രോഗപ്രതിരോധ കുത്തിവയ്പുകള്‍ ബുധനാഴ്ച മുതല്‍

post

പത്തനംതിട്ട : കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നിര്‍ത്തിവച്ചിരുന്ന കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കുമുള്ള രോഗപ്രതിരോധ കുത്തിവയ്പ് ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ആരോഗ്യ സ്ഥാപനങ്ങളിലും നാളെ തുടങ്ങുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എ.എല്‍.ഷീജ അറിയിച്ചു. പത്തനംതിട്ട ജനറല്‍ ആശുപത്രി കോവിഡ് ആശുപത്രിയായി പ്രവര്‍ത്തിക്കുന്നതിനാല്‍ പകരം കുമ്പഴയിലുള്ള അര്‍ബന്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലായിരിക്കും കുത്തിവയ്പ് നടത്തുക. ജില്ലയിലെ മറ്റ് പി.എച്ച്.സികള്‍, സി.എച്ച്.സികള്‍, താലൂക്ക് ആശുപത്രികള്‍, അടൂര്‍ ജനറല്‍ ആശുപത്രി, കോഴഞ്ചേരി ജില്ലാ ആശുപത്രി എന്നിവിടങ്ങളില്‍ നാളെ വാക്സിന്‍ വിതരണം തുടങ്ങും. സബ്സെന്ററുകളില്‍ നടക്കുന്ന പ്രോഗ്രാമുകള്‍ അതത് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ നിന്നും അറിയാം. 

കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായ സാമൂഹിക അകലം പാലിക്കല്‍ അടക്കമുള്ള മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടായിരിക്കണം കുത്തിവയ്പ് നടത്തേണ്ടതെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു