നാലുദിവസം കൊണ്ട് 63.5 ശതമാനം കുടുംബങ്ങള്‍ റേഷന്‍ വാങ്ങി
* ശനിയാഴ്ച മാത്രം വാങ്ങിയത് 12.56 ലക്ഷം കാര്‍ഡുടമകള്‍
തിരുവനന്തപുരം : നാല് ദിവസംകൊണ്ട് സംസ്ഥാനത്തെ 63.5 ശതമാനം കുടുംബങ്ങള്‍ റേഷന്‍ വാങ്ങിയതായി ഭക്ഷ്യ-പൊതുവിതരണ മന്ത്രി പി. തിലോത്തമന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കേരളത്തിന്റെ പൊതുവിതരണ വകുപ്പിന്റെ ചരിത്രത്തില്‍ ആദ്യമായാണിത്. ശനിയാഴ്ച മാത്രം വിതരണം നടന്നിട്ടുള്ളത് 12.56 ലക്ഷം കാര്‍ഡുടമകള്‍ക്കാണ്. ആകെയുള്ള 87.28 ലക്ഷം കാര്‍ഡുകളില്‍ 55.44 ലക്ഷം കുടുംബങ്ങള്‍ ആണ് ഇതുവരെ റേഷന്‍ വാങ്ങിയത്. ഇന്ത്യയില്‍ മുന്‍ഗണന-മുന്‍ഗണനേതര വ്യത്യാസമില്ലാതെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും കോവിഡ്-19 പ്രമാണിച്ച് സൗജന്യമായി റേഷന്‍ നല്‍കിയിട്ടുള്ള സംസ്ഥാനം കേരളമാണ്.
ഇന്നുവരെ ആകെ റേഷന്‍ വാങ്ങിയ അന്ത്യോദയ കുടുംബങ്ങള്‍ (മഞ്ഞ കാര്‍ഡ്) 3,36,603 ആണ്. 17,48,126 മുന്‍ഗണനാ കുടുംബങ്ങളും (പിങ്ക് കാര്‍ഡുകള്‍), മുന്‍ഗണനേതര കുടുംബങ്ങള്‍ (നീല, വെള്ള കാര്‍ഡുകള്‍) 33.64 ലക്ഷവും റേഷന്‍ വാങ്ങിയിട്ടുണ്ട്. ഇതുവരെ ആകെ വിതരണം ചെയ്യപ്പെട്ടിട്ടുള്ളത് 89734 മെട്രിക് ടണ്‍ അരിയും 10112 മെട്രിക് ടണ്‍ ഗോതമ്പുമാണ്. 12 ലക്ഷം കുടുംബങ്ങള്‍ക്കാണ് ഇന്ന് മാത്രം റേഷന്‍ നല്‍കിയത്. ആകെ 12.27 ലക്ഷം ആളുകള്‍ തങ്ങള്‍ക്ക് ഇഷ്ടപ്പെട്ട കടകളില്‍ നിന്നും പോര്‍ട്ടബിലിറ്റി സംവിധാനം ഉപയോഗിച്ച് റേഷന്‍ വാങ്ങിയിട്ടുണ്ട്. കമ്മ്യൂണിറ്റി കിച്ചണുകള്‍ക്കുവേണ്ടി 91 മെട്രിക് ടണ്‍ അരി വിതരണം ചെയ്തിട്ടുണ്ട്.
ഏപ്രില്‍ 20 ന് ശേഷം മുന്‍ഗണനാ വിഭാഗങ്ങള്‍ക്ക് വേണ്ടി വീണ്ടും സൗജന്യ അരിവിതരണം ആരംഭിക്കും. കേന്ദ്രത്തില്‍ നിന്നും അധികം ലഭിക്കുന്ന അരിയാണ് ഇതിനായി വിതരണം ചെയ്യുക.
സംസ്ഥാനത്ത് 87.28 ലക്ഷം കാര്‍ഡ് ഉടമകളുണ്ട്. അവര്‍ക്കെല്ലാം സൗജന്യമായാണ് ഈ മാസം റേഷന്‍ ലഭിക്കുക. അന്ത്യോദയ (എ.എ.വൈ) വിഭാഗത്തില്‍ പെട്ട (മഞ്ഞ കാര്‍ഡ്) ഒരു കുടുംബത്തിന് 30 കിലോ അരിയും അഞ്ചു കിലോ ഗോതമ്പും ഓരോ മാസവും ലഭിക്കും. ഇത് ഓരോ മാസവും സൗജന്യമായി ലഭിക്കും.
മുന്‍ഗനാവിഭാഗം (പിങ്ക് കാര്‍ഡ്) കാര്‍ഡിലെ ഓരോ അംഗത്തിനും നാലു കിലോ അരിയും ഒരു കിലോ ഗോതമ്പും പ്രതിമാസം രണ്ട് രൂപാ നിരക്കില്‍ ലഭിക്കും.
മുന്‍ഗണനേതര (സബ്‌സിഡി) വിഭാഗം (നീലക്കാര്‍ഡ്) കാര്‍ഡിലെ ഓരോരുത്തര്‍ക്കും നാല് രൂപ നിരക്കില്‍ രണ്ടുകിലോ വീതം അരി ലഭിക്കും. കൂടാതെ ഈ കാര്‍ഡുകള്‍ക്ക് ഓരോന്നിനും പ്രതിമാസം 3 കിലോ ആട്ട 17 രൂപാ നിരക്കില്‍ ലഭിക്കും.
മുന്‍ഗണനേതര (നോണ്‍സബ്‌സിഡി) വിഭാഗം (വെള്ള കാര്‍ഡ്) അവശേഷിക്കുന്ന ധാന്യം കിലോയ്ക്ക് 10.90 രൂപ നിരക്കില്‍ തുല്യമായി വീതിച്ചു നല്‍കും. ഇത് മിക്കവാറും മാസങ്ങളില്‍ രണ്ട് കിലോ ആയിരുന്നു. കൂടുതല്‍ മിച്ചം ലഭിച്ചിരുന്ന ചില മാസങ്ങളില്‍ 10 കിലോ വരെ നല്‍കിയിട്ടുണ്ട്. കൂടാതെ ഈ കാര്‍ഡുകള്‍ക്ക് ഓരോന്നിനും പ്രതിമാസം മൂന്നു കിലോ ആട്ട 17 രൂപാ നിരക്കില്‍ ലഭിക്കും.
ലോക്ക് ഡൗണ്‍ സാഹചര്യത്തില്‍ അന്ത്യോദയ വിഭാഗത്തിന് നിലവില്‍ ലഭിച്ചുകൊണ്ടിരുന്ന ധാന്യം അതേ അളവില്‍ തന്നെ സൗജന്യമായി നല്‍കുകയാണ്. കൂടാതെ ഏപ്രില്‍ 20 ന് ശേഷം ഈ കാര്‍ഡുകളിലെ ഓരോ അംഗത്തിനും അഞ്ചു കിലോ അരി അധികമായി ലഭിക്കും. ഇതും സൗജന്യമാണ്.
പിങ്ക് കാര്‍ഡിന് നിലവില്‍ ലഭിച്ചുകൊണ്ടിരുന്ന അളവ് തുടര്‍ന്നും ലഭിക്കും. പക്ഷേ വില ഈടാക്കുന്നത് ഒഴിവാക്കി. ഏപ്രില്‍ 20ന് ശേഷം ഇവര്‍ക്കും ആളൊന്നിന് അഞ്ചു കിലോ അരി ലഭിക്കും. മഞ്ഞ, പിങ്ക് കാര്‍ഡുകള്‍ക്ക് ഓരോന്നിനും അരിക്ക് പുറമെ കാര്‍ഡൊന്നിന് ഓരോ കിലോഗ്രാം പയര്‍ കൂടി നല്‍കും. ഈ കാര്‍ഡുകള്‍ക്ക് ഇപ്രകാരം അധികമായി നല്‍കുന്ന അഞ്ചു കിലോ വീതമുള്ള അരിയും ഓരോ കിലോ പയറും കേന്ദ്രം സൗജന്യമായി നല്‍കുന്നതാണ്. അധികമായി നല്‍കുന്ന ഈ വിഹിതം എപ്രില്‍, മെയ്, ജൂണ്‍ മാസങ്ങളില്‍ കൂടി നല്‍കും.
നീല, വെള്ള കാര്‍ഡുകള്‍ക്ക് കേന്ദ്രത്തില്‍ നിന്നും കൂടുതല്‍ വില നല്‍കി സംസ്ഥാന സര്‍ക്കാര്‍ വാങ്ങിയിട്ടുള്ള ധാന്യമാണ് ഏറ്റവും കുറഞ്ഞത് 15 കിലോ വീതം സൗജന്യമായി നല്‍കുന്നത്. ചില നീല കാര്‍ഡുകള്‍ക്ക് പ്രതിമാസം 15 കിലോയില്‍ കൂടുതല്‍ ലഭിച്ചുവന്നിരുന്നുവെങ്കില്‍ കാര്‍ഡിലെ അംഗങ്ങളുടെ എണ്ണം അനുസരിച്ച് ആ അളവ് തന്നെ സൗജന്യമായി നല്‍കും.
