11 പേര്‍ക്കുകൂടി കോവിഡ്, ഒരാള്‍ക്ക് രോഗമുക്തി

post

* നിലവില്‍ 127 പേര്‍ ചികിത്സയില്‍

തിരുവനന്തപുരം  : സംസ്ഥാനത്ത് ബുധനാഴ്ച 11 പേര്‍ക്ക് കോവിഡ്19 രോഗബാധ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. കണ്ണൂരില്‍ ഏഴ്, കോഴിക്കോട്ട് രണ്ട്, കോട്ടയം, മലപ്പുറം ജില്ലകളില്‍ ഒന്നുവീതം എന്നിങ്ങനെയാണ് ഫലം പോസിറ്റീവായത്. പാലക്കാടുള്ള ഒരാളുടെ പരിശോധനാഫലമാണ് ബുധനാഴ്ച നെഗറ്റീവായി. ഇതുവരെ 437 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 127 പേര്‍ ഇപ്പോള്‍ ചികിത്സയിലാണ്.

28,804 പേര്‍ വീടുകളിലും 346 പേര്‍ ആശുപത്രികളിലുമായി സംസ്ഥാനത്ത് 29,150 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്്. ബുധനാഴ്ചമാത്രം 95 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 20,821 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 19,998 എണ്ണം രോഗബാധയില്ല എന്നുറപ്പാക്കിയിട്ടുണ്ട്.

പോസിറ്റീവായ 11 കേസുകളില്‍ മൂന്നെണ്ണം സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചതാണ്. അഞ്ചുപേരാണ് വിദേശത്തുനിന്ന് വന്നവര്‍. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ രണ്ട് ഹൗസ് സര്‍ജന്‍മാര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ ഒരാള്‍ കണ്ണൂര്‍ സ്വദേശിയാണ്. അവര്‍ ഇരുവരും കേരളത്തിനു പുറത്തുനിന്ന് ട്രെയിനില്‍ വന്നവരാണെന്നും മുഖ്യമന്ത്രി പറഞ്ഞു.