കുടുംബശ്രീയിലൂടെ നല്‍കുന്ന 2000 കോടി രൂപയുടെ വായ്പ കേരള ബാങ്ക് ശാഖകളിലൂടെയും നല്‍കും

post

തിരുവവന്തപുരം : സര്‍ക്കാര്‍ കുടുംബശ്രീയിലൂടെ നല്‍കുന്ന 2000 കോടി രൂപയുടെ വായ്പ കേരള ബാങ്കിന്റെ എല്ലാ ശാഖകളിലൂടെയും നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. സന്നദ്ധസേനയിലേക്ക് രജിസ്റ്റര്‍ ചെയ്ത സന്നദ്ധം വളണ്ടിയര്‍മാരുടെ എണ്ണം 2.49 ലക്ഷമായി ഉയര്‍ന്നു. പിഎസ്സി അഡൈ്വസ് മെമ്മോ ലഭിച്ച പലര്‍ക്കും ലോക്ക്ഡൗണ്‍ കാരണം ജോയിന്‍ ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. അക്കാര്യത്തില്‍ വകുപ്പ് മേധാവികളും പിഎസ്സിയുമായി ബന്ധപ്പെട്ട് ആവശ്യമായ കാര്യങ്ങള്‍ ചെയ്യും. ജോലിക്കു പോകുന്ന ആശുപത്രി ജീവനക്കാരെയും അവരെ കൊണ്ടുവിടുന്നവരെയും ഔഷധവില്‍പനശാലാ തൊഴിലാളികളെയും റോഡില്‍ തടയരുതെന്ന് പൊലീസിന് ആവര്‍ത്തിച്ച് നിര്‍ദേശം നല്‍കിയിട്ടുണ്ട്. തടയുമ്പോള്‍ തന്നെ കാര്യം മനസ്സിലാക്കി അവരെ വിടാന്‍ കഴിയണം.

ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുക എന്ന ഉദ്ദേശത്തോടെ മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ചില പ്രചരണങ്ങള്‍ നടക്കുന്നുണ്ട്. മോഷ്ടാവിന്റെയും അജ്ഞാതജീവിയുടെയുമൊക്കെ പേരു പറഞ്ഞ് ഭയപ്പെടുത്തി ആള്‍ക്കാരെ പുറത്തിറക്കുകയാണ് ഇത്തരം സന്ദേശങ്ങളുടെ ലക്ഷ്യം. ഇത് കണ്ടെത്തി തടയുന്നതിന് നടപടി ശക്തിപ്പെടുത്തും.

ഇന്‍കം സപ്പോട്ട് പദ്ധതിയില്‍ ഖാദി തൊഴിലാളികള്‍ക്ക് 14 കോടി രൂപ അനുവദിച്ചു. അണ്‍ അറ്റാച്ച്ഡ് വിഭാഗം തൊഴിലാളികള്‍ക്ക് വേതനനഷ്ടം പരിഹരിക്കുന്നതിന് 24 കോടി രൂപ വേതന അഡ്വാന്‍സ് നല്‍കാന്‍ കേരള ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോര്‍ഡ് തീരുമാനിച്ചു. അതിനുപുറമെ 12 കോടി രൂപ റിക്കറവി ഇളവു നല്‍കും. തൃശൂര്‍ ജില്ലയില്‍ 5250 റാപ്പിഡ് ടെസ്റ്റ് കിറ്റ് വാങ്ങുന്നതിന് തൃശൂര്‍ എംപി ടി എന്‍ പ്രതാപന്റെ ആസ്തി വികസന ഫണ്ടില്‍നിന്ന് ഒരു കോടി രൂപ അനുവദിച്ചതായി അദ്ദേഹം അറിയിച്ചിട്ടുണ്ട്.

മാര്‍ച്ച് 1 മുതല്‍ 20 വരെ ക്ഷീരസംഘങ്ങളില്‍ പാലളന്ന എല്ലാ ക്ഷീരകര്‍ഷകര്‍ക്കും അളന്ന  ഓരോ ലിറ്റര്‍ പാലിനും ഒരു രൂപ വീതം ആശ്വാസധനമായി ക്ഷേമനിധി ബോര്‍ഡ് ക്ഷീരസംഘങ്ങള്‍ക്ക് നല്‍കും. ഒരു ക്ഷീരകര്‍ഷകനു കുറഞ്ഞത് 250 രൂപയും പരമാവധി 1000 രൂപയുമാണ് ലോക്ക്ഡൗണ്‍ അവസാനിക്കുന്ന തീയതിക്ക് മുന്‍പ് നല്‍കുക. കോവിഡ് ബാധിതരായ ക്ഷീരകര്‍ഷകര്‍ക്ക് ഓരോരുത്തര്‍ക്കും 10,000 രൂപയും നിരീക്ഷണത്തിലുള്ള ക്ഷീര കര്‍ഷകര്‍ക്ക് 2000 രൂപയും ധനസഹായം നല്‍കും. ക്ഷേമനിധി അംഗങ്ങള്‍ക്കു മാത്രമാണ് ഈ ആനുകൂല്യം.

കലാകാരന്‍മാരുടെ ഈ മാസത്തെ പെന്‍ഷന്‍ തുക അടുത്തദിവസം മുതല്‍ അക്കൗണ്ടുകളില്‍ എത്തും. ഈ മാസം പുതുതായി 158 പേര്‍ക്ക് പെന്‍ഷന്‍ അനുവദിച്ചിട്ടുണ്ട്. സാംസ്‌കാരിക പ്രവര്‍ത്തക ക്ഷേമനിധി ബോര്‍ഡ് ഏപ്രില്‍ മാസത്തെ പെന്‍ഷന്‍, ചികിത്സാ സഹായം എന്നിവ ബാങ്ക് അക്കൗണ്ടുകളിലേക്ക് ക്രെഡിറ്റ് ചെയ്തു. ക്ഷേമനിധി ബോര്‍ഡ് ഒരുകോടി രൂപയാണ് കലാകാരന്‍മാര്‍ക്ക് വിതരണം ചെയ്യുന്നതെന്നും മുഖ്യമന്ത്രി അറിയിച്ചു.