ലോക്ക് ഡൗണിലും പഠനം മുടക്കാതെ എന്‍ ഐ പി എം ആറിലെ കുട്ടികള്‍

post

തൃശൂര്‍ : ഭിന്നശേഷിക്കാരായ കുട്ടികളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന ഇരിങ്ങാലക്കുട കല്ലേറ്റും കരയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന്‍ ആന്റ് റീഹാബിലിറ്റേഷന്‍ സെന്ററിലെ കുട്ടികള്‍ക്ക് ലോക്ക് ഡൗണ്‍ കാലത്തും പഠനം മുടങ്ങുന്നില്ല. ഇവര്‍ക്കായുള്ള സ്‌പെഷ്യല്‍ സ്‌കൂള്‍ ലോക്ക് ഡൗണില്‍ അടച്ചതോടെ ഭിന്നശേഷി കുട്ടികള്‍ക്കായി ഓണ്‍ലൈനിലൂടെ ക്ലാസ്സ് നടത്തി മാതൃകയാവുകയാണ് സാമൂഹ്യ നീതി വകുപ്പിന് കീഴില്‍ വരുന്ന ഈ സ്ഥാപനം. സെറിബ്രല്‍ പാള്‍സി ബാധിച്ച കുട്ടികള്‍ക്കാണ് ഓണ്‍ലൈന്‍ ക്ലാസ്സിലൂടെയുള്ള പരിശീലനം നല്‍കുന്നത്. സ്‌പെഷ്യല്‍ സ്‌കൂളിലെ അധ്യാപകരുടെ നിര്‍ദ്ദേശ പ്രകാരം മാതാപിതാക്കളുടെ സഹായത്തോടെയാണ് കുട്ടികള്‍ ഓരോ കാര്യങ്ങള്‍ ചെയ്യുന്നത്.

ദൈനംദിന കാര്യങ്ങള്‍ ചെയ്യുന്നതിന് കുട്ടികളെ പ്രാപ്തരാക്കാന്‍ വേണ്ടിയുള്ള പരിശീലനങ്ങളാണ് നല്‍കിവരുന്നത്. ബ്രഷ് പിടിക്കുക, പേന പിടിക്കുക, പയര്‍ മണി പെറുക്കുക തുടങ്ങിയ സൂക്ഷ്മ ചലനം ആവശ്യം അവരുന്ന പ്രവര്‍ത്തികള്‍ വീട്ടില്‍ ഇരുന്നുകൊണ്ട് കുട്ടികളെക്കൊണ്ട് ചെയ്യിക്കുന്നു. ഇതിനായുള്ള ശ്രമങ്ങളാണ് ക്ലാസ്സിലൂടെ നടക്കുന്നത്.

സ്‌പെഷ്യല്‍ സ്‌കൂള്‍ അധ്യാപകരുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് രക്ഷിതാക്കള്‍ വിത്ത് പാകുക, കള പറിക്കുക, ചെടി നനയ്ക്കുക, പച്ചക്കറികള്‍ തരം തിരിക്കുക, പയറു മണി പെറുക്കുക എന്നിങ്ങനെ വീട്ടില്‍ ലഭ്യമാകുന്ന വസ്തുക്കള്‍ ഉപയോഗിച്ചുകൊണ്ടുള്ള പ്രവര്‍ത്തനത്തില്‍ കുട്ടികളെ ഏര്‍പ്പെടുത്തുന്നു. ഇതിലൂടെ കുട്ടികളുടെ കഴിവുകള്‍ വികസിക്കുക മാത്രമല്ല ലോക് ഡൗണ്‍ മൂലമുള്ള മാനസിക പിരിമുറുക്കത്തില്‍ നിന്നും അവരെ രക്ഷിക്കാനും സാധിക്കുന്നു. സെറിബ്രല്‍ പാള്‍സി ബാധിച്ച 29 കുട്ടികളാണ് സ്‌പെഷ്യല്‍ സ്‌കൂളില്‍ പഠിക്കുന്നത്. അഞ്ചു അധ്യാപകരടങ്ങുന്ന സംഘമാണ് ഈ വിഭാഗത്തിലെ കുട്ടികള്‍ക്ക് വേണ്ട പരിശീലനം നല്‍കുന്നത്. രാവിലെ 10 മുതല്‍ ഉച്ചക്ക് 3 വരെയാണ് കുട്ടികള്‍ക്കായുള്ള ക്ലാസ്സ്. ലോക്ക് ഡൗണില്‍ സാധാരണ ക്ലാസ്സ് നടത്തിക്കൊണ്ടുപോകാന്‍ കഴിയാത്ത സാഹചര്യത്തിലാണ് ഓണ്‍ലൈന്‍ ക്ലാസ്സെടുക്കാം എന്ന തീരുമാനത്തിലേക്കെത്തിയതെന്ന് എന്‍ ഐ പി എം ആര്‍ ജോയിന്റ് ഡയറക്ടര്‍ സി ചന്ദ്രബാബു പറഞ്ഞു. വീട്ടില്‍ ഇരിക്കുന്ന സമയത്തെ മാനസിക ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാനായി ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കുമായി ടെലി കൗണ്‍സിലിംഗ് സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.