കോന്നിയില്‍ വളര്‍ത്തുമൃഗങ്ങളുടെ ചികിത്സയ്ക്ക് 24 മണിക്കൂറും സേവനം

post

പത്തനംതിട്ട :  കോന്നി നിയോജകമണ്ഡലത്തില്‍ ലോക്ക്ഡൗണ്‍ കാലയളവില്‍ മൃഗസംരക്ഷണ മേഖലയില്‍ ഏര്‍പ്പെടുത്തേണ്ട സൗകര്യങ്ങളും സേവനങ്ങളും നിശ്ചയിക്കുന്നതിനു വെറ്ററിനറി ഡിപ്പാര്‍ട്ട്‌മെന്റ് ഉദ്യോഗസ്ഥരുടെ യോഗം കെ.യു ജനീഷ് കുമാര്‍ എംഎല്‍എ വിളിച്ചു ചേര്‍ത്തു. വളര്‍ത്തുമൃഗങ്ങള്‍ക്ക് ആവശ്യമായ കാലിത്തീറ്റയും കച്ചിയും അടക്കമുള്ള ഭക്ഷ്യവസ്തുക്കള്‍ ലഭിക്കുന്നതിനുള്ള ബുദ്ധിമുട്ട് ഉദ്യോഗസ്ഥര്‍ എംഎല്‍എയെ ധരിപ്പിച്ചു. വളര്‍ത്തു മൃഗങ്ങളുടെ ചികിത്സയ്ക്ക്  24 മണിക്കൂറും സേവനം നല്‍കാനും യോഗം തീരുമാനിച്ചു.

     കോവിഡ്- 19 ബാധ മൃഗങ്ങള്‍ക്കുണ്ടാകാനുള സാധ്യത കുറവാണ്. ഇതുസംബന്ധിച്ച് നിലവില്‍ ആശങ്കയ്ക്കു കാരണമില്ല. അതോടൊപ്പം തന്നെ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ള എല്ലാ മുന്‍കരുതലും കര്‍ശനമായി നടപ്പാക്കുകയും വേണം.       വളര്‍ത്തുമൃഗങ്ങളുടെ ഭക്ഷണസാധനങ്ങള്‍ എത്തിക്കുന്നതിന് അടിയന്തര ഇടപെടല്‍ നടത്തുമെന്ന് എംഎല്‍എ പറഞ്ഞു. കച്ചി എത്തിക്കുന്നതിന് തമിഴ്‌നാട്ടില്‍ നിന്നും ക്രമീകരണമുണ്ടാക്കണമെന്ന് അഭ്യര്‍ഥിച്ച് മുഖ്യമന്ത്രിക്ക് കത്തു നല്‍കും.   യോഗത്തില്‍ എംഎല്‍എയ്ക്കു പുറമേ ഡോ.സി.എ അനീസ്, ഡോ.സിസിലി അന്ന ബേസില്‍, ഡോ.സജിത.എസ്.പിള്ള തുടങ്ങിയവര്‍ പങ്കെടുത്തു. 

വളര്‍ത്തുമൃഗങ്ങള്‍ക്ക് ചികിത്സ ആവശ്യമുള്ളവര്‍ പഞ്ചായത്ത് തലത്തിലുള്ള വെറ്ററിനറി ആശുപത്രിയിലെ ഡോക്ടര്‍മാരുമായി ഫോണില്‍ ബന്ധപ്പെടണം. അടിയന്തര സാഹചര്യത്തില്‍ സേവനത്തിന്  9497595113 എന്ന നമ്പരില്‍ ബന്ധപ്പെടണം. എംഎല്‍എ ഓഫീസ് 04682343330, 8848783504, 9567118751, 9847788377.