കാന്‍സര്‍ രോഗിക്ക് മരുന്നെത്തിച്ച് നാട്ടുകാരനായ സി.ഐ

post

തൃശൂര്‍:  പ്രവാസിയായ വയോധികന് കാന്‍സറിനുള്ള മരുന്ന് എത്തിച്ച് നല്‍കിയത് നാട്ടുകാരനായ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍. വടക്കേക്കാട് സിഐയും എറവ് ആറാംകല്ല് സ്വദേശിയുമായ എം സുരേന്ദ്രനാണ് അരിമ്പൂര്‍ സ്വദേശി പ്രകാശന് (60) ജീവന്‍ രക്ഷാ മരുന്നെത്തിച്ച് നല്‍കിയത്. പ്രകാശന് കാന്‍സര്‍ രോഗം പിടിപെട്ടതിനെ തുടര്‍ന്ന് എറണാകുളം അമൃത ആശുപത്രിയിലായിരുന്നു ചികിത്സ. ഒരു മാസം മരുന്നിന്ന് 86000 രൂപ ചിലവ് വരും. മുംബൈയിലുള്ള മരുന്ന് കമ്പനി ഇദ്ദേഹത്തിന്റെ സാമ്പത്തികാവസ്ഥ കണക്കിലെടുത്ത് എട്ട് മാസത്തോളമായി സൗജന്യമായാണ് കൊറിയര്‍ വഴി മരുന്ന് അയച്ച് നല്‍കിയിരുന്നത്. ലോക് ഡൗണായതോടെ കമ്പനി അടക്കുകയും മരുന്നിന്റെ വരവ് നിലയ്ക്കുകയും ചെയ്തു. പ്രകാശന്റെ വിഷമതകള്‍ കവി രാവുണ്ണിയാണ് സി.ഐ എം.സുരേന്ദ്രന്റെ ശ്രദ്ധയില്‍പ്പെടുത്തുന്നത്. ഒരാഴ്ച്ച മുന്‍പ് കാന്‍സര്‍ രോഗിക്ക് വടക്കേക്കാട് പോലീസ് മരുന്നെത്തിച്ചു നല്‍കിയത് ജില്ലാ പോലീസ് മേധാവി ഫേസ്ബുക്ക് വഴി പങ്കു വെച്ചതാണ് അരിമ്പൂര്‍ സ്വദേശികള്‍ വടക്കേക്കാട് പോലീസിനെ ആശ്രയിക്കാന്‍ കാരണം. സുരേന്ദ്രന്‍ മുംബൈയിലുള്ള മരുന്ന് കമ്പനിയെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. അന്വേഷണത്തിനൊടുവില്‍ ഇദ്ദേഹം കഴിക്കുന്ന കാന്‍സര്‍ മരുന്നിന്റെ ഏക വിതരണക്കാര്‍ എറണാകുളത്ത് ഉണ്ടെന്ന് കണ്ടെത്തി. പക്ഷേ ഇവിടെ നിന്ന് മരുന്ന് കൃത്യമായ വിലക്കേ ലഭിക്കുകയുള്ളൂ. ആറ് സ്ട്രിപ്പുള്ള 86,000 രൂപയുടെ മരുന്നായി മാത്രമേ നല്‍കൂ എന്നും വിതരണക്കാര്‍ പ്രകാശനോട് പറഞ്ഞു. മരുന്ന് തീരുകയും, സാമ്പത്തികമായി ബുദ്ധിമുട്ടിലാവുകയും ചെയ്ത ഇയാള്‍ക്ക് വേണ്ടി അത്യാവശ്യമുള്ള മരുന്നുകള്‍ മാത്രം നല്‍കണമെന്ന് സി.ഐ അഭ്യര്‍ത്ഥിച്ചു. ലോക് ഡൗണ്‍ തീര്‍ന്ന് മരുന്ന് സൗജന്യമായെത്തുന്നത് വരെയുള്ള മരുന്നിന്റെ തുക നല്‍കാന്‍ തയ്യാറായി പുന്നയൂര്‍ക്കുളം സാന്ത്വനം വെല്‍ഫെയര്‍ ജനറല്‍ സെക്രട്ടറി അലി വടക്കേക്കാട് സ്റ്റേഷനില്‍ എത്തുകയും ചെയ്തു. മരുന്ന് വിതരണക്കാരും ഒരു ഭാഗം പൈസ ഒഴിവാക്കി നല്‍കി. എറണാകുളം വിജിലന്‍സിലെ പോലീസുകാരനാണ് ദൗത്യം ഏറ്റെടുത്ത് കമ്പനിയില്‍ പോയി മരുന്ന് വാങ്ങി വടക്കേക്കാട് സ്റ്റേഷനില്‍ എത്തിച്ചത്. പ്രകാശന്റെ സഹോദരി പുത്രന്‍ പ്രജീഷ് സി.ഐ സുരേന്ദ്രനില്‍ നിന്ന് മരുന്ന് ഏറ്റുവാങ്ങി വീട്ടിലെത്തിച്ചു. പോലീസിന്റെ സല്‍പ്രവൃത്തിക്ക് നന്ദി പറയാനും പ്രകാശന്‍ മറന്നില്ല.