സന്നദ്ധ സേനയിൽ മൂന്നു ലക്ഷം വോളന്റിയർമാർ

post

തിരുവനന്തപുരം : സംസ്ഥാന സർക്കാർ രൂപീകരിച്ച സന്നദ്ധ സേനയിലേക്കുള്ള വോളന്റിയർ രജിസ്ട്രേഷൻ മൂന്നു ലക്ഷം പിന്നിട്ടു. നിലവിലെ കണക്കനുസരിച്ച് 3,25,785 വോളന്റിയർമാർ സാമൂഹിക സന്നദ്ധ സേനയിൽ രജിസ്‌ട്രേഷൻ പൂർത്തിയാക്കിയിട്ടുണ്ട്. ഇതിൽ 2,61,785 പുരുഷൻമാരും , 63947  സ്ത്രീകളും , 53 ഭിന്ന ലിംഗക്കാരും ഉൾപ്പെടുന്നു. ഇതുവരെ രജിസ്റ്റർ ചെയ്തവരിൽ 2,53,674 പേർ 20നും 40 നും ഇടയിൽ പ്രായമുള്ളവരാണ്.

നിലവിൽ 25,434 കുടുംബശ്രീ പ്രവർത്തകരും, യുവജന കമ്മീഷന്റെ ഭാഗമായ 11,340 അംഗങ്ങളും, 10,150 NSS വോളന്റീയർമാരും, യുവജനക്ഷേമ ബോർഡിൽ നിന്നുമുള്ള 6,325 അംഗങ്ങളും, 5250 NCC കേഡറ്റുകളും, 3,422 Ex-Ncc കേഡറ്റുകളും  സന്നദ്ധ സേനയുടെ ഭാഗമായിട്ടുണ്ട്.

വിവര സാങ്കേതിക മേഖലയിൽ പ്രവർത്തിക്കുന്നവർ, ആരോഗ്യ പ്രവർത്തകർ, എഞ്ചിനീയർമാർ, കായികതാരങ്ങൾ, ഓട്ടോറിക്ഷ ഡ്രൈവർമാർ,വിദ്യാർഥികൾ തുടങ്ങി സമൂഹത്തിലെ വിവിധ മേഖലകളിലുള്ളവർ സന്നദ്ധ സേനയുടെ ഭാഗമായി പ്രവർത്തിക്കുന്നുണ്ട്.

മരുന്നുവിതരണം, അവശ്യസാധനങ്ങളുടെ ഹോം ഡെലിവറി,സാമൂഹിക അടുക്കള, രക്തദാനം, വിത്ത് വിതരണം ഉൾപ്പടെയുള്ള മേഖലകളിലാണ് നിലവിൽ ഇവർ പ്രവർത്തിച്ചുവരുന്നത്.

കേരളം അപ്രതീക്ഷിതമായി നേരിടേണ്ടി വരുന്ന പ്രകൃതിദുരന്തങ്ങൾ ഉൾപ്പെടെയുള്ള പ്രതിസന്ധിഘട്ടങ്ങളിൽ ദുരന്തനിവാരണ രംഗത്ത് സേവന സന്നദ്ധരായെത്തുന്ന ഒരു സേനയെ വാർത്തെടുക്കുക എന്നതാണ് സന്നദ്ധ സേനയിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്.

സംസ്ഥാനത്ത് 100 പേർക്ക് ഒരു സന്നദ്ധ സേന വോളണ്ടിയർ എന്ന തോതിലാണ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. സന്നദ്ധ സേനാ അംഗങ്ങൾക്ക് പ്രാവീണ്യമുള്ള മേഖലകൾക്ക് അനുസരിച്ച് അവരുടെ സേവനം പുനക്രമീകരിക്കുന്നതായിരിക്കും. ജില്ലാതലത്തിൽ ആയിരിക്കും സാമൂഹിക സന്നദ്ധ സേന വോളന്റിയർമാർക്ക് പരിശീലനം ലഭ്യമാക്കുക.

സന്നദ്ധ സേനയുടെ പ്രവർത്തനങ്ങൾ  ഏകോപിപ്പിക്കുന്നതിനായി മുഴുവൻ സമയവും പ്രവർത്തിക്കുന്ന കണ്ട്രോൾ റൂം അനർട്ട്, ഐറ്റി മിഷൻ എന്നിവരുടെ സഹകരണത്തോടെ സജ്ജീകരിച്ചിരുട്ടുണ്ട്. 16നും 65നും മധ്യേ പ്രായമുള്ള സന്നദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ ശാരീരികക്ഷമത ഉള്ള ഏതൊരാൾക്കും സന്നദ്ധ സേനയിൽ അംഗമാകാം. www.sannadhasena.kerala.gov.in എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായാണ് രജിസ്ട്രേഷൻ നടപടികൾ പൂർത്തീകരിക്കേണ്ടത്.