എല്ലാ മാസവും റേഷന്‍ വിതരണം നടത്തുന്നതിന് ധാന്യത്തിന്റെ വില, ഗതാഗത ചെലവ്, കൈകാര്യ ചെലവ്, റേഷന്‍ വ്യാപാരികളുടെ കമ്മീഷന്‍, തുടങ്ങിയ ഇനങ്ങളിലായി പ്രതിമാസം 50 കോടിയില്‍ അധികം രൂപയാണ് സംസ്ഥാന സര്‍ക്കാരിന് അധിക ബാധ്യത ഉണ്ടാകുന്നത്. മുന്‍ഗണനേതര വിഭാഗത്തിന് നല്‍കുന്ന 15 കിലോ വീതം ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്‍ഡ്യയില്‍ നിന്നും സംസ്ഥാന സര്‍ക്കാര്‍ 23 രൂപ നിരക്കില്‍ നല്‍കി വാങ്ങിയും കൈകാര്യ ചെലവും, വാഹന ചെലവുമടക്കം വഹിച്ചുമാണ് ലോക്ക് ഡൗണ്‍ കാലയളവില്‍ സൗജന്യമായി നല്‍കുന്നുത്. ഇതിനായി 130 കോടിയോളം രൂപ സംസ്ഥാന സര്‍ക്കാരിന് അധിക ബാദ്ധ്യത വരുന്നുണ്ട്.
സംസ്ഥാന സര്‍ക്കാര്‍ ദുരന്തനിവാരണ ഫണ്ടില്‍ നിന്നും സംസ്ഥാനത്തെ എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും ഒരു മാസത്തേയ്ക്കുള്ള പലവ്യഞ്ജനങ്ങള്‍ അടങ്ങിയ കിറ്റ് നല്‍കാന്‍ ഉദ്ദേശിക്കുന്നുണ്ട്. ഇതിനായി 756 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. 350 കോടി രൂപ ദുരന്ത നിവാരണ ഫണ്ടില്‍ നിന്നും ഇതിനായി ഭക്ഷ്യ വകുപ്പിന് അനുവദിച്ചിട്ടുണ്ട്. ഇത് ഏപ്രില്‍ മാസത്തിനുള്ളില്‍ തന്നെ വിതരണം ചെയ്തുതീര്‍ക്കുന്നതിനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ആദ്യ ഘട്ടത്തില്‍ അന്ത്യേദയ, മുന്‍ഗണനാ വിഭാഗങ്ങള്‍ക്കും തുടര്‍ന്ന് മുന്‍ഗണനേതര വിഭാഗങ്ങള്‍ക്കും നല്‍കാനാണ് തീരുമാനിച്ചിട്ടുള്ളത്. ഭക്ഷണ കിറ്റ് ആവശ്യമില്ലാത്തവര്‍ അത് വാങ്ങാതെ തന്നെ മറ്റൊരാള്‍ക്ക് ദാനം ചെയ്യുവാന്‍ സംവിധാനം സിവില്‍ സപ്ലൈസ് വകുപ്പിന്റെ വെബ്‌സൈറ്റില്‍ ഒരുക്കിയിട്ടുണ്ട്.
സംസ്ഥാനത്ത് റേഷന്‍ കാര്‍ഡില്ലാത്ത എല്ലാവര്‍ക്കും 15 കിലോ സൗജന്യ റേഷന്‍ ലഭിക്കാന്‍ അര്‍ഹതയുണ്ട്. മറ്റൊരു റേഷന്‍ കാര്‍ഡിലും പേരില്ലാത്ത, ആധാര്‍ കാര്‍ഡുള്ള ആളുകള്‍ക്ക് റേഷന്‍ കടയില്‍ ഒരു സത്യപ്രസ്താവന നല്‍കി ഇത് വാങ്ങാം.
ഇതര സംസ്ഥാന തൊഴിലാളികള്‍ക്കും അഗതി മന്ദിരങ്ങള്‍, അനാഥാലയങ്ങള്‍ ശിശുഭവനങ്ങള്‍, വൃദ്ധസദനങ്ങള്‍, ആതുര ചികിത്സാകേന്ദ്രങ്ങള്‍ തുടങ്ങിയ ഇടങ്ങളിലെ അന്തേവാസികള്‍ക്കും ഭക്ഷ്യധാന്യങ്ങള്‍ സൗജന്യമായി എത്തിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ട്. ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് ഒരാള്‍ക്ക് പരമാവധി അഞ്ചു കിലോ അരിയോ അല്ലെങ്കില്‍ നാലു കിലോ ആട്ടയോ ജില്ലാ കളക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
വാര്‍ത്താസമ്മേളനത്തില്‍ ഭക്ഷ്യ-പൊതു വിതരണ സെക്രട്ടറി പി. വേണുഗോപാല്‍, സിവില്‍ സപ്ലൈസ് ഡയറക്ടര്‍ നരസിംഹുഗാരി ടി.എല്‍. റെഡ്ഢി, ദിവ്യ എസ്. അയ്യര്‍ എന്നിവര്‍ സംബന്ധിച്ചു.