പെന്‍ഷന്‍ തുക ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി മുന്‍ അസിസ്റ്റന്റ് ജില്ലാ ട്രഷറി ഓഫീസര്‍

post

പത്തനംതിട്ട: ''സര്‍ക്കാര്‍ തരുന്നതാണ് എന്റെ അന്നം. എന്നെയും എന്റെ കുടുംബത്തേയും ഇപ്പോഴും സംരക്ഷിക്കുന്നതും സര്‍ക്കാര്‍തന്നെ. ലോകം മുഴുവന്‍ കോവിഡ് ഭീതിയിലായ ഈ അവസരത്തില്‍ സര്‍ക്കാരിനൊപ്പം നില്‍ക്കേണ്ടത് ഓരോ വ്യക്തിയുടേയും കടമയാണ്. 20 വയസില്‍ സര്‍ക്കാര്‍ സര്‍വീസില്‍  കയറിയ എനിക്കിപ്പോള്‍ 74 വയസായി. എന്റെ ഓര്‍മ്മയില്‍തന്നെ രണ്ട് തവണമാത്രമേ സര്‍ക്കാര്‍ ഉദ്യോഗസ്ഥരോട് സഹായം ആവശ്യപ്പെട്ടിട്ടുള്ളൂ. അത് നല്‍കുന്നതില്‍ എനിക്ക് വളരെ സന്തോഷമേ ഉള്ളൂ..''- ഈ വാക്കുകള്‍ ഒരു റിട്ടയേര്‍ഡ് അസിസ്റ്റന്റ് ജില്ലാ ട്രഷറി ഓഫീസറുടേതാണ്. 

ഇലന്തൂര്‍ ഇടപരിയാരം മിനിശ്രീയില്‍ പരേതനായ പി. എന്‍. സുധാകരന്റെ ഭാര്യയായ പി. എന്‍. പത്മിനിയുടെ വാക്കുകളാണ് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുന്നവര്‍ക്ക് പ്രചോദനമാകുന്നത്. പത്മിനി എന്ന ഈ അമ്മയുടെ വാക്കുകളില്‍ സര്‍ക്കാരെന്നാല്‍ കൊടിയുടെ നിറമില്ലാത്ത നമ്മുടെ സര്‍ക്കാരാണ്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരെക്കാള്‍ ജീവിത നിലവാരത്തില്‍ എത്രയോ പിന്നില്‍ കഴിയുന്നവര്‍ക്കായി തങ്ങളുടെ ഒരു മാസത്തെ ശമ്പളം വിട്ടുകൊടുക്കാന്‍ കഴിയുന്നവരാണ് ഉദ്യോഗസ്ഥര്‍. തന്നാലാകുന്നത് ഞാന്‍ ചെയ്യുന്നു. തന്റെ ഒരു മാസത്തെ പെന്‍ഷന്‍ തുകയായ 30,000 രൂപയുടെ ചെക്ക് പത്തനംതിട്ട ജില്ലാ ട്രഷറി ഓഫീസര്‍ പ്രസാദ് മാത്യുവിന് കൈമാറി പത്മിനി ഇതു പറയുമ്പോള്‍ നിറഞ്ഞ സന്തോഷം ആ മുഖത്ത് വ്യക്തമായിരുന്നു.  പ്രളയകാലത്തും 30,000 രൂപ ദുരിതാശ്വാസ നിധിയിലേയ്ക്ക് പത്മിനി സംഭാവന ചെയ്തിരുന്നു.

ഈ ദുരന്തകാലത്ത് പൊതുജനം അനാവശ്യമായ യാത്രകള്‍ നിയന്ത്രിച്ച് അവരവരെതന്നെ നിയന്ത്രിച്ചാല്‍ മറ്റുള്ള ഉദ്യോഗസ്ഥര്‍ക്ക് അവരുടെ ജോലി  എളുപ്പമാകുമെന്നും ലോക്ക് ഡൗണിലായതിനുശേഷം ട്രഷറി ആവശ്യത്തിനായി മാത്രമാണ് താന്‍ ടൗണ്‍വരെ എത്തിയതെന്നും വ്യക്തമാക്കി മാതൃകയാകുകയാണ് ഈ മുന്‍ ഉദ്യോഗസ്ഥ.