ജില്ലയില്‍ ഇനി എല്ലാ ബ്ലോക്കുകളും ഐ എസ് ഒ നിലവാരത്തില്‍

post

തൃശൂര്‍: ജില്ലയിലെ എല്ലാ ബ്ലോക്ക് പഞ്ചായത്തുകളും ഐ എസ് ഒ സര്‍ട്ടിഫിക്കറ്റ് നേടി. ബ്ലോക്ക് പഞ്ചായത്ത് ഓഫീസുകള്‍ കൂടുതല്‍ ജനസൗഹൃദമാക്കുന്നതിനും സേവനത്തിന്റെ വേഗവും ഗുണമേന്മയും കൂട്ടുന്നതിനും ഉദ്യോഗസ്ഥരുടെ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിയാണ് ജില്ലയിലെ 16 ബ്ലോക്ക് പഞ്ചായത്തുകളും ഈ നേട്ടം കൈവരിച്ചത്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ബ്ലോക്ക് പഞ്ചായത്തുകള്‍ തൃശൂര്‍ ജില്ലയിലാണ്. മതിലകം, വെള്ളാങ്കല്ലൂര്‍, ചാലക്കുടി ബ്ലോക്ക് പഞ്ചായത്തുകള്‍ മുന്‍ വര്‍ഷങ്ങളില്‍ ഐ എസ് ഒ സര്‍ട്ടിഫിക്കേഷന്‍ നേടിയിരുന്നു. മറ്റ് 13 ബ്ലോക്ക് പഞ്ചായത്തുകള്‍ വെറും നാലര മാസം കൊണ്ടാണ് കിലയുടെ കണ്‍സള്‍ട്ടന്‍സിയില്‍ നിന്ന് ഈ നേട്ടം കൈവരിച്ചത്. ഫ്രണ്ട് ഓഫീസ്, റാമ്പുകള്‍, ഓഫീസുകളിലെത്തുന്നവര്‍ക്ക് ഇരിപ്പിടങ്ങള്‍, മുലയൂട്ടല്‍ മുറി, റെക്കോര്‍ഡ് റൂം എന്നിവയാണ് ഇതിന്റെ ഭാഗമായി എല്ലാ ബ്ലോക്ക് പഞ്ചായത്ത് ഓഫീസുകളിലും സജ്ജീകരിച്ചത്.

കിലയുടെ കണ്‍സള്‍ട്ടന്‍സിയില്‍ ഐ എസ് ഒ സര്‍ട്ടിഫിക്കേഷന് അര്‍ഹത നേടുന്ന സംസ്ഥാനത്തെ ആദ്യത്തെ ബ്ലോക്ക് പഞ്ചായത്തും തൃശൂര്‍ ജില്ലയിലാണ്. ഇരിങ്ങാലക്കുടയാണ് ഈ നേട്ടം കൈവരിച്ച ബ്ലോക്ക് പഞ്ചായത്ത്. കോട്ടയം, കോഴിക്കോട് ജില്ലകളിലാണ് ഇതിനു മുന്‍പ് മുഴുവന്‍ ബ്ലോക്ക് പഞ്ചായത്തുകളും ഐ എസ് ഒ സര്‍ട്ടിഫിക്കേഷന്‍ നേടിയത്.