അയ്യപ്പന് നൃത്തച്ചുവടുകളാല്‍ കാണിക്ക

post

പത്തനംതിട്ട : അയ്യപ്പന് നൃത്തച്ചുവടുകളാല്‍ കാണിക്ക നേര്‍ന്ന് ഒരുകൂട്ടം യുവനര്‍ത്തകര്‍. തിരുവനന്തപുരം നടരാജാ ഡാന്‍സ് അക്കാദമിയുടെ ആഭിമുഖ്യത്തിലാണ് സന്നിദാനം വലിയനടപ്പന്തലിലെ മണ്ഡപത്തില്‍ ഭരതനാട്യകച്ചേരി അരങ്ങേറിയത്. നൃത്താചാര്യന്‍ പട്ടം ജി. സനല്‍കുമാറിന്റെ നേതൃത്വത്തിലായിരുന്നു ഭരനാട്യകച്ചേരി. ഗണപതി സ്തുതിയോടെ ആരംഭിച്ച നൃത്തംകാണാന്‍ തീര്‍ത്ഥാടകര്‍ നിറഞ്ഞു. തുടര്‍ന്ന് ഖരഹരപ്രിയ രാഗത്തില്‍ ചിട്ടപ്പെടുത്തിയ അപ്പതവതരിപ്പിച്ച കഥാമൃതം അവതരിപ്പിച്ചു. അയ്യപ്പന്റെ ജനനം മുതല്‍ ശബരിമലയില്‍ എത്തുന്നത് വരെയുള്ള സന്ദര്‍ഭങ്ങളാണ് നൃത്തരൂപത്തില്‍ അവതരിപ്പിച്ചത്. ശേഷം ശരണമയ്യപ്പാ എന്ന കീര്‍ത്തനവും അരങ്ങേറി. തുടര്‍ന്ന് മംഗളത്തോടെ ഭരതനാട്യകച്ചേരിക്ക് സമാപനമായി. കേരളാസര്‍വകലാശാല കലോല്‍സവത്തിലും അന്തര്‍സര്‍വകലാശാല യുവജനോല്‍സവത്തിലും പ്രതിഭകളായ ഒരുകൂട്ടം നര്‍ത്തകരായിരുന്നു വേദിയില്‍. നന്ദകിശോര്‍, നന്ദകേശവ്, രാംദാസ്, അരുള്‍ശങ്കര്‍, വിഷ്ണുറാം, ഉണ്ണികൃഷ്ണന്‍, അനീഷ്, അച്ചു എന്നിവരായിരുന്നു നര്‍ത്തകര്‍. നട്ടുവാങ്കത്തില്‍ പാട്ടം ജി. സനല്‍കുമാറും വോക്കലില്‍ ഉടുപ്പിശ്രീനാഥും മൃദംഗത്തില്‍ വൈപ്പിന്‍ സതീഷും ഓടക്കുഴലില്‍ ട്രിവാന്‍ഡ്രം ശ്രീകുമാറും പക്കമേളമൊരുക്കി. ബുധനാഴ്ച രാത്രി 7ന് പ്രമുഖ താളവാദ്യവിദഗ്ധന്‍ ശിവമണി മണ്ഡപത്തില്‍ വാദ്യാവതരണം നടത്തും