ജില്ലയില്‍ നാലു പേര്‍ക്കു കൂടി കൊറോണ ബാധ സ്ഥിരീകരിച്ചു

post

കണ്ണൂര്‍ : ജില്ലയില്‍ നാലു പേര്‍ക്കു കൂടി ഇന്നലെ (ഏപ്രില്‍ 14) കൊറോണ സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ ടി വി സുഭാഷ് അറിയിച്ചു. ഇവരില്‍ മൂര്യാട് സ്വദേശികളായ മൂന്നു പേര്‍ ദുബൈയില്‍ നിന്നെത്തിയവരാണ്. ചെറുവാഞ്ചേരി ചീരാറ്റ സ്വദേശിയായ സ്ത്രീക്ക് സമ്പര്‍ക്കം വഴിയാണ് രോഗബാധയുണ്ടായത്.

മൂര്യാട് സ്വദേശികളില്‍ 29കാരന്‍ മാര്‍ച്ച് 19ന് കരിപ്പൂര്‍ വഴിയും 35ഉം 26ഉം പ്രായമുള്ള മറ്റു രണ്ടുപേര്‍ മാര്‍ച്ച് 21ന് ബെംഗളൂരു വഴിയും നാട്ടിലെത്തി. 33കാരിയാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതയായ ചിറ്റാരിപ്പറമ്പ് ചീരാറ്റ സ്വദേശി. നാലു പേരും ഏപ്രില്‍ 11ന് അഞ്ചരക്കണ്ടി കോവിഡ് ആശുപത്രിയിലാണ് സ്രവ പരിശോധനയ്ക്ക് വിധേയരായത്.

ഇതോടെ ജില്ലയില്‍ കൊറോണ ബാധിതരുടെ എണ്ണം 79 ആയി. ഇവരില്‍ 38 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. ജില്ലയില്‍ 7758 പേര്‍ കൊറോണ സംശയിച്ച് നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്. 58 പേര്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലും 14 പേര്‍ കണ്ണൂര്‍ ജില്ലാ ആശുപത്രിയിലും 8 പേര്‍ തലശ്ശേരി ജനറല്‍ ആശുപത്രിയിലും 34 പേര്‍ അഞ്ചരക്കണ്ടി ജില്ലാ കോവിഡ്-19 ചികിത്സാ കേന്ദ്രത്തിലും 7644 പേര്‍ വീടുകളിലുമാണ് നിരീക്ഷണത്തിലുള്ളത്. ഇതുവരെയായി ജില്ലയില്‍ നിന്നും 1443 സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചതില്‍ 1148 എണ്ണത്തിന്റെ ഫലം ലഭ്യമായി. 295 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.