് പരിശോധനയടക്കം ഉപയോഗിക്കും. റാപ്പിഡ് ടെസ്റ്റിനുള്ള കിറ്റുകള്‍ ശശിതരൂര്‍ എം. പിയുടെ ഇടപെടലിലൂടെ ലഭിച്ചിട്ടുണ്ട്. ആദ്യ ഘട്ടത്തില്‍ ആയിരം കിറ്റുകളാണ് ലഭിച്ചിരിക്കുന്നത്. 2000 കിറ്റുകള്‍ ഞായറാഴ്ച ലഭിക്കും. ഇതിലൂടെ രണ്ടര മണിക്കൂറില്‍ പരിശോധന ഫലം ലഭിക്കും. നിലവില്‍ പരിശോധനാഫലം അറിയുന്നതിന് ആറു മുതല്‍ ഏഴു മണിക്കൂര്‍ വരെ വേണ്ടിവരുന്നുണ്ട്. ഇതിന് പുറമെ 250 ഫ്ളാഷ് തെര്‍മോമീറ്ററുകളും 9000 വ്യക്തിഗത സുരക്ഷാ കിറ്റുകളും ലഭ്യമാക്കുമെന്ന് എം. പി അറിയിച്ചിട്ടുണ്ട്. ഇവ ലഭ്യമാക്കാന്‍ എം. പി ഫണ്ടില്‍ നിന്ന് തുക അനുവദിച്ച ശശിതരൂര്‍ എം. പിയെ അഭിനന്ദിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു. ശിഹാബ്തങ്ങള്‍ ചാരിറ്റബിള്‍ ആന്റ് റിലീഫ് കമ്മിറ്റിയുടെയും സി. എച്ച് സെന്ററിന്റേയും നൂറോളം ആംബുലന്‍സുകള്‍ ഡ്രൈവര്‍മാര്‍ ഉള്‍പ്പെടെ സര്‍ക്കാരിന് വിട്ടുനല്‍കാമെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അറിയിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.